ട്വന്‍റി20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചതിനു പിന്നാലെ അസംതൃപ്തി തുറന്നു പറഞ്ഞ് മുൻ ഇന്ത്യൻ നായകൻ മുഹമ്മദ് അസ്ഹറുദ്ദീൻ. ആസ്ട്രേലിയ വേദിയാകുന്ന ലോകകപ്പിലേക്ക് 15 അംഗ ടീമിനെയാണ് ബി.സി.സി.ഐ പ്രഖ്യാപിച്ചത്.
പരിക്കിൽനിന്ന് മുക്തരായ ജസ്പ്രീത് ബുംറയും ഹർഷൽ പട്ടേലും ഇന്ത്യൻ നിരയിൽ തിരിച്ചെത്തി. എന്നാൽ, ടീമിൽ ചില മാറ്റങ്ങൾ വരുത്തണമെന്നാണ് താരത്തിന്‍റെ അഭിപ്രായം. ഓൾ റൗണ്ടർ ഹർഷൽ പട്ടേലിനു പകരം പേസർ മുഹമ്മദ് ഷമിയെയും ദീപത് ഹൂഡക്കു പകരം ശ്രേയസ് അയ്യരെയും പരിഗണിക്കണമായിരുന്നെന്ന് ഹൈദരാബാദ് ബാറ്റർ പറയുന്നു.
'ശ്രേയസ് അയ്യരെയും ഷമിയെയും 15 അംഗ ടീമിൽ ഉൾപ്പെടുത്താത്തത് എന്നെ അത്ഭുതപ്പെടുത്തി. ദീപക് ഹൂഡക്കു പകരം ശ്രേയസിനെയും ഹർഷൽ പട്ടേലിനു പകരം ഷമിയെയുമാണ് ഞാൻ തെരഞ്ഞെടുക്കുക' -അസ്ഹറുദ്ദീൻ ട്വിറ്ററിൽ കുറിച്ചു. എന്നാൽ, ഇന്ത്യൻ ആരാധകർ അസ്ഹറുദ്ദീന്‍റെ അഭിപ്രായത്തോട് അനുകൂലമായല്ല പ്രതികരിച്ചത്.
ട്വന്‍റി20 ഫോർമാറ്റിൽ ഷമിയുടെ ഇക്കോണമി റേറ്റ് ഒരു ഓവറിൽ 9.54 ആണെന്നും റൺസ് വിട്ടുകൊടുക്കുന്നതിൽ ഷമി മുന്നിലാണെന്നും ആരാധകർ പറയുന്നു. അസ്ഹറിന് ട്വന്‍റി20യെ കുറിച്ച് എന്തെങ്കിലും അറിയുമോയെന്നും ഷോർട്ട് ബൗൾ കളിക്കാനുള്ള അയ്യരുടെ കഴിവിനെയും ആരാധകർ ചോദ്യം ചെയ്തു. ലോകകപ്പിനുള്ള സ്റ്റാൻഡ് ബൈ ആയാണ് മുഹമ്മദ് ഷമി, ശ്രേയസ് അയ്യർ, രവി ബിഷ്ണോയി, ദീപക് ചാഹർ എന്നിവരെ ഉൾപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.