മുംബൈ: ഐ.പി.എൽ 2024 സീസൺ ഫോട്ടോ ഫിനിഷിലേക്ക് കടക്കവെ, രണ്ടു ടീമുകൾ മാത്രമാണ് ഇതിനകം പ്ലേ ഓഫ് ഉറപ്പിച്ചത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സും മലയാളി താരം സഞ്ജു സാംസണിന്‍റെ രാജസ്ഥാൻ റോയൽസും.
ബാക്കിയുള്ള രണ്ടു ഒഴിവിലേക്ക് അഞ്ചു ടീമുകൾക്കാണ് സാധ്യതയുള്ളത് -സൺ റൈസേഴ്സ് ഹൈദരാബാദ്, ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബംഗളൂരു, ഡൽഹി കാപിറ്റൽസ്, ലഖ്നോ സൂപ്പർ ജയന്‍റ്സ് ടീമുകൾ. ഹൈദരാബാദിനൊഴികെ ബാക്കിയുള്ള നാലു ടീമുകൾക്കും ഓരോ മത്സരമാണ് ഇനിയുള്ളത്. അതുകൊണ്ടു തന്നെ അവസാന നാലിലെ രണ്ടുപേരെ തീരുമാനിക്കുന്നതിൽ നെറ്റ് റൺ റേറ്റിന് നിർണായക റോളുണ്ടാകും.
പ്ലേ ഓഫിന് കൂടുതൽ സാധ്യത കൽപിക്കപ്പെടുന്ന ടീമുകളിലൊന്ന് ഹൈദരാബാദാണ്. ഐ.പി.എൽ 2024ന്‍റെ ഔദ്യോഗിക സംപ്രേക്ഷകരായ സ്റ്റാർ സ്പോർട്സ് 87.3 ശതമാനാണ് ടീമിന് സാധ്യത നൽകുന്നത്. ഹൈദരാബാദിനു മാത്രമാണ് ലീഗിൽ ഇനി രണ്ടു മത്സരങ്ങളുള്ളത്. ഗുജറാത്ത് ടൈറ്റൻസുമായും പഞ്ചാബ് കിങ്സുമായും. നിലവിൽ 14 പോയന്‍റുള്ള ടീമിന് ഒരു മത്സരം ജയിച്ചാൽ പോലും പ്ലേ ഓഫിലെത്താനാകും. രണ്ടു മത്സരങ്ങളും തോൽക്കുകയാണെങ്കിൽ റൺ റേറ്റാണ് മുന്നോട്ടുള്ള കാര്യങ്ങൾ തീരുമാനിക്കുക. ചെന്നൈ ബംഗളൂരുവിനെ തോൽപിക്കുകയും ഹൈദരാബാദ് രണ്ടു മത്സരങ്ങളും തോൽക്കുകയും ചെയ്താലും മികച്ച റൺ റേറ്റുള്ള പാറ്റ് കമ്മിൻസിനും സംഘത്തിനും പ്ലേ ഓഫിലെത്താനാകും.
ചെന്നൈയാണ് സാധ്യതയിൽ രണ്ടാമതുള്ള ടീം. 72.7 ശതമാനം സാധ്യതയാണ് സ്റ്റാർ സ്പോർട്സ് പറയുന്നത്. നിലവിൽ 13 മത്സരങ്ങളിൽനിന്ന് 14 പോയന്‍റുള്ള ചെന്നൈക്ക് ബംഗളൂരുവിനെതിരായ അവസാന ലീഗ് മത്സരം ജയിച്ചാൽ അനായാസം അവസാന നാലിലെത്താനാകും. കുറഞ്ഞ മാർജിനിൽ തോറ്റാലും മികച്ച റൺ റേറ്റുള്ള ചെന്നൈക്ക് പ്ലേ ഓഫിലെത്താനാകും. ഹൈദരാബാദ് ഇനിയുള്ള രണ്ടു മത്സരങ്ങളും തോറ്റാലും ചെന്നൈക്ക് നാലിലെത്താനാകും. ബംഗളൂരുവിന് ചെന്നൈക്കെതിരായ മത്സരം ജയിച്ചാൽ മാത്രം പോരാ, റൺ റേറ്റിലും മറ്റു ടീമുകളേക്കാൾ മുന്നിലെത്തണം.
നിലവിൽ +0.387 ആണ് ടീമിന്‍റെ റൺ റേറ്റ്. അതിനാൽ ചെന്നൈ-ബംഗളൂരു മത്സരം അതി നിർണായകമാണ്. ഡൽഹിക്കും ലഖ്നോവിനും പ്ലേ ഓഫിലെത്താൻ വിദൂര സാധ്യത മാത്രമാണുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.