'അവൻ സ്വന്തം കഴിവിൽ വിശ്വസിച്ചാൽ ലോകത്തിലെ തന്നെ മികച്ച താരമാകും'; ഇന്ത്യൻ ബാറ്റർക്ക് പിന്തുണയുമായി മൈക് ഹസി

ന്ത്യൻ ബാറ്റർ കെ.എൽ. രാഹുലിന് പിന്തുണയുമായി മുൻ ആസ്ട്രേലിയൻ താരം മൈക് ഹസി. പുറത്തുനിന്നും ആളുകൾ പറയുന്നതൊന്നും കേൾക്കാൻ നിൽക്കേണ്ടെന്നും സ്വന്തം കഴിവിൽ വിശ്വസിച്ച് മുന്നോട്ട് നീങ്ങിയാൽ മതിയെന്നും ഹസി രാഹുലിനെ ഉപദേശിക്കുന്നു. ടെസ്റ്റ് ക്രിക്കറ്റിൽ മോശം ഫോമിലൂടെയാണ് രാഹുൽ കടന്നുപോകുന്നത്. ന്യൂസിലാൻഡിനെതിരെയുള്ള ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിലെ തോൽവിക്ക് ശേഷം ഇന്ത്യൻ ടീം അദ്ദേഹത്തെ പുറത്തിരുത്തിയിരുന്നു.

53 ടെസ്റ്റ് മത്സരങ്ങൾ കളിച്ച രാഹുലിന്‍റെ ശരാശരി 33.87 മാത്രമാണ്. എന്നാൽ, അദ്ദേഹത്തിന് അകമഴിഞ്ഞ പിന്തുണയുമായി എത്തിയിരിക്കുകയാണ് ഹസി. ' രാഹുൽ മികച്ചൊരു കളിക്കാരനാണ്. അവൻ സ്വന്തം കളിയെ വിശ്വസിക്കണം അതോടൊപ്പം ആത്മവിശ്വാസത്തോടെ നിൽക്കാൻ വേണ്ടതെല്ലാം ചെയ്യണം. നമുക്ക് രാഹുലിന്റെ ക്ലാസ് എന്താണെന്ന് അറിയാം. പുറത്തെ ഒരുപാട് ശബ്ദങ്ങൾ അവനെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നുന്നു. അതായിരിക്കും അവന്‍റെ മനസിൽ സംശയങ്ങ‍ളുണ്ടാക്കുന്നത്. ആ ശബ്ദങ്ങളെയെല്ലാം അവഗണിക്കണം. അതോടൊപ്പം കളിയിലും തയാറെടുപ്പിലും ശ്രദ്ധ കേന്ദ്രീകരിക്കണം. അങ്ങനെ ചെയ്താൽ ലോകത്തിലെ തന്നെ മികച്ച ക്രിക്കറ്റ് താരങ്ങളിൽ ഒരാളായി മാറാൻ രാഹുലിന് കഴിയും.

അവൻ ഈ പരമ്പരയിൽ മികച്ച ഫോമിലെത്തുമെന്ന് എനിക്ക് ഉറപ്പാണ്. ആദ്യ മത്സരം മുതൽ മികച്ച റൺ കണ്ടെത്തും. അതോടൊപ്പം ബാക്കിയുള്ള മത്സരത്തിലും രാഹുൽ ഇത് തുടരും,' ഹസി പറഞ്ഞു. ആദ്യ മത്സരത്തിൽ രോഹിത് ശർമ കളിക്കില്ലെന്ന സാഹചര്യത്തിൽ രാഹുൽ ഓപണറുടെ റോളിൽ തിരിച്ചെത്തിയേക്കുമെന്നാണ് റിപ്പോർട്ടുകൾ.

ആസ്ട്രേലിയക്കെതിരെ അഞ്ച് മത്സരങ്ങളടങ്ങിയ ടെസ്റ്റ് പരമ്പര നവംബർ 22നാണ് ആരംഭിക്കുക. പെർത്ത് ക്രിക്കറ്റ് ഗ്രൗണ്ടാണ് ആദ്യ മത്സരത്തിന് വേദിയൊരുക്കുക. കഴിഞ്ഞ പത്ത് വർഷത്തിനിടെ ഏറ്റുമുട്ടിയ നാല് പരമ്പരയിലും ഇന്ത്യൻ ടീമാണ് വിജയിച്ചത്. ഇതിൽ തന്നെ ആസ്ട്രേലിയൻ മണ്ണിൽ രണ്ട് പരമ്പരയും ഇന്ത്യ വിജയിച്ചിട്ടുണ്ട്.

Tags:    
News Summary - Michael Hussey backs kl rahul says he will be back in good from

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.