ബംഗളൂരു: ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ ഗുജറാത്ത് ടൈറ്റൻസിന് എട്ടു വിക്കറ്റിന്‍റെ അനായാസ ജയം. ആർ.സി.ബി മുന്നോട്ടുവെച്ച 170 റൺസ് വിജയലക്ഷ്യം ഗുജറാത്ത് 13 പന്തുകൾ ബാക്കി നിൽക്കെ മറികടന്നു.
ജോസ് ബട്ലറുടെ തകർപ്പൻ അർധ സെഞ്ച്വറിയാണ് ഗുജറാത്തിന് വിജയം എളുപ്പമാക്കിയത്. 39 പന്തിൽ ആറു സിക്സും അഞ്ചു ഫോറുമടക്കം 73 റൺസുമായി താരം പുറത്താകാതെ നിന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ആർ.സി.ബി 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുത്തു. ഗുജറാത്ത് 17.5 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി. സായ് സുദർശൻ 36 പന്തിൽ 49 റൺസെടുത്തു. നായകൻ ശുഭ്മൻ ഗിൽ 14 റൺസെടുത്ത് പുറത്തായി.
ഷെർഫാനെ റൂഥർഫോർഡ് 18 പന്തിൽ 30 റൺസുമായി പുറത്താകാതെ നിന്നു. ബംഗളൂരുവിനായി ഭുവനേശ്വർ കുമാർ, ജോസ് ഹെയ്സൽവുഡ് എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. നേരത്തെ, പേസർ മുഹമ്മദ് സിറാജിന്‍റെ മൂന്നു വിക്കറ്റ് പ്രകടനമാണ് ബംഗളൂരുവിനെ ചെറിയ സ്കോറിലൊതുക്കിയത്. ലിയാം ലിവിങ്സ്റ്റണിന്‍റെ അർധ സെഞ്ച്വറിയാണ് ടീമിനെ തകർച്ചയിൽനിന്ന് കരകയറ്റിയത്. 40 പന്തിൽ അഞ്ചു സിക്സും ഒരു ഫോറുമടക്കം 54 റൺസെടുത്താണ് താരം പുറത്തായത്. ജിതേഷ് ശർമ (21 പന്തിൽ 33), ടിം ഡേവിഡ് (18 പന്തിൽ 32) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു.
മറ്റുള്ളവർക്കൊന്നും ക്രീസിൽ നിലയുറപ്പിക്കാനായില്ല. ഫിൽ സാൾട്ട് (13 പന്തിൽ 14), വിരാട് കോഹ്ലി (ആറു പന്തിൽ ഏഴ്), ദേവ്ദത്ത് പടിക്കൽ (മൂന്നു പന്തിൽ നാല്), നായകൻ രജത് പട്ടീദാർ (12 പന്തിൽ 12), ക്രുനാൽ പാണ്ഡ്യ (അഞ്ചു പന്തിൽ അഞ്ച്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ.
ഒരു റണ്ണുമായി ഭുവനേശ്വർ കുമാർ പുറത്താകാതെ നിന്നു. സിറാജ് നാലു ഓവറിൽ 19 റൺസ് വഴങ്ങിയാണ് മൂന്നു വിക്കറ്റെടുത്തത്. സായ് കിഷോർ രണ്ടും അർഷദ് ഖാൻ, പ്രസിദ്ധ് കൃഷ്ണ, ഇഷാന്ത് ശർമ എന്നിവർ ഓരോ വിക്കറ്റ് വീതവും വീഴ്ത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.