'നമുക്ക് സമനില വേണ്ട.. വിജയിച്ചാൽ മതി'; ആദ്യ മത്സരത്തിലെ വിരാട് കോഹ്ലിയുടെ 'തീപാറുന്ന' സമീപനത്തെ കുറിച്ച് ഇന്ത്യൻ സ്പിന്നർ

ടെസ്റ്റ് മത്സരങ്ങളിൽ ഇന്ത്യയുടെ ഏറ്റവും മികച്ച ക്യാപ്റ്റൻ വിരാട് കോഹ്ലിയണെന്ന് കണക്കുകളും ടീമിന്‍റെ സമീപനവും എല്ലം തെളിയിക്കുന്നതാണ്. വിരാട് കോഹ്ലി ക്യാപ്റ്റനായതിന് ശേഷം ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യൻ ടീമിന്‍റെ സമീപനത്തിൽ തന്നെ ഒരുപാട് മാറ്റങ്ങൾ കൊണ്ടുവരുവാൻ സാധിച്ചിരുന്നു. ഇന്ത്യക്ക് വേണ്ടി ഏറ്റവും വിജയ ശതമാനമുള്ള ടെസ്റ്റ് നായകനും വിരാട് കോഹ്ലിയാണ്. 68 ടെസ്റ്റ് മത്സരത്തിൽ ഇന്ത്യയെ നയിച്ച വിരാട് കോഹ്ലി ഇന്ത്യയെ 40 വിജയത്തിലെത്തിച്ചിട്ടുണ്ട്. 58.82 ആണ് വിരാടിന്‍റെ കീഴിൽ ഇന്ത്യൻ ടീമിന്‍റെ വിജയ ശതമാനം.

2014 ഡിസംബറിലായിരുന്നു വിരാട് കോഹ്ലിയുടെ ടെസ്റ്റ് നായകനായുള്ള തുടക്കം. 2014-15ലെ ബോർഡർ-ഗവാസ്കർ ട്രോഫി പരമ്പരയിൽ പരിക്കേറ്റ എം.എസ് ധോണിക്ക് പകരമായിരുന്നു വിരാട് ആദ്യമായി നായകവേഷമണിഞ്ഞത്. അഡ്ലെയ്ഡിൽ നടന്ന ആ മത്സരത്തിൽ ഇന്ത്യക്കായി അരങ്ങേറിയ കരൺ ശർമ വിരാട് കോഹ്ലിയുടെ സമീപനത്തെ കുറിച്ച് സംസാരിക്കുകയാണ് ഇപ്പോൾ. മത്സരത്തിൽ രണ്ട് ഇന്നിങ്സിലും സെഞ്ച്വറി നേടിയ വിരാട് ടീമിനെ മുന്നിൽ നിന്ന് തന്നെ നയിച്ചിരുന്നു. അവസാന ദിനം 363 റൺസ് വിജയലക്ഷ്യവുമായാണ് ഇന്ത്യ കളത്തിൽ ഇറങ്ങുന്നത്. അവസാന ദിനം ഇത്രയും റൺസ് അസാധ്യമാണെന്നിരിക്കെ വിരാട് മത്സരം സമനിലയാക്കാൻ ശ്രമിക്കരുത്, നമ്മൾ വിജയത്തിന് വേണ്ടി കളിക്കണമെന്നായിരുന്നു പറഞ്ഞതെന്നാണ് കരൺ ശർമ പറയുന്നത്.

'ആസ്ട്രേലിയൻ മണ്ണിൽ ഓസീസിനെതിരെ ഡെബ്യു ചെയ്തത് എപ്പോഴും സ്പെഷ്യലായിരിക്കും. ഒരുപാട് താരങ്ങൾക്കൊന്നും ഈ ഭാഗ്യം ലഭിക്കില്ല. ഡ്രസിങ് റൂമിലെ അന്തരീക്ഷം വളരെ മികച്ചതായിരുന്നു. രവി ശാസ്ത്രി അവിടെയുണ്ടായിരുന്നു. ഞങ്ങൾക്ക് വിജയിക്കാൻ 300 റൺസ് വേണമായിരുന്നു, എന്നാൽ വിരാട് കോഹ്ലി പറഞ്ഞു നമ്മുക്ക് സമനിലയുടെ ആവശ്യമില്ല, ഈ സ്കോർ നമ്മൾ പിന്തുടരാൻ ശ്രമിക്കണമെന്ന്.

ഇത് ടീമിലെ എല്ലാ താരങ്ങൾക്കും ഒരു പോസീറ്റിവിറ്റി പകർന്നിരുന്നു. അതൊരു വ്യത്യസ്ത സമീപനമായിരുന്നു. എല്ലാ നായകൻമാർക്കും വ്യത്യസ്തമായ സമീപനങ്ങളാണ്. എന്നാൽ വിരാട് ആ റൺസ് ചേസ് ചെയ്യാം എന്ന് പറഞ്ഞ ആ നിമിഷത്തിൽ അത് കളിക്കാർക്ക് ഏത് ദിശയിലേക്കാണ് സഞ്ചരിക്കേണ്ടതെന്ന ബോധം നൽകുകയാണ്. നിങ്ങളുടെ നായകന് വ്യത്യസ്ത പ്ലാൻ ഉണ്ടെന്ന് അത് ചൂണ്ടിക്കാട്ടി തന്നു,' കരൺ ശർമ പറഞ്ഞു.

മത്സരത്തിൽ ഇന്ത്യ തോറ്റെങ്കിലും വിരാടിന്‍റെ കീഴിലുള്ള ഇന്ത്യയുടെ പോരാട്ടം ഒരുപാട് പ്രശംസ നേടിയതായിരുന്നു. പിന്നീട് പരമ്പരയുടെ അവസാനം ധോണി വിരമിക്കൽ പ്രഖ്യാപനം നടത്തുകയും വിരാട് ഇന്ത്യയുടെ ഫുൾ ടൈം നായകനായി മാറുകയും ചെയ്തു. പിന്നീട് ഇന്ത്യൻ ടീമിന്‍റെ ടെസ്റ്റ് ക്രിക്കറ്റിലെ സമീപനം മാറ്റുവാനും വിപ്ലവം സൃഷ്ടിക്കാനും വിരാട് കോഹ്ലി എന്ന നായകന് സാധിച്ചിട്ടുണ്ട്.

Tags:    
News Summary - karn sharma praised virat kohli's attitude in frist match as a captain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.