ഹൈദരാബാദ്: ടീം മാറിയെങ്കിലും തന്‍റെ ബാറ്റിങ്ങിന് കരുത്ത് കുറഞ്ഞിട്ടില്ലെന്ന് തെളിയിക്കുന്ന പ്രകടനമാണ് കഴിഞ്ഞ ദിവസം സൺറൈസേഴ്സിനായി വിക്കറ്റ് കീപ്പർ ബാറ്റർ ഇഷാൻ കിഷൻ പുറത്തെടുത്തത്. അപരാജിത സെഞ്ച്വറിയുമായി കളം നിറഞ്ഞ താരത്തിന്‍റെ ഇന്നിങ്സ് സൺറൈസേഴ്സിന്‍റെ വിജയത്തിൽ നിർണായകമായി. 47 പന്തിൽ പുറത്താകാതെ 106 റൺസാണ് ഇഷാന്‍റെ ഇന്നിങ്സിൽ പിറന്നത്. സെഞ്ച്വറിക്ക് പിന്നാലെയുള്ള താരത്തിന്‍റെ ആഘോഷം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.
ഒരു വർഷം മുമ്പാണ് ബി.സി.സി.ഐയുടെ സെൻട്രൽ കോൺട്രാക്ടിൽനിന്ന് ഇഷാൻ കിഷൻ പുറത്താകുന്നത്. ഋഷഭ് പന്തിനും സഞ്ജു സാംസണുമൊപ്പം ഇന്ത്യയിലെ മികച്ച വിക്കറ്റ് കീപ്പർ ബാറ്റർമാരോടൊപ്പം പട്ടികപ്പെടുത്തിയ താരത്തെ ടീമിൽനിന്ന് ഇടക്കാലത്ത് മാറിനിന്നതോടെയാണ് ബി.സി.സി.ഐ സെലക്ടർമാർ ചുവപ്പ് കാർഡ് കാണിച്ച് അകറ്റിനിർത്തിയത്. ആഭ്യന്തര ക്രിക്കറ്റിൽ കളിക്കാൻ സന്നദ്ധതയറിയിച്ചെങ്കിലും ടീമിലേക്ക് പരിഗണിച്ചില്ല. മെഗാലേലത്തിൽ മുംബൈ ഫ്രാഞ്ചൈസിയും കൈവിട്ടതോടെയാണ് ഇഷാൻ കിഷന് ഹൈദരാബാദിലേക്ക് ക്ഷണം വന്നത്.
സൺറൈസേഴ്സിനായുള്ള അരങ്ങേറ്റ മത്സരത്തിലെ സെഞ്ച്വറിയിലൂടെ തിരിച്ചുവരവ് അറിയിച്ച ഇഷാൻ, ബി.സി.സി.ഐ സെലക്ടർമാർക്കും മുംബൈ ഫ്രാഞ്ചൈസിക്കും ശക്തമായ സന്ദേശമാണ് നൽകുന്നതെന്ന ചർച്ച ഞായറാഴ്ച തന്നെ സമൂഹമാധ്യമങ്ങളിൽ ഉയർന്നിരുന്നു. ഇംഗ്ലണ്ട് മുൻ ക്യാപ്റ്റൻ മൈക്കൽ വോഗനും ഇതിൽ മറിച്ചൊരഭിപ്രായമില്ല. താനൊരു മികച്ച കളിക്കാരനാണെന്ന് തന്നെ തഴഞ്ഞവരോട് വിളിച്ചുപറയുകയാണ് ഇഷാനെന്നും വോഗൻ പറയുന്നു.
“മുംബൈയേയോ ബി.സി.സി.ഐ സെലക്ടർമാരെയോ രോഹിത് ശർമയേയോ ലക്ഷ്യമിട്ടാകാം ഇഷാന്‍റെ സെലിബ്രേഷൻ. ചിലപ്പോൾ ഇന്ത്യയോടോ ലോകത്തോടോ തന്നെ താനൊരു മികച്ച കളിക്കാരനാണെന്ന് വിളിച്ചുപറയുകയാകാം. വളരെ മികച്ച കളിക്കാരനാണദ്ദേഹം. റിസ്റ്റ് വർക്കുകളെല്ലാം മനോഹരം. ഓൺസൈഡിൽ മികച്ച ഷോട്ടുകളുതിർക്കുന്നു. ഇന്ത്യൻ ക്രിക്കറ്റിലെ ടാലന്‍റ് പൂൾ വളരെ വലുതാണ്. അതിൽനിന്ന് ദേശീയ ടീമിലെത്തുകയെന്നത് ശ്രമകരമാണ്. അതിനായി നിങ്ങൾ വലിയ പ്രകടനങ്ങൾ കാഴ്ചവെക്കേണ്ടിവരുന്നു. സെഞ്ച്വറി നേടാൻ ബുദ്ധിമുട്ടേറിയ ഫോർമാറ്റ് ടി20 ആണെന്നാണ് ഞാൻ കരുതുന്നത്” -വോഗൻ ക്രിക്ബസുമായുള്ള അഭിമുഖത്തിൽ പറഞ്ഞു.
മുംബൈ ഇന്ത്യൻസിനായി 89 മത്സരങ്ങളിൽ പാഡണിഞ്ഞെങ്കിലും സെഞ്ച്വറി നേടാൻ ഇഷാന് കഴിഞ്ഞിരുന്നില്ല. മെഗാലേലത്തിൽ 11.25 കോടിക്കാണ് സൺറൈസേഴ്സ് ഇഷാൻ കിഷനെ ടീമിലെത്തിച്ചത്. രാജസ്ഥാനെതിരെയുള്ള ഇന്നിങ്സിൽ 11 ഫോറും ആറ് സിക്സറുകളുമാണ് ഇഷാന്റെ ബാറ്റിൽനിന്ന് പിറന്നത്. മത്സരത്തിൽ 44 റൺസിനാണ് സൺറൈസേഴ്സിന്‍റെ ജയം. വ്യാഴാഴ്ച ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരെയാണ് ഹൈദരാബാദ് ടീമിന്‍റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.