മെഗാലേലത്തിൽ ടീമുകൾ വാങ്ങിയത് 182 താരങ്ങളെ; മുടക്കിയത് 639.15 കോടി!

മുംബൈ: ഐ.പി.എല്ലിന്റെ അടുത്ത സീസണു വേണ്ടിയുള്ള മെഗാലേലത്തിന് കഴിഞ്ഞ ദിവസം ജിദ്ദയിൽ പരിസമാപ്തിയായി. രണ്ട് ദിവസമായി നടന്ന ലേലത്തിൽ 182 താരങ്ങളെയാണ് പത്ത് ടീമുകൾ സ്വന്തമാക്കിയത്. ഇതിനായി 639.15 കോടി രൂപയാണ് ടീമുകൾ മുടക്കിയത്. ഐ.പി.എൽ ചരിത്രത്തിൽ ആദ്യമായാണ് ലേലത്തിനായി ഫ്രാഞ്ചൈസികൾ ഇത്രയധികം തുക മുടക്കുന്നത്. ഋഷഭ് പന്ത് (ലഖ്നോ -27 കോടി രൂപ), ശ്രേയസ് അയ്യർ (പഞ്ചാബ് -26.75 കോടി), വെങ്കടേഷ് അയ്യർ (കൊൽക്കത്ത -23.75) എന്നിവരാണ് ഇത്തവണ വിലയേറിയ താരങ്ങൾ.

രണ്ടാം ദിനത്തിലെ ലേലത്തിൽ ഇന്ത്യൻ പേസർമാരായിരുന്നു ശ്രദ്ധാകേന്ദ്രം. ഭുവനേശ്വർ കുമാർ (ആർ.സി.ബി -10.75 കോടി), ആകാശ് ദീപ് (ലഖ്നോ -എട്ട് കോടി), ദീപക് ചാഹർ (മുംബൈ -9.25 കോടി), മുകേഷ് കുമാർ (ഡൽഹി -എട്ട് കോടി), തുഷാർ ദേശ്പാണ്ഡെ (രാജസ്ഥാൻ -6.5 കോടി) എന്നിവരാണ് വമ്പൻ തുകക്ക് വിറ്റുപോയത്. മാർക്കോ യാൻസനെ ഏഴ് കോടി രൂപക്ക് പഞ്ചാബ് കിങ്സ് വാങ്ങി. രാജസ്ഥാന്റെ ശക്തമായ ശ്രമം മറികടന്ന് ക്രുനാൽ പാണ്ഡ്യയെ 5.75 കോടിത്ത് റോയൽ ചാലഞ്ചേഴ്സ് ടീമിലെടുത്തു. ഐ.പി.എല്ലിൽ മികച്ച റെക്കോഡുള്ള നിതീഷ് റാണയെ 4.20 കോടി രൂപക്ക് രാജസ്ഥാൻ സ്വന്തമാക്കി.

താരലേലത്തിൽ ഋഷഭ് പന്ത് ഐ.പി.എൽ ചരിത്രത്തിലെ തന്നെ വിലകൂടിയ താരമായി. എക്കാലത്തെയും ഉയർന്ന തുകയായ 27 കോടി രൂപക്ക് ലഖ്നോ സൂപ്പർ ജയന്റ്സാണ് പന്തിനെ സ്വന്തമാക്കിയത്. 25 ലക്ഷം രൂപ മാത്രം കുറവിൽ ശ്രേയസ് അയ്യരെ പഞ്ചാബ് കിങ്സും വിളിച്ചെടുത്തു. 23.75 കോടി രൂപ ലഭിച്ച വെങ്കടേഷ് അയ്യരാണ് ലേലത്തിൽ നേട്ടമുണ്ടാക്കിയ പ്രധാന താരങ്ങളിൽ ഒരാൾ. ആദ്യ റൗണ്ടിൽ പിന്തള്ളപ്പെട്ടു പോയ അജിൻക്യ രഹാനെ (1.5 കോടിക്ക് കൊൽക്കത്തയിൽ), അർജുൻ തെൻഡുൽക്കർ (30 ലക്ഷത്തിന് മുംബൈയിൽ), ദേവ്ദത്ത് പടിക്കൽ (2 കോടിക്ക് ആർ.സി.ബിയിൽ) എന്നിവരുടെ തിരിച്ചുവരവും ശ്രദ്ധേയമായി.

മലയാളി താരങ്ങളിൽ 95 ലക്ഷം രൂപക്ക് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയ വിഷ്ണു വിനോദാണ് കൂടുതൽ വില ലഭിച്ച താരം. സച്ചിൻ ബേബി (30 ലക്ഷത്തിന് സൺറൈസേഴ്സ് ഹൈദരാബാദിൽ), വിഘ്നേഷ് പുത്തൂർ (30 ലക്ഷം - മുംബൈ ഇന്ത്യൻസിൽ) എന്നിവരാണ് ടീമിൽ ഇടം ലഭിച്ച മറ്റു താരങ്ങൾ. ഓൾറൗണ്ടർ അബ്ദുൽ ബാസിത്, പേസ് ബോളർ സന്ദീപ് വാരിയർ, സൽമാൻ നിസാർ എന്നീ മലയാളി താരങ്ങളുടെ പേരുകളും ലേലത്തിനു വന്നെങ്കിലും ആരും വാങ്ങിയില്ല. 13 വയസ് മാത്രം പ്രായമുള്ള ബിഹാറുകാരൻ വൈഭവ് സൂര്യവംശിയെ 1.1 കോടിക്ക് രാജസ്ഥാൻ ടീമിലെത്തിച്ചതും ശ്രദ്ധേയമായി.

യുവതാരങ്ങളിൽ ശ്രദ്ധേയനായ സർഫറാസ് ഖാൻ, ഒരു കാലത്ത് ഇന്ത്യൻ ക്രിക്കറ്റിന്റെ ഭാവി സൂപ്പർതാരമായി വാഴ്ത്തപ്പെട്ടിരുന്ന പൃഥ്വി ഷാ, പഞ്ചാബ് കിങ്സ് ക്യാപ്റ്റനായിരുന്ന മായങ്ക് അഗർവാൾ, ഒരുകാലത്ത് വിലയേറിയ ഓൾറൗണ്ടറായിരുന്ന ഷാർദുൽ ഠാക്കൂർ എന്നിവരെ ആരും വാങ്ങിയില്ല. സൺറൈസേഴ്സ് ഹൈദരാബാദിലൂടെ ജനകീയ താരമായ ആസ്ട്രേലിയക്കാരൻ ഡേവിഡ് വാർണറെയും ഇത്തവണ ആരും വാങ്ങിയില്ല.

Tags:    
News Summary - IPL 2025 Mega Auction: Teams Spend Rs 639.15 Crore On 182 Players

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.