ഇത്തവണത്തെ ലോകകപ്പിൽ സ്വപ്തതുല്യമായ കുതിപ്പാണ് ടീം ഇന്ത്യ നടത്തുന്നത്. ഒരു മത്സരം പോലും തോൽക്കാതെ, പോയിന്റ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് തുടരുന്ന രോഹിത് ശർമയും സംഘവും സെമി പ്രവേശനം ഏകദേശം ഉറപ്പിച്ചുകഴിഞ്ഞു. അവശേഷിക്കുന്ന മൂന്ന് മത്സരങ്ങളിൽ ഒന്നിൽ ജയിച്ചാൽ മതി സെമി ടിക്കറ്റുറപ്പിക്കാൻ. രോഹിത് ശർമയുടെ മികച്ച ക്യാപ്റ്റൻസിയും ബാറ്റിങ് പ്രകടനവുമാണ് ഇന്ത്യക്ക് ഇത്തവണ മുതൽകൂട്ടാകുന്നത്. അതുകൊണ്ട് തന്നെ മുൻ ഇന്ത്യൻ താരങ്ങളും ക്രിക്കറ്റ് പ്രേമികളും താരത്തെ വാനോളം പുകഴ്ത്തുകയാണ്.
എന്നാൽ, നായകനെന്ന നിലയിൽ കളിക്കുമ്പോൾ നേരിടുന്ന സമ്മർദ്ദങ്ങളെ കുറിച്ച് തുറന്നുപറഞ്ഞിരിക്കുകയാണ് രോഹിത്. ശ്രീലങ്കയ്‌ക്കെതിരായ മത്സരത്തിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തന്നെ ഒരു മോശം നായകനായി വിലയിരുത്താൻ ഒരൊറ്റ മത്സരം മാത്രമേ വേണ്ടിവരികയുള്ളൂ എന്ന് താരം പറഞ്ഞു.
'ഈ ലോകകപ്പിൽ നിങ്ങളുടെ നിസ്വാർത്ഥ സമീപനം അഭിനന്ദനം അർഹിക്കുന്നുണ്ട്, നാഴികക്കല്ലുകൾ പിന്നിടുന്നതിൽ ശ്രദ്ധിക്കാതെ, നിങ്ങൾ നന്നായി അടിക്കാൻ മാത്രം നോക്കുകയാണ്. പവർ പ്ലേയിലെ ഏറ്റവും ഉയർന്ന റണ്ണുകളും താങ്കൾക്കുണ്ട്. എന്നാൽ, മുൻ താരങ്ങൾ നിർദേശിച്ചത് പോലെ, കൂടുതൽ നേരം ബാറ്റ് ചെയ്യാൻ വേണ്ടി താങ്കൾ കളത്തിൽ കൂടുതൽ സ്വാർത്ഥനാകേണ്ടതുണ്ടോ..? എന്നായിരുന്നു രോഹിതിനോട് ഒരു മാധ്യമ പ്രവർത്തകൻ ചോദിച്ചത്, തന്റെ പതിവ് ശൈലിയിൽ ഇത്തരം ചോദ്യങ്ങളോടുള്ള നീരസം പ്രകടിപ്പിച്ച രോഹിത് അൽപ്പസമയത്തെ മൗനത്തിന് ശേഷം പ്രതികരിച്ചു.
"അതെ. ഞാൻ എന്റെ ബാറ്റിങ് ആസ്വദിക്കുകയാണ്. പക്ഷേ, ടീമിന്റെ സാഹചര്യം മനസ്സിൽ വെച്ചുകൊണ്ട് മാത്രമാണത്, പോയി വെറുതെ ബാറ്റ് വീശിയത് കൊണ്ട് കാര്യമില്ല. അത് നന്നായി തന്നെ വീശണം, നന്നായി കളിച്ച്, ടീമിനെ ഒരു മികച്ച നിലയിലേക്ക് കൊണ്ടുപോകണം. അതാണെന്റെ ചിന്താഗതി’’- രോഹിത് പറഞ്ഞു.
"ഞാൻ ഓപൺ ചെയ്യുമ്പോൾ, സ്കോർബോർഡ് പൂജ്യത്തിൽ നിന്നാണ് ആരംഭിക്കുന്നത്, അതിനാൽ ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ എനിക്ക് കളിയുടെ ടോൺ സജ്ജീകരിക്കേണ്ടതുണ്ട്. ബാറ്റിങ് ഞാൻ ആരംഭിക്കുന്നത് കൊണ്ടുള്ള പ്രധാന നേട്ടം എനിക്ക് വിക്കറ്റുകളുടെ സമ്മർദമില്ല എന്നതാണ്, കാരണം എല്ലാം 0-0 ആണ്, അതുകൊണ്ട് തന്നെ എനിക്ക് ഭയമില്ലാതെ കളിക്കാം, നിങ്ങൾ ആഗ്രഹിക്കുന്ന രീതിയിൽ കളിക്കാം, പക്ഷേ കഴിഞ്ഞ കളിയിൽ പവർ പ്ലേ സമയത്ത് ഞങ്ങൾ അൽപ്പം സമ്മർദ്ദത്തിലായി.
നമുക്ക് മൂന്ന് മുൻനിര വിക്കറ്റുകൾ നഷ്ടമായി, അതുകൊണ്ട് കളിയുടെ ഗതി മാറ്റണം, ഒരു ബാറ്റ്സ്മാൻ എന്ന നിലയിൽ എന്റെ ശ്രദ്ധ എന്ന് പറയുന്നത് ആ സമയത്ത് എന്താണ് ടീമിന് വേണ്ടത് അത് നൽകുകയെന്നതാണ്. ഞാൻ ബാറ്റ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ മാത്രമാണ് ചിന്തിക്കുന്നത്. ആ സാഹചര്യം ആവശ്യപ്പെടുന്ന രീതിയിൽ കളിക്കാനാണ് ഞാൻ ശ്രമിക്കാറുള്ളത്. -രോഹിത് പറയുന്നു.
ഇന്ത്യൻ നായകൻ തന്റെ നേതൃപാടവത്തിനും കൃത്യമായ ബൗളിങ് മാറ്റങ്ങൾ വരുത്തുന്നതിലും സൂക്ഷ്മമായ ഫീൽഡ് പ്ലെയ്‌സ്‌മെന്റുകൾക്കും പ്രശംസിക്കപ്പെട്ടിട്ടുണ്ട്, എന്നാൽ അത്തരം പ്രശംസാ വാക്കുകളിൽ വീഴാൻ ആഗ്രഹിക്കുന്നില്ലെന്നാണ് രോഹിത് പറയുന്നത്.
‘‘നിങ്ങൾ സാഹചര്യവും സ്കോർബോർഡും കൃത്യമായി മനസിലാക്കി ശരിയായ നീക്കങ്ങൾ നടത്താൻ ശ്രമിക്കുക. ചിലപ്പോൾ, കാര്യങ്ങൾ നമ്മൾ വിചാരിച്ചത് പോലെ പ്രവർത്തിക്കുന്നു, ചിലപ്പോൾ,അങ്ങനെ സംഭവിക്കില്ല. അതുകൊണ്ട് ഏത് തരത്തിലുള്ള റിസൽട്ടുകളും നമ്മൾ അംഗീകരിക്കേണ്ടതുണ്ട്. നമ്മളെടുക്കുന്ന എന്ത് തീരുമാനവും അത് ടീമിന്റെ നല്ലതിന് വേണ്ടി മാത്രമാകും. ഇതിന്റെയൊക്കെ പോക്ക് എങ്ങനെയാകുമെന്ന് എനിക്കറിയാം, ഒരു മോശം ഗെയിം മതി, ഞാൻ ഒരു മോശം ക്യാപ്റ്റനാകും. -രോഹിത് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.