ഇന്ത്യയിലെ ഏറ്റവും ജനപ്രിയ കായിക ഇനമാണ് ക്രിക്കറ്റ് എന്നതിൽ ആർക്കും സംശയമുണ്ടാകില്ല. ക്രിക്കറ്റ് താരങ്ങൾക്ക് വലിയ ആരാധക വൃന്ദം തന്നെയുണ്ട്. ഓരോ താരങ്ങളും പ്രതിഫല ഇനത്തിൽ കോടികളാണ് സമ്പാദിക്കുന്നത്. ഇതിനു പുറമെയാണ് പരസ്യങ്ങൾ ഉൾപ്പെടെയുള്ള മറ്റു വരുമാനങ്ങളും.
ക്രിക്കറ്റ് ഇതിഹാസം സചിൻ തെണ്ടുൽക്കർ, സൂപ്പർതാരങ്ങളായ വിരാട് കോഹ്ലി, എം.എസ്. ധോണി എന്നിവരെല്ലാം സമ്പന്നരായ ക്രിക്കറ്റ് താരങ്ങളാണ്. എന്നാൽ, ലോകത്തിലെ ഏറ്റവും സമ്പന്ന ക്രിക്കറ്റർ ഇവരാരുമല്ല. ആസ്ട്രേലിയയുടെ മുൻ വിക്കറ്റ് കീപ്പർ ബാറ്റർ ആദം ഗിൽക്രിസ്റ്റാണ് ഏറ്റവും വലിയ സമ്പന്നൻ. ലോകത്തിലെ പ്രമുഖ ബിസിനസ്സ് മാഗസിനായ സി.ഇ.ഒ വേൾഡ് മാഗസിനാണ് ഇക്കാര്യം പുറത്തുവിട്ടത്. ഏകദേശം 3129.26 കോടി രൂപയാണ് (380 മില്യൺ ഡോളർ) താരത്തിന്‍റെ സമ്പാദ്യം. മാസ്റ്റർ ബ്ലാസ്റ്റർ സചിൻ തെണ്ടുൽക്കറാണ് പട്ടികയിൽ രണ്ടാമത്. 1399.55 കോടി രൂപ (170 മില്യൺ ഡോളർ).
നിരവധി പ്രമുഖ കമ്പനികളുടെ മുതിർന്ന പദവികൾ വഹിക്കുന്ന താരമാണ് ഗിൽക്രിസ്റ്റ്. ഇതിലൂടെ താരം ഓരോ വർഷവും കോടികളാണ് സമ്പാദിക്കുന്നത്. ഇന്ത്യയുടെ മുൻ നായകൻ മഹേന്ദ്ര സിങ് ധോണി (115 മില്യൺ ഡോളർ), സ്റ്റാർ ബാറ്റർ വിരാട് കോഹ്ലി (112 മില്യൺ ഡോളർ) എന്നിവരാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളിൽ. ഇന്ത്യൻ താരങ്ങളും വിവിധ കമ്പനികളുടെ ബ്രാൻഡ് അംബാസഡർമാരാണ്.
സമ്പന്നരായ പത്ത് ക്രിക്കറ്റ് താരങ്ങളുടെ പട്ടികയിൽ മുൻ ഓൾറൗണ്ടർ യുവരാജ് സിങ്ങും ബാറ്റർ വിരേന്ദർ സെവാഗും ഉൾപ്പെടും. സെവാഗ് എട്ടാമതും (40 മില്യൺ ഡോളർ) യുവരാജ് ഒമ്പതാമതുമാണ് (35 മില്യൺ ഡോളർ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.