അഡലെയ്ഡ്: 2024 കലണ്ടർ വർഷം ടെസ്റ്റ് ക്രിക്കറ്റിൽ 50 വിക്കറ്റ് നേടുന്ന ആദ്യ താരമായി ഇന്ത്യയുടെ പേസർ ജസ്പ്രീത് ബുംറ. അഡലെയ്ഡിൽ ആസ്ട്രേലിയക്കെതിരായ രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ ഓസീസ് ഓപ്പണർ ഉസ്മാൻ ഖ്വാജയെ പുറത്താക്കിയാണ് ബുംറ നേട്ടം കൈവരിച്ചത്. 35 പന്തിൽ രണ്ടു ഫോറുകൾ സഹിതം 13 റൺസെടുത്ത ഖ്വാജയെ, സ്ലിപ്പിൽ ക്യാപ്റ്റൻ രോഹിത് ശർമയുടെ കൈകളിലെത്തിച്ചാണ് ബുംറ പുറത്താക്കിയത്.
ബുംറയുടെ 31ാം ജന്മദിനമാണിന്ന്. കപിൽ ദേവ്, സഹീർ ഖാൻ എന്നിവരാണ് ഇതിനു മുമ്പ് ഒരു കലണ്ടർ വർഷം 50 ടെസ്റ്റ് വിക്കറ്റുകളെന്ന നേട്ടം കൈവരിച്ച ഇന്ത്യൻ താരങ്ങൾ. ഈ കലണ്ടർ വർഷം തന്‍റെ 11ാമത്തെ ടെസ്റ്റിലാണ് 31കാരൻ ഈ നേട്ടത്തിലെത്തിയത്. ക്രിക്കറ്റിന്‍റെ മൂന്നു ഫോർമാറ്റിലും ഈ വർഷം വിക്കറ്റ് വേട്ടയിൽ ബുംറ തന്നെയാണ് മുന്നിൽ. 19 മത്സരങ്ങളിൽനിന്നായി 65 വിക്കറ്റുകളാണ് താരം നേടിയത്. അതേസമയം, രണ്ടാം ടെസ്റ്റിന്‍റെ ഒന്നാം ഇന്നിങ്സിൽ 180 റൺസിന് പുറത്തായ ഇന്ത്യക്കെതിരെ, ആതിഥേയർ കരുതലോടെയാണ് ബാറ്റുവീശുന്നത്.
ഒന്നാം ദിനം സ്റ്റമ്പെടുക്കുമ്പോൾ ഒസീസ് ഒരു വിക്കറ്റ് നഷ്ടത്തിൽ 86 റൺസെന്ന നിലയിലാണ്. 94 റൺസ് പിറകിലാണ്. 97 പന്തിൽ 38 റൺസുമായി നേഥൻ മക്സ്വീനിയും 67 പന്തിൽ 20 റൺസുമായി മാർനസ് ലബുഷെയ്നുമാണ് ക്രീസിൽ. നേരത്തേ, ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ 44.1 ഓവറിലാണ് 180 റൺസിന് പുറത്തായത്. 54 പന്തിൽ മൂന്നു വീതം സിക്സും ഫോറും സഹിതം 42 റൺസെടുത്ത നിതീഷ് റെഡ്ഡിയാണ് ടോപ് സ്കോറർ. കെ.എൽ. രാഹുൽ (64 പന്തിൽ 37), ശുഭ്മൻ ഗിൽ (51 പന്തിൽ 31), ഋഷഭ് പന്ത് (35 പന്തിൽ 21), രവിചന്ദ്രൻ അശ്വിൻ (22 പന്തിൽ 22) എന്നിവർ ഭേദപ്പെട്ട പ്രകടനം നടത്തി.
രണ്ടാം ടെസ്റ്റിൽ തിരിച്ചെത്തിയ നായകൻ രോഹിത് ശർമ വീണ്ടും നിരാശപ്പെടുത്തി. 23 പന്തുകൾ നേരിട്ട താരം മൂന്നു റൺസെടുത്ത് പുറത്തായി. ബോളണ്ടിന്‍റെ പന്തിൽ എൽ.ബി.ഡബ്ല്യുവിൽ കുരുങ്ങി. കോഹ്ലി എട്ടു പന്തിൽ ഏഴു റൺസുമായി മടങ്ങി. ഓപ്പണർ യശസ്വി ജയ്സ്വാൾ മിച്ചൽ സ്റ്റാർക്ക് എറിഞ്ഞ മത്സരത്തിൽ ആദ്യ പന്തിൽ തന്നെ പുറത്തായി.
സ്റ്റാർക്കിന്‍റെ തകർപ്പൻ ബൗളിങ്ങാണ് ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ലൊടിച്ചത്. 14.1 ഓവറിൽ 48 റൺസ് വഴങ്ങി സ്റ്റാർക്ക് ആറു വിക്കറ്റ് വീഴ്ത്തി. ടെസ്റ്റ് കരിയറിൽ ഒരു ഇന്നിങ്സിൽ സ്റ്റാർക്കിന്റെ ഏറ്റവും മികച്ച ബൗളിങ് പ്രകടനമാണിത്. 2016ൽ ശ്രീലങ്കക്കെതിരെ 50 റൺസ് വഴങ്ങി ആറു വിക്കറ്റെടുത്തിരുന്നു. നായകൻ പാറ്റ് കമ്മിൻസ് 12 ഓവറിൽ 41 റൺസ് വഴങ്ങിയും സ്കോട് ബോളണ്ട് 13 ഓവറിൽ 54 റൺസ് വഴങ്ങിയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തി. ഒന്നാം ടെസ്റ്റ് ഇന്ത്യ 295 റൺസിന് ജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.