റാഞ്ചി: അവസാന മൂന്ന് വിക്കറ്റടക്കം നാലുപേരെ വീഴ്ത്തി രവീന്ദ്ര ജദേജ ഇന്ത്യക്കായി നിറഞ്ഞാടിയപ്പോൾ നാലാം ക്രിക്കറ്റ് ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ ഇംഗ്ലണ്ട് 353 റൺസിന് പുറത്ത്. ഏഴ് വിക്കറ്റ് നഷ്ടത്തിൽ 302 റൺസെന്ന നിലയിൽ ഒന്നാംദിനം കളി അവസാനിപ്പിച്ച ഇംഗ്ലണ്ടിന് 51 റൺസ് കൂടിയാണ് കൂട്ടിച്ചേർക്കാനായത്. 122 റൺസുമായി പുറത്താകാതെ നിന്ന ജോ റൂട്ടും 58 റൺസുമായി മികച്ച പിന്തുണ നൽകിയ ഒലീ റോബിൻസണുമാണ് സന്ദർശക ഇന്നിങ്സിന് കരുത്ത് പകർന്നത്.
ഒലീ റോബിൻസണെ വിക്കറ്റ് കീപ്പർ ധ്രുവ് ജുറേലിന്റെ കൈയിലെത്തിച്ച് ജദേജ രണ്ടാം ദിവസം ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ നൽകി. തുടർന്നെത്തിയ ഷുഐബ് ബഷീറിനെയും ജെയിംസ് ആൻഡേഴ്സണെയും ജദേജ റണ്ണെടുക്കും മുമ്പ് മടക്കിയതോടെയാണ് സന്ദർശക ഇന്നിങ്സ് 353ൽ ഒതുങ്ങിയത്. ബഷീറിനെ രജത് പാട്ടിദാറിന്റെ കൈയിലെത്തിച്ചപ്പോൾ ആൻഡേഴ്സണെ വിക്കറ്റിന് മുമ്പിൽ കുടുക്കുകയായിരുന്നു.
സാക് ക്രോളി (42), ബെൻ ഡക്കറ്റ് (11), ഒലീ പോപ് (0), ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് (3), ജോണി ബെയർസ്റ്റോ (38), ബെൻ ഫോക്സ് (47), ടോം ഹാർട്ട്‍ലി (13) എന്നിവരാണ് ആദ്യ ദിവസം മടങ്ങിയിരുന്നത്. ഇന്ത്യക്കായി ജദേജയുടെ പ്രകടനത്തിന് പുറമെ ആകാശ് ദീപ് മൂന്ന് വിക്കറ്റ് വീഴ്ത്തിയപ്പോൾ മുഹമ്മദ് സിറാജ് രണ്ടും രവിചന്ദ്രൻ അശ്വിൻ ഒന്നും വിക്കറ്റെടുത്തു.
മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യക്ക് നാല് റൺസെടുക്കുമ്പോഴേക്കും ആദ്യ വിക്കറ്റ് നഷ്ടമായി. ഒമ്പത് പന്ത് നേരിട്ട് രണ്ട് റൺസെടുത്ത ക്യാപ്റ്റൻ രോഹിത് ശർമയെ ജെയിംസ് ആൻഡേഴ്സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ബെൻ ഫോക്സ് പിടികൂടുകയായിരുന്നു. ലഞ്ചിന് പിരിയുമ്പോൾ ഒരു വിക്കറ്റിന് 34 റൺസെന്ന നിലയിലാണ് ഇന്ത്യ. 27 റൺസുമായി കഴിഞ്ഞ രണ്ട് ടെസ്റ്റിലും ഇരട്ട സെഞ്ച്വറി നേടിയ യശസ്വി ജയ്സ്വാളും നാല് റൺസുമായി ശുഭ്മൻ ഗില്ലുമാണ് ക്രീസിൽ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.