ലഖ്നോ: കുറഞ്ഞ ഓവർ നിരക്കിന് ലഖ്നോ സൂപ്പർ ജയന്‍റ്സ് നായകൻ കെ.എൽ. രാഹുലിനും ചെന്നൈ സൂപ്പർ കിങ്സ് നായകൻ ഋതുരാജ് ഗെയ്‌ക്‌വാദിനും പിഴ. ഇരുവർക്കും 12 ലക്ഷം രൂപ വീതമാണ് പിഴ ചുമത്തിയത്.
വെള്ളിയാഴ്ച നടന്ന മത്സരത്തിൽ ചെന്നൈയെ എട്ടു വിക്കറ്റിന് ലഖ്നോ പരാജയപ്പെടുത്തിയിരുന്നു. സീസണിൽ ആദ്യമായാണ് ഇരുവർക്കും എതിരെ കുറഞ്ഞ ഓവർ നിരക്കിന് പിഴ ചുമത്തുന്നത്. ഔദ്യോഗിക ഐ.പി.എൽ വെബ്സൈറ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ആദ്യം ബാറ്റ് ചെയ്ത് ചെന്നൈ ആറു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ രാഹുലിന്‍റെ തകർപ്പൻ പ്രകടനത്തിൽ ലഖ്നോ രണ്ട് വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യത്തിലെത്തി.
വാലറ്റത്ത് തകർത്തടിച്ച് ധോണിയാശാനും കൂട്ടുനൽകി മുഈൻ അലിയും നൽകിയ കരുത്തിലാണ് ചെന്നൈ 176 റൺസിലെത്തിയത്. മുൻനിരയിൽ പലരും രണ്ടക്കം കാണാതെ പതറിയിടത്ത് അർധ സെഞ്ച്വറിയുമായി രവീന്ദ്ര ജഡേജ (57) പിടിച്ചുനിന്നതായിരുന്നു ചെന്നൈ ബാറ്റിങ്ങിന്റെ ഹൈലൈറ്റ്. ഒമ്പതു പന്ത് മാത്രം നേരിട്ട ധോണി മൂന്ന് ഫോറും രണ്ട് സിക്സറുമടിച്ച് 28ലെത്തിയപ്പോൾ 20 പന്തു നേരിട്ട് മുഈൻ അലി മൂന്ന് സിക്സറുകളുടെ അകമ്പടിയിൽ 30 റൺസെടുത്തു.
മറുപടി ബാറ്റിങ്ങിൽ ഓപണർമാരായ ക്വിന്റൺ ഡി കോക്കും കെ.എൽ രാഹുലും സുരക്ഷിതമായി കളി നയിക്കുന്നതായിരുന്നു കാഴ്ച. ഇരുവരും അർധ സെഞ്ച്വറി കണ്ടെത്തിയ കളിയിൽ ആദ്യം മടങ്ങിയത് 54 റൺസെടുത്ത ഡി കോക്ക്. നികൊളാസ് പൂരാനെ (23 നോട്ടൗട്ട്) കൂട്ടി ടീമിനെ വിജയ തീരത്തോളം നയിച്ച രാഹുൽ 82 റൺസിൽ മടങ്ങി. 53 പന്തിൽ ഒമ്പതു ഫോറും മൂന്നു സിക്സറും പായിച്ചായിരുന്നു രാഹുൽ മികച്ച സ്കോർ കുറിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.