ഇന്ദോർ: മുംബൈയെ വീഴ്ത്തിയ പോരാട്ടവീര്യം ചോരാതെ കാത്ത കേരളം ദേശീയ വനിതാ സീനീയർ ഏകദിന ക്രിക്കറ്റ് ടൂർണമെന്‍റിൽ കരുത്തരായ പഞ്ചാബിനെയും തകർത്ത് മുന്നോട്ട്. 55 പന്തിൽ 72 റൺസുമായി വെടിക്കെട്ട് ബാറ്റിങ് പുറത്തെടുത്ത മിന്നുമണിയുടെ മികവിൽ പഞ്ചാബിനെ 67 റൺസിനാണ് കേരള വനിതകൾ പരാജയപ്പെടുത്തിയത്.
50 റൺസെടുത്ത ക്യാപ്റ്റൻ ടി. ഷാനിയും 38 പന്തിൽ 34 റൺസെടുത്ത എസ്. സജനയും മിന്നുമണിക്ക് മികച്ച പിന്തുണ നൽകിയപ്പോൾ ടോസ് നഷ്ടമായി ആദ്യം ബാറ്റിങ്ങിനിറങ്ങിയ കേരളം 48.4 ഓവറിൽ 216 റൺസെടുത്ത് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ പഞ്ചാബിനെ 50 ഓവറിൽ ഒമ്പതു വിക്കറ്റിന് 149 റൺസിൽ തളച്ചാണ് കേരളം ഗംഭീര ജയം സ്വന്തമാക്കിയത്. പുറത്താകാതെ 50 റൺസെടുത്ത ബി.എൻ. മീനയൊഴികെ മറ്റാർക്കും പഞ്ചാബ് ഇന്നിങ്സിൽ പിടിച്ചുനിൽക്കാനായില്ല. കേരളത്തിനുവേണ്ടി ജിപ്സ വി. ജോസഫും അലീന സുരേന്ദ്രനും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ സജനയും മൃദുലയും ഓരോ വിക്കറ്റെടുത്തു. മൂന്നു പഞ്ചാബി താരങ്ങളെ റണ്ണൗട്ടാക്കി മിന്നുമണി ഫീൽഡിങ്ങിലും തിളങ്ങി.
ഭൂമികയും (ആറ്) മുംബൈക്കെതിരെ സെഞ്ച്വറി നേടിയ ജിൻസി ജോർജും (നാല്) എളുപ്പം തിരിച്ചുകയറിയപ്പോൾ രണ്ടിന് 16 റൺസെന്ന അപകടകരമായ നിലയിലായിരുന്നു കേരളം. ഈ ഘട്ടത്തിൽ ഒത്തുചേർന്ന ഷാനിയും അക്ഷയയും (29) കൂടുതൽ വിക്കറ്റ് കളയാതെ ക്രീസിൽ പിടിച്ചുനിൽക്കാനുള്ള ശ്രമത്തിലായിരുന്നു. 27ാം ഒാവർ വരെ ഇരുവരും ക്രീസിൽ നിലയുറപ്പിച്ചപ്പോൾ ടീം സ്കോർ 94ലെത്തി. 87പന്ത് നേരിട്ട് 29 റൺസെടുത്ത അക്ഷയ പുറത്തായതിനുപിന്നാലെ അതേ സ്കോറിൽ ഷാനിയും മടങ്ങി. 66 പന്തിൽ എട്ടു ഫോറടക്കമാണ് ഷാനി 50ലെത്തിയത്. തൊട്ടുടനെ ഐ.വി. ദൃശ്യയും (ഒന്ന്) തിരിച്ചുകയറിയതോടെ അഞ്ചു വിക്കറ്റിന് 96 റൺസെന്ന നിലയിലായി കേരളം.
ഈ പ്രതിസന്ധിഘട്ടത്തിൽ ക്രീസിലൊത്തുചേർത്ത മിന്നുമണിയും സജനയും ചേർന്ന് വെടിക്കെട്ട് ബാറ്റിങ്ങുമായി കളംവാണതോടെ കേരളം 200 കടക്കുകയായിരുന്നു. വയനാട്ടുകാരായ ഇരുവരും ആറാം വിക്കറ്റിൽ 79 പന്തിൽ 99 ചേർത്തതോടെയാണ് ടീം പൊരുതാവുന്ന ടോട്ടലിലെത്തിയത്. നാലു ഫോറടക്കം 38 പന്തിൽ 34 റൺസെടുത്ത സജന പുറത്തായതിനു പിന്നാലെ അഞ്ചോവർ ബാക്കിയിരിക്കെ മിന്നുമണിയും പവലിയനിലെത്തി. 11 ഫോറും ഒരു സിക്സുമടങ്ങിയതായിരുന്നു മിന്നുമണിയുടെ തകർപ്പൻ ഇന്നിങ്സ്.
വാലറ്റത്ത് മൃദുല (നാല്), അലീന സുരേന്ദ്രൻ (ഒന്ന്) ജിപ്സ (ആറ്) എന്നിവർ എളുപ്പം കീഴടങ്ങിയതോടെ എട്ടു പന്തു ബാക്കിയിരിക്കേ കേരളം ഓൾഔട്ടാവുകയായിരുന്നു. നാലു വിക്കറ്റ് വീഴ്ത്തിയ കനിക അഹൂജയാണ് പഞ്ചാബ് ബൗളിങ്ങിൽ തിളങ്ങിയത്. ഈ ജയത്തോടെ കേരളത്തിന് നാലു പോയന്‍റ് കൂടി സ്വന്തമായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.