കൊൽക്കത്ത: ഐ.പി.എൽ 18ാം സീസൺ ഉദ്ഘാടന ചടങ്ങുകൾ കൊൽക്കത്തയിലെ ഈഡൻ ഗാർഡൻസ് സ്റ്റേഡിയത്തിൽ തുടങ്ങി. ഉദ്ഘാടന മത്സരത്തിന് മഴഭീഷണിയുണ്ടെങ്കിലും വൈകീട്ടോടെ ആകാശം തെളിഞ്ഞു. ശ്രേയ ഘോഷാലും കരൺ ഓജ്ലയുമടക്കം താരനിര അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങുകൾ പുരോഗമിക്കുകയാണ്.
നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. ഉദ്ഘാടന ചടങ്ങുകൾക്ക് ശേഷം വൈകീട്ട് 7.30നാണ് മത്സരം ആരംഭിക്കുക.
കൊൽക്കത്ത ഉൾപ്പെടെയുള്ള മേഖലയിൽ ഇന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ഓറഞ്ച് അലർട്ടുണ്ട്. മഴ പെയ്ത് മത്സരം ഉപേക്ഷിക്കുകയാണെങ്കിൽ ഇരു ടീമുകൾക്കും ഓരോ പോയിന്റ് വീതം വീതിച്ചുനൽകും. പ്ലേഓഫും ഫൈനലും പോലെ ഗ്രൂപ് ഘട്ടത്തിലെ മത്സരങ്ങൾക്ക് റിസർവ് ദിനമില്ല.
ഏറ്റവും കരുത്തരായ രണ്ട് ടീമുകളാണ് ഉദ്ഘാടന മത്സരത്തിൽ മുഖാമുഖം വരുന്നത്. മൂന്നുതവണ ചാമ്പ്യന്മാരായ ടീമാണ് കൊൽക്കത്ത. കരുത്തരാണെങ്കിലും ഒരിക്കൽ പോലും കിരീടനേട്ടം സഫലമാക്കാനാകാത്തവരാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. രഹാനെക്കു കീഴിൽ വരുൺ ചക്രവർത്തിയെന്ന ചാട്ടുളിയെ ഇറക്കിയാണ് കൊൽക്കത്ത മുന്നിൽ നിൽക്കാൻ ശ്രമിക്കുന്നതെങ്കിൽ കോഹ്ലിക്കൊപ്പം ഫിൽ സാൾട്ട് കൂടി അണിനിരക്കുന്നതാണ് ബംഗളൂരു നിര. രജത് പാട്ടിദറാണ് ക്യാപ്റ്റൻ. ജിതേഷ് ശർമ, ലിയാം ലിവിങ്സ്റ്റൺ എന്നിവർകൂടി കോഹ്ലിക്ക് കൂട്ടായുണ്ട്. എന്നാൽ, ഗുജറാത്തിനൊപ്പം ചേർന്ന സ്റ്റാർ ബൗളർ മുഹമ്മദ് സിറാജിന്റെ നഷ്ടം കനത്തതാകും.
ഏറെ പുതുമകളേറെയാണ് ഐ.പി.എല്ലിൽ ഇത്തവണ മത്സരം നടക്കുക. കോവിഡ് കാലത്ത് നിലവിൽവന്ന ഉമിനീര് വിലക്ക് എടുത്തുകളഞ്ഞതാണ് ഏറ്റവും പ്രധാനം. പന്ത് വരുതിയിൽ നിർത്താൻ ഉമിനീര് പുരട്ടുന്നത് അനുവദിച്ച് ബി.സി.സി.ഐയാണ് വിലക്ക് എടുത്തുകളഞ്ഞത്. 2022ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വിലക്ക് അനിശ്ചിത കാലത്തേക്കാക്കിയിരുന്നത്. ഐ.പി.എൽ സ്വന്തം നിയമപ്രകാരം ആയതിനാൽ ഐ.സി.സി വിലക്ക് ബാധകമാകില്ല.
മഞ്ഞ് കളിയെ ബാധിക്കാതിരിക്കാൻ രാത്രികാല കളികളിൽ 11ാം ഓവറിൽ പുതിയ പന്ത് ഉപയോഗിക്കാൻ അമ്പയർക്ക് അനുമതി നൽകാം. ഉച്ചക്കു ശേഷം തുടങ്ങുന്നവയെങ്കിൽ ബാധകമാകില്ല. ഡി.ആർ.എസ് നിയമം ഓഫ്സൈഡ് വൈഡുകൾ, ഹൈറ്റ് വൈഡുകൾ എന്നിവക്കും ബാധകമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.