രാജ്യന്തര ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ഓൾറൗണ്ടർ മൊയീൻ അലി. 37ാം വയസിലാണ് താരത്തിന്‍റെ വിരമിക്കൽ പ്രഖ്യാപനം. ആസ്ട്രേലിയക്കെതിരെ സ്വന്തം നാട്ടിൽ വെച്ച് നടക്കുന്ന പരമ്പരയിൽ ടീമിലെടുക്കാത്തതിന് പിന്നാലെയാണ് അലി വിരമിക്കുകയാണെന്ന് അറിയിച്ചത്. ഇംഗ്ലണ്ട് ക്രിക്കറ്റ് അടുത്ത തലമുറക്ക് വഴിയൊരുക്കാൻ സമയമായെന്നാണ് അദ്ദേഹത്തിന്‍റെ അഭിപ്രായം.
2021ൽ മൊയീൻ അലി ടെസ്റ്റ് ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ചിരുന്നു എന്നാൽ കഴിഞ്ഞ വർഷത്തെ ആഷസിൽ ഇംഗ്ലണ്ട് അദ്ദേഹത്തെ തിരിച്ചുവിളിക്കുകയായിരുന്നു. ആഷസ് പരമ്പര സമനിലയാക്കുന്നതിൽ പ്രധാന പങ്കുവഹിക്കാൻ അലി സഹായിച്ചിരുന്നു.
'ഇംഗ്ലണ്ടിനായി ഒരുപാട് മത്സരങ്ങളിൽ ഞാൻ കളിച്ചു. സമയമായെന്ന് ഞാൻ വിശ്വസിക്കുന്നു. ഞാൻ എന്റെ ഭാഗം ചെയ്തുകഴിഞ്ഞിരിക്കുന്നു. ഇംഗ്ലണ്ടിന് വേണ്ടി കളിച്ചതാണ് എന്‍റെ ജീവിതത്തിലെ ഏറ്റവും നല്ല കാലം. എനിക്ക് വേണമെങ്കിൽ ഇംഗ്ലണ്ടിനായി ഇനിയും കളിക്കാൻ ശ്രമിക്കാം. എന്നാൽ റിയാലിറ്റിയിലേക്ക് നോക്കുമ്പോൾ അത് നടക്കില്ല. ഞാൻ വിരമിക്കുന്നത് എന്നെകൊണ്ട് പറ്റില്ലെന്ന് തോന്നുന്നത് കൊണ്ടല്ല, എനിക്ക് ഇപ്പോഴും കളിക്കാൻ സാധിക്കുമെന്നാണ് എന്‍റെ വിശ്വാസം. എന്നാൽ കാര്യങ്ങൾ എങ്ങനെയാണെന്ന് ഞാൻ മനസിലാക്കുന്നു. ടീമിന് വലിയ മാറ്റങ്ങളിലേക്ക് പോകാനുള്ള സമയമായി,' മൊയീൻ അലി പറഞ്ഞു.
ഭാവിയിൽ കോച്ചാകാൻ താത്പര്യമുണ്ടെന്നും ബ്രണ്ടൻ മക്കല്ലത്തിനടുത്ത് നിന്ന് ഒരുപാട് പഠിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നുണ്ട്.
2014ലാണ് അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് മൊയീൻ അലി കടന്നുവന്നത്. 68 ടെസ്റ്റുകളും 138 ഏകദിനങ്ങളും 92 ട്വന്റി 20യും അലി ഇംഗ്ലണ്ടിനായി കളിച്ചു. 6,678 റൺസാണ് മൂന്ന് ഫോർമാറ്റുകളിലുമായി അലി അടിച്ചുകൂട്ടിയത്. എട്ട് സെഞ്ച്വറിയും 28 അർധ സെഞ്ച്വറിയും 366 വിക്കറ്റുകളും അലി തന്‍റെ കരിയറിൽ സ്വന്തമാക്കിയിട്ടുണ്ട്. ഈ വർഷം നടന്ന ട്വന്റി 20 ലോകകപ്പിൽ ഇന്ത്യയ്ക്കെതിരെയായിരുന്നു മൊയീൻ അലി ഇംഗ്ലണ്ടിനുവേണ്ടി അവസാനമായി കളത്തിൽ ഇറങ്ങിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.