പൂണെ: വിരാട് കോഹ്‍ലിയുടെ 48ാം ഏകദിന സെഞ്ച്വറി അനായസ ജയമാണ് ബംഗ്ലാദേശിനെതിരെ ഇന്ത്യക്ക് നേടിക്കൊടുത്തത്. 97 പന്തിലാണ് കോഹ്‍ലി 103 റൺസെടുത്തത്. 41.3 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 261 റൺസെടുത്താണ് ഇന്ത്യ ജയം കുറിച്ചത്. 257 റൺസായിരുന്നു ബംഗ്ലാദേശ് ഇന്ത്യക്ക് മുന്നിലുയർത്തിയ വിജയലക്ഷ്യം.ഇന്ത്യൻ താരം കെ.എൽ രാഹുൽ പുറത്താകാതെ 34 റൺസെടുത്തു.
മത്സരത്തിൽ നാടകീയമായിരുന്നു കോഹ്‍ലിയുടെ സെഞ്ച്വറി നേട്ടം. ഒരുവേള കോഹ്‍ലി സെഞ്ച്വറി നേടില്ലെന്ന് തോന്നിച്ചുവെങ്കിലും ഒടുവിൽ 42ാം ഓവറിൽ നസീമിന്റെ പന്തിൽ സിക്സറടിച്ച് ഇന്ത്യൻ താരം നേട്ടം പൂർത്തിയാക്കി. കോഹ്‍ലിയുടെ സെഞ്ച്വറി നേട്ടത്തിന് പിന്നാലെ ഇതുസംബന്ധിച്ച വിവാദങ്ങളും ചൂടുപിടിക്കുകയാണ്. കോഹ്‍ലി വ്യക്തിഗത നേട്ടത്തിനായാണ് കളിച്ചത് എന്ന വിമർശനമാണ് പ്രധാനമായും ഉയർന്നത്. ടീമിന് ലഭിക്കുമായിരുന്ന പല സിംഗിൾ റണ്ണുകളും കോഹ്‍ലിയെടുത്തില്ലെന്നാണ് വിമർശകർ പറയുന്നത്. വിവാദങ്ങൾക്കിടെ ഇക്കാര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് കോഹ്‍ലിക്കൊപ്പം കളിച്ച കെ.എൽ രാഹുൽ.
കഴിഞ്ഞ ദിവസം മത്സരത്തിനിടെ കോഹ്‍ലി ആശയക്കുഴപ്പത്തിലായിരുന്നുവെന്ന് കെ.എൽ രാഹുൽ പറഞ്ഞു. ലോകകപ്പ് പോലൊരു വലിയ വേദിയിൽ സിംഗിൾ എടുക്കാതിരിക്കുന്നത് പോലും ശരിയല്ലെന്നായിരുന്നു കോഹ്‍ലിയുടെ നിലപാട്. സെഞ്ച്വറി നേടണമെന്ന് താൻ ആഗ്രഹിക്കുന്നില്ലെന്ന് കോഹ്‍ലി പറഞ്ഞതായി കെ.എൽ രാഹുൽ വ്യക്തമാക്കി.
നമ്മൾ കളി ഇപ്പോൾ ജയിച്ചിട്ടില്ലെങ്കിലും ഉറപ്പായും ജയിക്കുമെന്ന് മത്സരം പുരോഗമിക്കുന്നതിനിടെ താൻ കോഹ്‍ലിയോട് പറഞ്ഞു. നിങ്ങൾക്ക് സെഞ്ച്വറി നേടാൻ കഴിയുമെങ്കിൽ എന്തുകൊണ്ട് ശ്രമിച്ചുകൂടായെന്നും താൻ ചോദിച്ചതായി രാഹുൽ പറഞ്ഞു. അവസാന ഓവറിലെ വൈഡ്‍ വിവാദത്തെ സംബന്ധിച്ച ചോദ്യത്തിന് ഒരു ടീമിന് മാത്രം അനുകൂലമായല്ല അമ്പയർ തീരുമാനമെടുക്കുന്നതെന്ന് കെ.എൽ രാഹുൽ പറഞ്ഞു. മുൻ ഓവറിലും അത് സംഭവിച്ചിരുന്നു. ഇത്തരം ചോദ്യങ്ങൾക്ക് ഉത്തരം പറയാൻ ബുദ്ധിമുട്ടാണെന്നും കെ.എൽ രാഹുൽ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം ഇന്ത്യൻ ബാറ്റിങ്ങിനിടെ 42ാം ഓവറിലെ ആദ്യ പന്ത് വൈഡ് ലൈനിൽ വീണുവെങ്കിലും അമ്പയർ വൈഡ്‍ വിളിച്ചിരുന്നില്ല. അപ്പോൾ ഇന്ത്യക്ക് ജയിക്കാൻ രണ്ട് റൺസ് മാത്രമാണ് വേണ്ടിയിരുന്നത്. സെഞ്ച്വറി പൂർത്തിയാക്കാൻ കോഹ്‍ലിക്ക് മൂന്ന് റൺസ് കൂടി വേണമായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.