ന്യൂഡല്‍ഹി: ഇടവേളക്കുശേഷം ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലേക്ക് മടങ്ങിയെത്തിയ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഇഷാന്‍ കിഷന്‍ സെഞ്ച്വറി നേടിയാണ് വിമർശകർക്ക് മറുപടി നൽകിയത്. ദുലീപ് ട്രോഫി ക്രിക്കറ്റില്‍ ഇന്ത്യ ബിക്കെതിരായ മത്സരത്തിൽ ആദ്യ ഇന്നിങ്സിൽ ഇന്ത്യ സി താരമായ കിഷൻ 126 പന്തിൽ 111 റൺസാണ് നേടിയത്.
മൂന്ന് സിക്‌സുകളും 14 ബൗണ്ടറികളും ഉള്‍പ്പെടുന്നതാണ് ഇഷാന്റെ 111 റൺസ്. രണ്ടാം ഇന്നിങ്സിൽ താരം ഒരു റണ്ണിനു പുറത്തായെങ്കിലും മത്സരം സമനിലയിൽ പിരിഞ്ഞു. മത്സരശേഷം ഇഷാൻ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച രണ്ടു വാക്ക് കുറിപ്പാണ് ആരാധകർക്കിടയിൽ ഇപ്പോൾ ചർച്ചയാകുന്നത്. ബാറ്റ് ചെയ്യുന്ന ചിത്രത്തിനൊപ്പം ‘പൂർത്തിയാകാത്ത ബിസിനസ്സ്’ എന്ന കുറിപ്പാണ് താരം പോസ്റ്റ് ചെയ്തത്. ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിൽ താരം കളിക്കുന്നില്ലെങ്കിലും ട്വന്‍റി20 പരമ്പരയിൽ തിരിച്ചെത്താനാകുമെന്ന പ്രതീക്ഷയിലാണ് താരം.
ഇന്ത്യയുടെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനിടെ ഇഷാന്‍ വ്യക്തിപരമായ കാരണങ്ങളാല്‍ ടീമില്‍നിന്ന് വിട്ടുനിന്നത് വലിയ വിവാദങ്ങളിലേക്ക് വഴിവെച്ചിരുന്നു. രഞ്ജി ട്രോഫിയിൽ ഝാർഖണ്ഡിനായി താരം കളിച്ചിരുന്നില്ല. ടീമിനൊപ്പമുള്ള നിരന്തര യാത്രകളും പ്ലെയിങ് സ്‌ക്വാഡില്‍ ഉള്‍പ്പെടാത്തതിലുള്ള മാനസിക സമ്മര്‍ദവുമായിരുന്നു ഇഷാന്‍ കാരണമായി ചൂണ്ടിക്കാണിച്ചത്. പിന്നാലെ താരവുമായുള്ള കരാർ ബി.സി.സി.ഐ പുതുക്കിയില്ല. അതിനുശേഷം താരത്തിന് ഇതുവരെ ദേശീയ ടീമിൽ അവസരം ലഭിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.