കൊൽക്കത്ത: ഈഡനിൽ സുനിൽ നരെയ്നും ഫിൽ സാൾട്ടും കത്തിക്കയറിയപ്പോൾ, കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന് വമ്പൻ സ്കോർ. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 261 റൺസെടുത്തു.
നരെയ്ന്‍റെയും സാൾട്ടിന്‍റെയും വെടിക്കെട്ട് അർധ സെഞ്ച്വറിയാണ് കൊൽക്കത്തയെ വമ്പൻ സ്കോറിലെത്തിച്ചത്. ടീം സ്കോർ 23 പന്തിൽ 50 കടത്തിയ ഇരുവരും ഒന്നാം വിക്കറ്റിൽ 10.2 ഓവറിൽ 138 റൺസാണ് അടിച്ചെടുത്തത്. പഞ്ചാബ് ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ച ഇരുവരും പവർ പ്ലേയിൽ മാത്രം നേടിയത് 76 റൺസാണ്. സാൾട്ട് 37 പന്തിൽ ആറു സിക്സും ആറു ഫോറുമടക്കം 75 റൺസെടുത്ത് പുറത്തായി. നരെയ്ൻ 32 പന്തിൽ 71 റൺസെടുത്തു. നാലു സിക്സുകളും ഒമ്പത് ഫോറുമടങ്ങുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്.
നരെയ്നെ ബെയർസ്റ്റോയുടെ കൈകളിലെത്തിച്ച് രാഹുൽ ചഹറാണ് പഞ്ചാബിന് ആദ്യ ബ്രേക്ക് ത്രൂ നൽകിയത്. പിന്നാലെ സാൾട്ടിനെ സാം കറൻ ബൗൾഡാക്കി. അപ്പോഴേക്കും ടീം 12.3 ഓവറിൽ 163ൽ എത്തി. ഒരുഘട്ടത്തിൽ ടീമിന്‍റെ പ്രൊജക്ട് സ്കോർ 300 വരെ എത്തിയിരുന്നു. 23 പന്തിൽ 39 റൺസെടുത്ത് വെങ്കടേഷ് അയ്യരും തിളങ്ങി. ആന്ദ്രെ റസ്സൽ (12 പന്തിൽ 24), നായകൻ ശ്രേയസ് അയ്യർ (10 പന്തിൽ 28), റിങ്കു സിങ് (നാലു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ആറു റൺസുമായി രമൺദീപ് സിങ് പുറത്താകാതെ നിന്നു. പഞ്ചാബിനായി അർഷ്ദീപ് സിങ് രണ്ടു വിക്കറ്റ് വീഴ്ത്തി. സാം കറൻ, രാഹുൽ ചഹൽ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.