മെൽബൺ: അഡ്ലെയ്ഡ് ഓവലിൽ വെറും 36 റൺസിന് പുറത്തായി എട്ടുവിക്കറ്റിന്‍റെ തോൽവിവഴങ്ങിയ മാനക്കേടിൽ നിന്നും ടീം ഇന്ത്യ ഉയിർത്തെഴുന്നേറ്റു. ബോക്സിങ് േഡ ടെസ്റ്റിൽ മെൽബണിൽ ആസ്ട്രേലിയയെ എട്ടുവിക്കറ്റിന് മലർത്തിയടിക്കുേമ്പാൾ താരമായത് അമരക്കാരനായ അജിൻക്യ രഹാനെയാണ്. വിരാട് കോഹ്ലി, മുഹമ്മദ് ഷമി, ഇഷാന്ത് ശർമ, രോഹിത് ശർമ തുടങ്ങിയ സൂപ്പർ താരങ്ങളുടെ അസാന്നിധ്യത്തിൽ പതറുമെന്ന് കരുതിയ ഇന്ത്യയെ ഉലയാതെ കരക്കടിപ്പിച്ച രഹാനെ വാഴ്ത്തപ്പെട്ടവനായി.
ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറിയുമായി (112) ഇന്ത്യയുടെ നട്ടെല്ലായ രഹാനെ തന്നെയാണ് കളിയിലെ താരം.ആറിന് 133 റൺസ് എന്ന നിലയിൽ നാലാം ദിനം കളി തുടങ്ങിയ ഓസീസ് വാലറ്റത്തിെൻറ മികവിലാണ് 200ലെത്തിയത്. സ്കോർ 98ൽ ഒന്നിച്ച കാമറൂൺ ഗ്രീനും (45) പാറ്റ് കമ്മിൻസും (22) ചേർന്ന് ഇന്ത്യൻ ബൗളർമാർക്ക് പിടിനൽകാതെ ക്രീസിൽ തുടർന്നു. അശ്വിൻ, സിറാജ്, ജദേജ കൂട്ടിനെ ക്യാപ്റ്റൻ രഹാനെ മാറിമാറി പരീക്ഷിച്ചിട്ടും വീഴാതെ തന്നെ തുടർന്ന ആറാം വിക്കറ്റ് കൂട്ടുകെട്ട് രണ്ടാം ന്യൂബാൾ എടുത്തതിനു പിന്നാലെയാണ് വീണത്. പുതിയ പന്ത് കണക്കാക്കി ബുംറക്ക് ഇടവേള നൽകി സൂക്ഷിച്ച രഹാനെയുടെ തന്ത്രം വിജയം കണ്ട നിമിഷമായിരുന്നു അത്.
ന്യൂബാളിലെ രണ്ടാം ഓവറിൽ തന്നെ ബുംറ കമ്മിൻസിനെ മായങ്കിെൻറ കൈകളിലെത്തിച്ച് ഓസീസ് ഇന്നിങ്സിലെ ദൈർഘ്യമേറിയ കൂട്ടുകെട്ട് പിളർത്തി (213 പന്തിൽ 57 റൺസ് കൂട്ടുകെട്ട്). എട്ട് ഓവറിനകം കാമറൂൺ ഗ്രീൻ ജദേജക്ക് പിടികൊടുത്ത് മടങ്ങി. സിറാജിെൻറ ഷോർട്ലെങ്ത് പന്ത് പുൾചെയ്ത് ബൗണ്ടറി നേടാനുള്ള ശ്രമമായിരുന്നു വിക്കറ്റിൽ കലാശിച്ചത്. 45 റൺസെടുത്ത കാമറൂൺ ഗ്രീനാണ് രണ്ടാം ഇന്നിങ്സിൽ ആതിഥേയരുടെ ടോപ് സ്കോറർ. പിന്നെ ചടങ്ങു മാത്രമായി. നഥാൻ ലിയോൺ (3), ജോഷ് ഹേസൽവുഡ് (10) എന്നിവർ വേഗം മടങ്ങി.
മറുപടി ബാറ്റിങ്ങിൽ ജയിക്കാൻ 70 ലക്ഷ്യം. 10 വിക്കറ്റിൽ ജയിക്കാമായിരുന്ന സ്കോറിനു മുന്നിൽ മായങ്ക് അഗർവാളും (5) ചേതേശ്വർ പുജാരയും (3) പരാജയമായപ്പോൾ അരങ്ങേറ്റക്കാരൻ ശുഭ്മാൻ ഗില്ലും (35 നോട്ടൗട്ട്) നായകൻ അജിൻക്യ രഹാനെയും (27 നോട്ടൗട്ട്) ചേർന്നാണ് എട്ടു വിക്കറ്റിെൻറ തിളക്കമാർന്ന ജയത്തിലേക്ക് ടീമിനെ നയിച്ചത്. ജനുവരി ഏഴിന് സിഡ്നിയിലാണ് മൂന്നാം ടെസ്റ്റ്. അപ്പോഴേക്കും രോഹിത് ശർമ ടീമിനൊപ്പം ചേരുമെന്ന പ്രതീക്ഷയിലാണ് ടീം ഇന്ത്യ. പ്രതിസന്ധിയിൽ നിന്നും തകർപ്പൻ ജയവുമായി ഇന്ത്യ മൂന്നാം ടെസ്റ്റിനൊരുങ്ങുേമ്പാൾ രഹാനെയിലേക്ക് തന്നെയാണ് കണ്ണുകളെല്ലാം നീളുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.