മുള്ളൻപൂര്‍: ഐ.പി.എല്ലിൽ അവസാന ഓവർ വരെ ആവേശം നീണ്ടുനിന്ന മത്സരത്തിൽ പഞ്ചാബ് കിങ്സിനെതിരെ രാജസ്ഥാൻ റോയൽസിന് മൂന്നു വിക്കറ്റ് ജയം. ആദ്യം ബാറ്റ് ചെയ്ത പഞ്ചാബ് കുറിച്ച 148 റൺസ് വിജയലക്ഷ്യം ഒരു പന്തു ബാക്കി നിൽക്കെയാണ് സഞ്ജുവും സംഘവും മറികടന്നത്.
സ്കോർ: പഞ്ചാബ് -20 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 147 റൺസ്. രാജസ്ഥാൻ -19.5 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 152. അവസാന ഓവറുകളിൽ തകർപ്പൻ ബാറ്റിങ് പുറത്തെടുത്ത ഷിംറോൺ ഹെറ്റ്മെയറാണ് കൈവിട്ടുപോകുമെന്ന് കരുതിയ മത്സരം തിരിച്ചുപിടിച്ച് രാജസ്ഥാന് സീസണിലെ അഞ്ചാം ജയം സമ്മാനിച്ചത്. 10 പന്തിൽ 27 റൺസുമായി താരം പുറത്താകാതെ നിന്നു. മൂന്നു സിക്സും ഒരു ഫോറുമടങ്ങുന്നതാണ് ബാറ്റിങ്.
അവസാന ഓവറിൽ ജയിക്കാൻ 10 റൺസാണ് വേണ്ടിയിരുന്നത്. അർഷ്ദീപ് എറിഞ്ഞ ആദ്യ രണ്ടു പന്തുകളിൽ ഹെറ്റ്മെയറിന് റണ്ണൊന്നും എടുക്കാനായില്ല. മൂന്നാമത്തെ പന്ത് സിക്സ് പറത്തി. നാലാമത്തെ പന്തിൽ ഡബ്ൾ. അഞ്ചാമത്തെ പന്ത് വീണ്ടും സിക്സിലേക്ക്. രാജസ്ഥാനായി ഓപ്പണർമാരായ യശസ്വി ജയ്സ്വാളും തനുഷ് കൊട്ടിയാനും ഭേദപ്പെട്ട തുടക്കം നൽകി. ഇരുവരും 8.2 ഓവറിൽ 56 റൺസ് കൂട്ടിച്ചേർത്തു. 31 പന്തിൽ 24 റൺസെടുത്ത കൊട്ടിയാനെ ലിവിങ്സ്റ്റോൺ ബൗൾഡാക്കി. 28 പന്തിൽ 39 റൺസെടുത്ത ജയ്സ്വാൾ കഗിസോ റബാദയുടെ പന്തിൽ ഹർഷൽ പട്ടേലിന് ക്യാച്ച് നൽകി മടങ്ങി.
സഞ്ജു സാംസൺ (14 പന്തിൽ 18), റിയാൻ പരാഗ് (18 പന്തിൽ 23), ധ്രുവ് ജുറേൽ (11 പന്തിൽ ആറ്), റോവ്മാൻ പവൽ (അഞ്ചു പന്തിൽ 11), കേശവ് മഹാരാജ് (രണ്ടു പന്തിൽ ഒന്ന്) എന്നിവരാണ് പുറത്തായ താരങ്ങൾ. ട്രെന്‍റ് ബോൾട്ട് റണ്ണൊന്നും എടുക്കാതെ പുറത്താകാതെ നിന്നു. പഞ്ചാബിനായി റബാദയും സാം കറനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. അർഷ്ദീപ് സിങ്, ലിവിങ്സ്റ്റോൺ, ഹർഷൽ പട്ടേൽ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ രാജസ്ഥാൻ ബൗളർമാർ പിടിച്ചുകെട്ടുകയായിരുന്നു. നാല് ഓവറിൽ 23 റൺസ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ കേശവ് മഹാരാജ്, നാല് ഓവറിൽ 34 റൺസ് വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് വീഴ്ത്തിയ ആവേശ് ഖാൻ എന്നിവരുടെ ബൗളിങ്ങാണ് പഞ്ചാബിനെ ചെറിയ സ്കോറിലൊതുക്കിയത്. ഇംപാക്ട് പ്ലെയറായി ഇറങ്ങി അവസാസ ഓവറുകളിൽ വമ്പനടികളുമായി കളംനിറഞ്ഞ അഷുതോഷ് ശർമയാണ് പഞ്ചാബിന്‍റെ ടോപ് സ്കോറർ. 16 പന്തിൽ മൂന്നു സിക്സും ഒരു ഫോറുമടക്കം 31 റൺസെടുത്താണ് താരം പുറത്തായത്. ട്രെന്‍റ് ബോൾട്ടിന്‍റെ പന്തിൽ കേശവ് മഹാരാജിന് ക്യാച്ച് നൽകിയാണ് താരം മടങ്ങിയത്.
വിക്കറ്റ് കീപ്പർ ജിതേഷ് ശർമ 24 പന്തിൽ 29 റൺസെടുത്തു. അഥർവ ടൈഡെ (12 പന്തിൽ 15), ജോണി ബെയർസ്റ്റോ (19 പന്തിൽ 15), പ്രഭ്സിംറാൻ സിങ് (14 പന്തിൽ 10), നായകൻ സാം കറൻ (10 പന്തിൽ ആറ്), ശശാങ്ക് സിങ് (ഒമ്പത് പന്തിൽ ഒമ്പത്), ലിയാം ലിവിങ്സ്റ്റോൺ (14 പന്തിൽ 21) എന്നിവരാണ് പുറത്തായ താരങ്ങൾ.
ഹർപ്രീത് ബ്രാർ മൂന്നു റൺസുമായി പുറത്താകാതെ നിന്നു. ട്രെന്‍റ് ബോൾട്ട്, കുൽദീപ് സെൻ, യുസ് വേന്ദ്ര ചഹൽ എന്നിവർ ഓരോ വിക്കറ്റ് വീതവും നേടി. പരിക്കുമൂലം ശിഖര്‍ ധവാനില്ലാതെയാണ് പഞ്ചാബ് കളിക്കാനിറങ്ങിയത്. സാം കറനാണ് ടീമിനെ നയിക്കുന്നത്. രാജസ്ഥാന്‍ ടീമില്‍ ഓപ്പണര്‍ ജോസ് ബട്ലറും ആര്‍. അശ്വിനും കളിച്ചില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.