കൊൽക്കത്ത: പുത്തൻ താരോദയങ്ങളുടെ തിരുപ്പിറവിയായും കാഴ്ചക്കാരുടെ എണ്ണത്തിൽ റെക്കോഡുകൾ തിരുത്തിയും ഓരോ തവണയും ലോക ക്രിക്കറ്റിനെ വിസ്മയിപ്പിച്ച ഇന്ത്യൻ പ്രീമിയർ ലീഗ് 18ാം സീസണിന് ഇന്ന് ഗ്രാൻഡ് കിക്കോഫ്. പുതു നിയമങ്ങളും നവ നായകരുമായി ഇളമുറയുടെ ആഘോഷം കുറിച്ച് കൊൽക്കത്ത ഈഡൻ ഗാർഡൻസ് മൈതാനത്ത് നിലവിലെ ചാമ്പ്യന്മാരും ആതിഥേയരുമായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന പോരാട്ടം. ശ്രേയ ഘോഷാലും കരൺ ഓജ്ലയുമടക്കം താരനിര അണിനിരക്കുന്ന ഉദ്ഘാടന ചടങ്ങിലും തുടർന്നും മഴയുണ്ടായേക്കുമെന്ന ആശങ്ക മാനത്ത് നിറഞ്ഞുനിൽക്കുന്നതിനാൽ കളി നടക്കാനും നടക്കാതിരിക്കാനും തുല്യ സാധ്യത.
മാറ്റങ്ങളേറെ
ഐ.പി.എല്ലിൽ ഇത്തവണ പുതുമകളേറെയാണ്. കോവിഡ് കാലത്ത് നിലവിൽവന്ന ഉമിനീര് വിലക്ക് എടുത്തുകളഞ്ഞതാണ് ഏറ്റവും പ്രധാനം. പന്ത് വരുതിയിൽ നിർത്താൻ ഉമിനീര് പുരട്ടുന്നത് അനുവദിച്ച് ബി.സി.സി.ഐയാണ് വിലക്ക് എടുത്തുകളഞ്ഞത്. 2022ലാണ് അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ വിലക്ക് അനിശ്ചിത കാലത്തേക്കാക്കിയിരുന്നത്. ഐ.പി.എൽ സ്വന്തം നിയമപ്രകാരം ആയതിനാൽ ഐ.സി.സി വിലക്ക് ബാധകമാകില്ല. മഞ്ഞ് കളിയെ ബാധിക്കാതിരിക്കാൻ രാത്രികാല കളികളിൽ 11ാം ഓവറിൽ പുതിയ പന്ത് ഉപയോഗിക്കാൻ അമ്പയർക്ക് അനുമതി നൽകാം. ഉച്ചക്കു ശേഷം തുടങ്ങുന്നവയെങ്കിൽ ബാധകമാകില്ല. ഡി.ആർ.എസ് നിയമം ഓഫ്സൈഡ് വൈഡുകൾ, ഹൈറ്റ് വൈഡുകൾ എന്നിവക്കും ബാധകമാക്കി.
ക്യാപ്റ്റന്മാരുടെ കളി
പുതിയ സീസണിൽ ഏഴു ടീമുകൾ പുതിയ നായകന്മാർക്ക് കീഴിലാണ് ഇറങ്ങുന്നതെന്ന സവിശേഷതയുണ്ട്. ശരിക്കും ഞെട്ടലാകുക മെഗാ സ്റ്റാർ വിരാട് കോഹ്ലിയുടെ സ്വന്തം ടീമായ ബംഗളൂരുവിനെ നയിക്കുന്നത് ഇനിയും ട്വന്റി20 ദേശീയ ടീമിൽ ഇടം ലഭിക്കാത്ത രജത് പട്ടീദാർ ആണെന്നതുതന്നെ. ഡൽഹി ക്യാപിറ്റൽസ് അമരത്ത് അക്ഷർ പട്ടേലും പഞ്ചാബ് കിങ്സ് തലപ്പത്ത് ശ്രേയസ് അയ്യറും കളി നയിക്കുമ്പോൾ 2024ൽ കൊൽക്കത്തയെ ഉയരങ്ങളിലെത്തിച്ച ശ്രേയസിന്റെ പിൻഗാമിയായി അജിൻക്യ രഹാനെയെത്തും. വിരലിന് പരിക്കേറ്റ് വിശ്രമത്തിലുള്ള സഞ്ജു സാംസണിന് പകരം ആദ്യ മൂന്ന് കളികളിൽ രാജസ്ഥാനെ നയിച്ച് റിയാൻ പരാഗ് മുന്നിലുണ്ടാകും. മുംബൈ ഇന്ത്യയുടെ കന്നി പോരാട്ടത്തിൽ സൂര്യകുമാർ യാദവിനാകും നായകത്തൊപ്പി. ഹാർദിക് ഒരു കളിയിൽ സസ്പെൻഷൻ നേരിടുന്നതാണ് പ്രശ്നം.
പന്ത് റിട്ടേൺസ്
ജീവൻ അപകടത്തിലാക്കിയ വൻ അപകടത്തിൽനിന്ന് തിരിച്ചുവന്ന് ദേശീയ ടീമിലുൾപ്പെടെ ഇടം ഭദ്രമാക്കുകയും ഐ.പി.എൽ ചരിത്രത്തിൽ ഏറ്റവും ഉയർന്ന തുകക്ക് ലഖ്നോ സൂപ്പർ ജയന്റ്സ് സ്വന്തമാക്കുകയും ചെയ്ത ഋഷഭ് പന്താകും ഇത്തവണ ഹൈലൈറ്റ്. ചാമ്പ്യൻസ് ലീഗ്, ട്വന്റി20 പരമ്പരകളിൽ ദേശീയ ടീമിൽ ഇടം കണ്ടെത്തിയെങ്കിലും ഒരു കളിയിലും താരം ഇറങ്ങിയിരുന്നില്ല.
താരങ്ങൾക്ക് പുറമെ പരിശീലകരിലുമുണ്ട് ഇത്തവണ മാറ്റങ്ങൾ. ഡൽഹി പരിശീലകനായിരുന്ന റിക്കി പോണ്ടിങ് പുതിയ സീസണിൽ പഞ്ചാബ് കിങ്സിനൊപ്പമാണെങ്കിൽ ഡൽഹിയിൽ പകരക്കാരനായി ഹേമങ് ബദാനിയാണ്. രാജസ്ഥാൻ മുഖ്യ പരിശീലക റോളിൽ രാഹുൽ ദ്രാവിഡ് എത്തുന്നുവെന്ന സവിശേഷതയുമുണ്ട്. കഴിഞ്ഞ വർഷം ഇന്ത്യയെ ലോക ട്വന്റി20 ചാമ്പ്യന്മാരാക്കിയ ശേഷം ദേശീയ ജഴ്സി അഴിച്ച ദ്രാവിഡിന് ഐ.പി.എല്ലിൽ ആദ്യ അവസരമാണ്.
ബുംറ വരുമോ?
ചാമ്പ്യൻസ് ട്രോഫിയിൽ പ്രതീക്ഷിച്ച ബുംറയുടെ തിരിച്ചുവരവ് ഐ.പി.എല്ലിലുണ്ടാകുമോ? ബംഗളൂരു ദേശീയ ക്രിക്കറ്റ് അക്കാദമിയിൽ വിശ്രമത്തിലുള്ള താരത്തിന്റെ തിരിച്ചുവരവ് മുംബൈ ഇന്ത്യൻസിന് മാത്രമല്ല, ടീം ഇന്ത്യക്കും വലിയ കാത്തിരിപ്പാണ്.
ധോണി സൂപ്പർ കിങ്
ചെന്നൈ സൂപ്പർ കിങ്സിൽ ഇപ്പോഴും താരസാന്നിധ്യമാണ് 43കാരനായ മഹേന്ദ്ര സിങ് ധോണി. പഴയ ഫോമിന്റെ പരിസരത്തുപോലുമില്ലെങ്കിലും ചെന്നൈക്കും ആരാധകർക്കും ധോണിയാശാൻ വേണം. 2020ൽ അന്താരാഷ്ട്ര ക്രിക്കറ്റ് നിർത്തിയ ശേഷം സജീവമായി തുടരുന്ന ഏക രംഗമാണ് ഐ.പി.എൽ. ഇത്തവണ അവസാനത്തെ ഐ.പി.എൽ ആകുമോ എന്നാണ് രാജ്യം ഉറ്റുനോക്കുന്നത്.
രോ-കോ തിരിച്ചുവരവ്
ട്വന്റി20 ലോകകപ്പ് കിരീടനേട്ടത്തിനു ശേഷം കുട്ടിക്രിക്കറ്റ് നിർത്തിയ രോഹിത് ശർമക്കും വിരാട് കോഹ്ലിക്കും ഇടവേളക്കു ശേഷം വീണ്ടും കഴിവുതെളിയിക്കാൻ അവസരം. കഴിഞ്ഞ സീസണിൽ 741 റൺസുമായി കോഹ്ലിയായിരുന്നു റൺവേട്ടക്കാരൻ.
കൊൽക്കത്ത പിടിക്കാൻ ബംഗളൂരു
കൊൽക്കത്ത: പ്രൗഢമായ ഉദ്ഘാടന ചടങ്ങുകൾക്കിടെ ഏറ്റവും കരുത്തരായ രണ്ട് ടീമുകൾ ഇന്ന് മുഖാമുഖം വരുമ്പോൾ തീർച്ചയായും പോര് കനക്കും. 17 സീസണുകളിൽ മൂന്നുതവണ ചാമ്പ്യന്മാരാണ് കൊൽക്കത്തയെങ്കിലും ഒരിക്കലെങ്കിലും മാറോടു ചേർക്കാനുള്ള മോഹം ഇനിയും സഫലമാക്കാനാകാത്തവരാണ് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു. രഹാനെക്കു കീഴിൽ വരുൺ ചക്രവർത്തിയെന്ന ചാട്ടുളിയെ ഇറക്കിയാണ് കൊൽക്കത്ത മുന്നിൽ നിൽക്കാൻ ശ്രമിക്കുന്നതെങ്കിൽ കോഹ്ലിക്കൊപ്പം ഫിൽ സാൾട്ട് കൂടി അണിനിരക്കുന്നതാണ് ബംഗളൂരു നിര. ജിതേഷ് ശർമ, ലിയാം ലിവിങ്സ്റ്റൺ എന്നിവർകൂടി കോഹ്ലിക്ക് കൂട്ടായുണ്ട്. എന്നാൽ, ഗുജറാത്തിനൊപ്പം ചേർന്ന സ്റ്റാർ ബൗളർ മുഹമ്മദ് സിറാജിന്റെ നഷ്ടം കനത്തതാകും.
കളി 7.30pm (സ്റ്റാർ സ്പോർട്സ് ലൈവ്)
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.