ഐ.പി.എൽ താരലേലത്തിന്റെ പട്ടിക പുറത്ത്; രണ്ട് കോടി അടിസ്ഥാന വിലയിൽ 23 പേർ

മുംബൈ: 2024ലെ ഐ.പി.എൽ ലേലത്തിനുള്ള താരങ്ങളുടെ പട്ടിക പുറത്ത്. 333 പേരുള്ള പട്ടികയിൽ 214 ഇന്ത്യൻ കളിക്കാരും 119 വിദേശ താരങ്ങളുമാണ് ഇടം നേടിയത്. ഡിസംബർ 19ന് ദുബൈയിലാണ് താരലേലം നടക്കുക.

23 താരങ്ങളാണ് രണ്ട് കോടി അടിസ്ഥാന വിലയിൽ ലേലത്തിനെത്തുക. ഇതിൽ ലോകകപ്പ് ജേതാക്കളായ ആസ്ട്രേലിയൻ ടീമിലെ ഏഴുപേരുള്ളപ്പോൾ ഇന്ത്യൻ ടീമിൽനിന്ന് മൂന്നുപേരാണ് ഇടംപിടിച്ചത്. ട്രാവിസ് ഹെഡ്, മിച്ചൽ സ്റ്റാർക്ക്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, സ്റ്റീവൻ സ്മിത്ത്, സീൻ അബ്ബോട്ട്, ജോഷ് ഇംഗ്ലിസ് എന്നിവരാണ് പട്ടികയിലെ ആസ്ട്രേലിയക്കാർ. ആസ്ട്രേലിയയെ ലോകകപ്പ് ചാമ്പ്യന്മാരാക്കുന്നതിൽ നിർണായക പങ്കുവഹിച്ച ട്രാവിസ് ഹെഡ് കഴിഞ്ഞ സീസണിൽ പട്ടികയിൽ ഉണ്ടായിരുന്നെങ്കിലും വിറ്റുപോയിരുന്നില്ല. ദേശീയ ടീമിന്റെ മത്സരങ്ങൾ ഉള്ളതിനാൽ പാറ്റ് കമ്മിൻസ് പിന്മാറുകയും ചെയ്തിരുന്നു. സ്റ്റാർക്കിനെ കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് 9.4 കോടിക്ക് ലേലത്തിൽ പിടിച്ചെങ്കിലും ദേശീയ ടീമിനായി കളിക്കാൻ പിന്മാറുകയായിരുന്നു.

ഷാർദുൽ താക്കൂർ, ഹർഷൽ പട്ടേൽ, ഉമേഷ് യാദവ് എന്നിവരാണ് കൂടുതൽ വിലയിട്ട ഇന്ത്യക്കാർ. ലോകകപ്പിൽ ദയനീയ പ്രകടനം നടത്തിയ ഇംഗ്ലണ്ടിൽനിന്ന് ഹാരി ബ്രൂക്, ക്രിസ് വോക്സ്, ജാമി ഓവർട്ടൺ, ബെൻ ഡക്കറ്റ്, ആദിൽ റാഷിദ്, ഡേവിഡ് വില്ലി, ജെയിംസ് വിൻസ് എന്നിവർ രണ്ട് കോടി ക്ലബിലുണ്ട്. ദക്ഷിണാഫ്രിക്കക്കാരായ ജെറാൾഡ് കോയറ്റ്സീ, റിലീ റൂസോ, റസി വാൻ ഡർ ഡസൻ എന്നിവരും അഫ്ഗാൻ താരം മുജീബുർ റഹ്മാൻ, ബംഗ്ലാദേശിന്റെ മുസ്തഫിസുർ റഹ്മാൻ, ന്യൂസിലാൻഡിന്റെ ലോക്കി ഫെർഗൂസൻ എന്നിവരാണ് രണ്ട് കോടി അടിസ്ഥാന വിലയുള്ള മറ്റു താരങ്ങൾ.

ഇംഗ്ലണ്ടുകാരായ ഫിലിപ്പ് സാൾട്ട്, ടോം കറൻ, ക്രിസ് ജോർദൻ, ടൈമൽ മിൽസ്, ന്യൂസിലാൻഡുകാരായ കോളിൻ മൻറൊ, ജെയിംസ് നീഷം, ടിം സൗത്തി, ആസ്ട്രേലിയക്കാരായ ഡാനിയൽ സാംസ്, ജെ. റിച്ചാർഡ്സൺ, വെസ്റ്റിൻഡീസുകാരായ ഷെർഫെയ്ൻ റൂഥർഫോർഡ്, ജേസൻ ഹോൾഡർ, ശ്രീലങ്കൻ താരം വനിന്ദു ഹസരങ്ക, അഫ്ഗാന്റെ മുഹമ്മദ് നബി എന്നിവർക്ക് 1.5 കോടിയാണ് അടിസ്ഥാന വില. അതേസമയം, ലോകകപ്പിൽ മിന്നിത്തിളങ്ങിയ ന്യൂസിലാൻഡ് താരം രചിൻ രവീന്ദ്രക്ക് 50 ലക്ഷമാണ് അടിസ്ഥാന വില.

10 ഫ്രാഞ്ചൈസികൾക്കും ചേർന്ന് 265.95 കോടിയാണ് ലേലത്തിൽ ചെലവഴിക്കാനാവുക. ഗുജറാത്ത് ടൈറ്റൻസിന് 38.15 കോടി കൂടി ​ചെലവാക്കാമെങ്കിൽ സൺറൈസേഴ്സിന് 34 കോടിയും കൊൽക്കത്തക്ക് 32.7 കോടിയും ചെന്നൈക്ക് 31.4 കോടിയും ചെലവിടാൻ ബാക്കിയുണ്ട്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനാണ് ഏറ്റവും കൂടുതൽ ​സ്ലോട്ടുകൾ ഒഴിവുള്ളത്. 12 പേർക്കാണ് ടീമിൽ പുതുയായി അവസരം ലഭിക്കുക. ചെന്നൈ സൂപ്പർ കിങ്സ്, റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂർ, ലഖ്നോ സൂപ്പർ ജയന്റ്സ്, സൺറൈസേഴ്സ് ഹൈദരാബാദ് എന്നിവർക്ക് ആറുപേരെ വീതം ടീമിലെത്തിക്കാം.

Tags:    
News Summary - IPL auction list out; 23 players at a base price of Rs 2 crore

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.