ചെന്നൈ: ഐ.പി.എൽ ഫൈനലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനോട് പരാജയപ്പെട്ട സൺറൈസേഴ്സ് ഹൈദരാബാദ് താരങ്ങളെ അഭിനന്ദിച്ചും ആശ്വസിപ്പിച്ചും ടീം ഉടമ കാവ്യ മാരൻ. മത്സരശേഷം ഡ്രസ്സിങ് റൂമിൽ എത്തി കാവ്യ താരങ്ങളോടും സപ്പോർട്ടിങ് സ്റ്റാഫിനോടും സംസാരിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്.
ചെപ്പോക്കിലെ എം.എ ചിദംബരം സ്റ്റേഡിയത്തിൽ നടന്ന കലാശപ്പോരിൽ കൊൽക്കത്ത എട്ടു വിക്കറ്റിനാണ് ഹൈദരാബാദിനെ പരാജയപ്പെടുത്തിയത്. കൊൽക്കത്തയുടെ മൂന്നാം ഐ.പി.എൽ കിരീടമാണിത്. ബൗളിങ്ങിലും ബാറ്റിങ്ങിലും കൊൽക്കത്തയുടെ സമ്പൂർണ ആധിപത്യമായിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഓറഞ്ച് പടയെ 113 റൺസിൽ ഒതുക്കിയ കൊൽക്കത്ത, മറുപടി ബാറ്റിങ്ങിൽ 10.3 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ അനായാസം ലക്ഷ്യത്തിലെത്തി.
ട്വന്‍റി20 ക്രിക്കറ്റിനെ പുനർനിർവചിച്ചവരാണ് നമ്മുടെ ബാറ്റർമാരെന്നും കൊൽക്കത്ത ജയിച്ചിട്ടും ആളുകൾ ഹൈദരാബാദ് ടീമിനെ കുറിച്ച് സംസാരിക്കുന്നത് കേൾക്കുമ്പോൾ അഭിമാനം തോന്നുന്നതായും കാവ്യ പറഞ്ഞു. ‘നിങ്ങളെയോർത്ത് അഭിമാനിക്കുന്നു. ഡ്രസ്സിങ് റൂമിലേക്ക് വന്നാണ് ഞാനിത് പറയുന്നത്. ട്വന്‍റി20 ക്രിക്കറ്റിനെ തന്നെ നിങ്ങൾ പുനർനിർവചിച്ചു, എല്ലാവരും ടീമിനെ കുറിച്ച് സംസാരിക്കുന്നു. വലിയ നേട്ടമാണത്. ബാറ്റ് കൊണ്ടും പന്തുകൊണ്ടും മികച്ച പ്രകടനമാണ് നടത്തിയത്. കഴിഞ്ഞ വർഷം ടീം അവസാന സ്ഥാനത്താണ് ഫിനിഷ് ചെയ്തത്. നമ്മുടെ ടീമിന്‍റെ കഴിവ് അറിയാവുന്നതു കൊണ്ടാണ് ഇത്തവണ ആരാധരുടെ വലിയ പിന്തുണ ലഭിച്ചത്’ -കാവ്യ താരങ്ങളോട് പറഞ്ഞു.
നിരാശരായി ഇരിക്കരുത്. എല്ലാവരും നമ്മളെ കുറിച്ചാണ് സംസാരിക്കുന്നത്. ജയിച്ചത് കൊൽക്കത്തയാണെങ്കിലും, നമ്മുടെ കളിയാണ് ഇനിയുള്ള നാളുകളിൽ സംസാര വിഷയം. നമ്മൾ ഫൈനൽ കളിച്ചു, മറ്റു മത്സരങ്ങളെ പോലെയല്ല അതെന്നും നന്ദിയുണ്ടെന്നും പറഞ്ഞാണ് കാവ്യ ഡ്രസ്സിങ് റൂമിൽനിന്ന് മടങ്ങിയത്. ടീമിന്‍റെ മത്സരങ്ങളിൽ പ്രചോദനവുമായി ഗാലറിയിലെ സ്ഥിരം സാന്നിധ്യമായിരുന്നു കാവ്യ. ഫൈനൽ തോൽവിക്കു പിന്നാലെ ഗാലറിയിൽ കരയുന്ന കാവ്യയുടെ ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു.
ദുഃഖം നിയന്ത്രിക്കാനാകാതെ കാവ്യ പൊട്ടിക്കരയുകയായിരുന്നു. മകളെ പിന്തുണക്കാൻ നിർമാതാവും സൺടിവി ഗ്രൂപ്പ് ഉടമയുമായ കലാനിധി മാരനും ഗാലറിയിൽ ഉണ്ടായിരുന്നു. ടീമിന്‍റെ വിജയത്തിൽ വി.വി.ഐ.പി ഗാലറിയിൽ തുള്ളിച്ചാടുന്ന കാവ്യയും തോല്‍വിയില്‍ സങ്കടപ്പെട്ടിരിക്കുന്ന കാവ്യയും ഐ.പി.എല്ലിലെ സ്ഥിരം കാഴ്ചയായിന്നു. കൊൽക്കത്ത ടീം ഉടമകളിലൊരാളായ ഷാറൂഖ് ഖാൻ കുടുംബത്തോടൊപ്പമാണ് മത്സരം കാണാനെത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.