ഐ.പി.എല്ലിന്‍റെ 18ാം പതിപ്പിന് നാളെ തിരിതെളിയാനിരിക്കെ, ഡൽഹി കാപിറ്റൽസിന് വീണ്ടും തിരിച്ചടി. ഇംഗ്ലീഷ് താരം ഹാരി ബ്രൂക്ക് ടീമിൽനിന്ന് പിന്മാറിയതിനു പിന്നാലെ ആദ്യത്തെ രണ്ടു മത്സരം മറ്റൊരു സൂപ്പർതാരത്തിനും നഷ്ടമായേക്കും.
2025 ഐ.പി.എല്ലിന്‍റെ ആദ്യ രണ്ടു മത്സരങ്ങൾ കെ.എൽ. രാഹുൽ കളിച്ചേക്കില്ലെന്ന വിവരമാണ് പുറത്തുവരുന്നത്. സ്റ്റാർ ബാറ്ററായ രാഹുലും ഭാര്യ ആതിയ ഷെട്ടിയും ആദ്യ കുഞ്ഞിനെ വരവേൽക്കാനുള്ള ഒരുക്കത്തിലാണ്. ചാമ്പ്യൻസ് ട്രോഫി വിജയിച്ചതിനു പിന്നാലെയാണ് ഭാര്യ ഗർഭിണിയാണെന്ന വിവരം സാമൂഹ മാധ്യമത്തിലൂടെ താരം പുറത്തു വിട്ടത്. ഈ ആഴ്ച ഡൽഹി ക്യാപിറ്റൽസിന്‍റെ ക്യാമ്പിൽ ചേർന്ന മിച്ചൽ സ്റ്റാർക്കിന്‍റെ ഭാര്യയും ആസ്ട്രേലിയൻ വനിതാ ടീം ക്യാപ്റ്റനുമായ അലീസ ഹീലിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശനായാഴ്ച കൊൽക്കത്ത ഈഡൻ ഗാർഡനിൽ നിലവിലെ ചാമ്പ്യന്മാരായ കൊൽക്കത്ത നൈറ്റ് റൈഡേഴ്സും റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവും തമ്മിലാണ് ഉദ്ഘാടന മത്സരം. മാർച്ച് 24ന് വിശാഖപട്ടണത്ത് ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തോടെയാണ് ഡൽഹി തങ്ങളുടെ കാമ്പയിൻ ആരംഭിക്കുന്നത്.
അക്സർ പട്ടേൽ നയിക്കുന്ന ടീമിന് മാർച്ച് 30ന് സൺറൈസേഴ്സ് ഹൈദരാബാദിനെയും നേരിടും. ഈ രണ്ടു മത്സരങ്ങളും രാഹുലിന് നഷ്ടമാകുമെന്നാണ് അലീസ ഹീലി ഒരു യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയത്. കഴിഞ്ഞ വർഷം നവംബറിൽ നടന്ന മെഗാ താരലേലത്തിൽ 12 കോടി രൂപക്കാണ് രാഹുലിനെ ഡൽഹി വാങ്ങിയത്. ഡൽഹി രാഹുലിനെ സ്വന്തമാക്കിയതു മുതൽ ക്യാപ്റ്റൻസിയുടെ കാര്യത്തിൽ ഒരുപാട് ഊഹാപോഹങ്ങളുണ്ടായിരുന്നു. എന്നാൽ ഒടുവിൽ 2019 മുതൽ ടീമിനൊപ്പമുള്ള അക്സർ പട്ടേലിനെയാണ് ക്യാപ്റ്റനായി പ്രഖ്യാപിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.