വെല്ലിങ്ടൺ: ക്രിക്കറ്റ് പോരാട്ടങ്ങളിൽ മനോഹരമായ നിരവധി ക്യാച്ചുകൾക്ക് ആരാധകർ സാക്ഷ്യം വഹിച്ചിട്ടുണ്ട്. എന്നാൽ, അതിൽ ഏതാണ് ഏറ്റവും മികച്ചതെന്ന തെരഞ്ഞെടുപ്പ് അസാധ്യമാണ്. മികച്ച ക്യാച്ചുകളുടെ പട്ടികയിലേക്ക് ഒന്നുകൂടി കഴിഞ്ഞ ദിവസം ന്യൂസിലാൻഡിൽനിന്ന് ചേർക്കപ്പെട്ടു. വെല്ലിങ്ടൺ-സെൻട്രൽ ഡിസ്ട്രിക്ട് സൂപ്പർ സ്മാഷ് മത്സരത്തിലാണ് രണ്ടുപേർ ചേർന്നുള്ള അതിശയ ക്യാച്ചിന്റെ പിറവി.
ന്യൂസിലാൻഡ് ദേശീയ ടീം അംഗവും സെൻട്രൽ ഡിസ്ട്രിക്ട് ഓപണറുമായ വിൽ യങ്ങിന്റെ ഷോട്ടാണ് മനോഹര ക്യാച്ചിലേക്ക് വഴിയൊരുക്കിയത്. ലോങ് ഓണിന് മുകളിലൂടെ നീങ്ങിയ പന്ത് കൈപ്പിടിയിലൊതുക്കാൻ മിഡ്ഓണിൽ നിന്നിരുന്ന ട്രോയ് ജോൺസൻ അതിവേഗം പിന്നിലേക്കോടി. ബൗണ്ടറി ലൈൻ തൊടുന്നതിന് മുമ്പ് ഡൈവ് ചെയ്ത് ജോൺസൻ പന്ത് കൈപ്പിടിയിലൊതുക്കി.
എന്നാൽ, വീഴ്ചയിൽ നിയന്ത്രണം നഷ്ടപ്പെട്ട താരം ലൈൻ തൊടുമെന്നായപ്പോൾ ഒറ്റക്കൈ നിലത്തുകുത്തി വായുവിൽ ഉയർന്ന് പന്ത് പിറകെ ഓടിയെത്തിയ വെല്ലിങ്ടൺ ക്യാപ്റ്റൻ നിക്ക് കെല്ലിക്ക് നേരെ എറിഞ്ഞു. കെല്ലി അനായാസം പന്ത് കൈയിലൊതുക്കുകയും ചെയ്തു. ക്യാച്ചിന്റെ വിഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. നിരവധി പേരാണ് ജോൺസനെ പ്രശംസിച്ച് രംഗത്തെത്തിയത്. ക്രിക്കറ്റ് ചരിത്രത്തിലെ ഏറ്റവും മികച്ച ക്യാച്ചാണിതെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
വിൽ യങ് ഏഴ് റൺസെടുത്ത് നിൽക്കെയാണ് പുറത്താകൽ. 148 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ സെൽട്രൽ ഡിസ്ട്രിക്ട് മത്സരത്തിൽ ആറ് വിക്കറ്റിന്റെ ജയം നേടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.