സീസണിലെ ആദ്യ സെഞ്ച്വറിയുമായി വിരാട് കോഹ്‍ലി തിളങ്ങിയിട്ടും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെ സ്വന്തം തട്ടകത്തിൽ തോൽപിച്ചുവിട്ട് രാജസ്ഥാൻ റോയൽസ്. 67 പന്തുകളിൽ നാല് സിക്സറും 12 ഫോറുമടക്കം 113 റൺസായിരുന്നു കോഹ്‍ലി നേടിയത്. എന്നാൽ, ആർ.സി.ബി ഉയർത്തിയ 183 റണ്‍സ് വിജയലക്ഷ്യം അഞ്ച് പന്ത് ബാക്കിനില്‍ക്കേ നാല് മാത്രം വിക്കറ്റ് നഷ്ടത്തില്‍ രാജസ്ഥാന്‍ മറികടക്കുകയായിരുന്നു.
കഴിഞ്ഞ സീസണിൽ ബംഗളൂരുവിനോട് സഞ്ജുവും സംഘവും ഏറ്റുവാങ്ങിയ 112 റൺസിന്റെ വമ്പൻ തോൽവിക്കുള്ള മറുപടി കൂടിയായി ജയ്പൂരിലെ വിജയം. നായകനായ സഞ്ജും ജോസ് ബട്ലറും നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങായിരുന്നു രാജസ്ഥാന് തുണയായത്. കോഹ്‍ലിക്ക് മറുപടിയായി ബട്ലറും ഇന്ന് ശതകം തികച്ചിരുന്നു. 58 പന്തുകളിൽ ഒമ്പത് ഫോറുകളും നാല് സിക്സറുകളും താരം പറത്തി. 42 പന്തുകളിൽ 69 റൺസ് നേടിയ സഞ്ജു എട്ട് ഫോറുകളും രണ്ട് സിക്സും പറത്തി.
നേരത്തെ ടോസ് നഷ്ടമായി ആദ്യം ബാറ്റെടുത്ത ബംഗളൂരു 20 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. കോഹ്ലിക്ക് പുറമേ ക്യാപ്റ്റൻ ഫാഫ് ഡുപ്ലെസിക്ക് (44) മാത്രമാണ് ബംഗളൂരു നിരയിൽ മികവ് കാട്ടാനായത്. ഒരു റൺസ് മാത്രമെടുത്ത് ഗ്ലെൻ മാക്സ്വെൽ ഇത്തവണയും ആരാധകരെ നിരാശരാക്കി. സൗരവ് ചവാൻ ഒമ്പത് റൺസെടുത്തു. കാമറോൺ ഗ്രീൻ അഞ്ച് റൺസെടുത്ത് പുറത്താകാതെ നിന്നു. രാജസ്ഥാന് വേണ്ടി യുസ്വേന്ദ്ര ചാഹൽ രണ്ടു വിക്കറ്റും ബർഗർ ഒരു മെയ്ഡൻ ഓവറോടെ ഒരു വിക്കറ്റും വീഴ്ത്തി.
ഐ.പി.എല്ലിലെ ഏറ്റവും കൂടുതൽ റൺസ് നേടിയവർക്കുള്ള ഓറഞ്ച് കാപ് നിലവിൽ കോഹ്ലിക്കാണ്. ഐ.പി.എല്ലിലെ കോഹ്ലിയുടെ എട്ടാമത് സെഞ്ച്വറിയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.