'വിക്കറ്റ് ലക്ഷ്യമാക്കി എറിയേണ്ടതില്ല ചെയ്യുന്ന കാര്യം വളരെ ആസ്വദിച്ച് ചെയ്യുക'; ബുംറയുടെ ഉപദേശത്തെ കുറിച്ച് സിറാജ്

ബോർഡർ ഗവാസ്കർ ട്രോഫിയിലെ ആദ്യ മത്സരത്തിലെ തന്‍റെ മികച്ച പ്രകടനത്തിന് ജസ്പ്രീത് ബുംറക്ക് നന്ദിപറഞ്ഞ് ഇന്ത്യൻ പേസ് ബൗളർ മുഹമ്മദ് സിറാജ്. വിക്കറ്റ് വീഴ്ത്തുക എന്ന ലക്ഷ്യത്തേക്കാൾ ബൗളിങ്ങിൽ സ്ഥിരത കാത്ത് സൂക്ഷിക്കാൻ ബുംറ തന്നോട് പറഞ്ഞതായി സിറാജ് പറഞ്ഞു.

'ഞാൻ എപ്പോഴും ജസ്സി ഭായ് യോട് സംസാരിക്കും. ആദ്യ മത്സരത്തിന് മുമ്പും ഞാൻ അദ്ദേഹത്തോട് സംസാരിച്ചിരുന്നു. ഭായ് എന്നോട് ഒരു കാര്യമാണ് പറഞ്ഞത്, വിക്കറ്റിന് പിന്നാലെ പോകാതെ ഒരു ഏരിയയിൽ സ്ഥിരതയോടെ പന്ത് എറിയാൻ ശ്രമിക്കുക, നിന്‍റെ ബൗളിങ് ആസ്വദിക്കുക. എന്നിട്ടും വിക്കറ്റൊന്നും ലഭിക്കുന്നില്ലെങ്കിൽ നിനക്ക് എന്നോട് വന്ന് ചോദിക്കാമെന്ന്. അതുകൊണ്ട് ഞാൻ എന്‍റെ ബൗളിങ് ഒരുപാട് ആസ്വദിച്ചു, എനിക്ക് വിക്കറ്റുകളും ലഭിച്ചു,' സിറാജ് പറഞ്ഞു.

ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയിലും ന്യൂസിലാൻഡിനെതിരെയുള്ള പരമ്പരയിലും മോശം പ്രകടനമായിരുന്നു സിറാജ് നടത്തിയത്. ഇതിന് ശേഷം ആസ്ട്രേലിയയിലേക്ക് എത്തുമ്പോൽ താരത്തിന് തിരിച്ചുവരവിനായി മികച്ച പ്രകടനം അനിവാര്യമായിരുന്നു. പെർത്തിൽ നടന്ന ആദ്യ മത്സരത്തിൽ ബുംറയുടെ ഉപദേശം  ഫലിക്കുന്നതിന്‍റെ കാഴ്ചയായിരുന്നു കണ്ടത്. രണ്ട് ഇന്നിങ്സിൽ നിന്നുമായി അഞ്ച് പ്രധാന ആസ്ട്രേലിയൻ വിക്കറ്റാണ് സിറാജ് നേടിയത്. എട്ട് വിക്കറ്റുമായി മത്സരത്തിലെ താരമായ നായകൻ ബുംറക്ക് മികച്ച പിന്തുണയാണ് സിറാജ് നൽകിയത്.

പേസും ബൗൺസുമുള്ളതിനാൽ തന്നെ ആസ്ട്രേലിയൻ പിച്ച് പേസർമാർക്ക് വളരെ ആസ്വദിക്കാൻ സാധിക്കുന്ന സ്ഥലമാണ്. ഒരു പേസ് ബൗളർ എന്ന നിലക്ക് വേണ്ടതെല്ലാം ആസ്ട്രേലിയൻ പിച്ചിൽ ലഭിക്കും. അതിനാൽ തന്നെ ആസ്ട്രേലിയൻ മണ്ണിൽ കളിക്കുമ്പോൽ പ്രത്യേക ആത്മവിശ്വാസം ലഭിക്കുന്നതാണെന്നും സിറാജ് പറയുന്നുണ്ട്.  ഡിസംബർ ആറിന് അഡ്ലെയഡിൽ വെച്ചാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുക.

Tags:    
News Summary - muhammed siraj thanked Jasprit bumrah for helping him before first test against austrailia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.