യു.പി ഉയർത്തിയ റൺമല കീഴടക്കി; മുംബൈ വിജയ്​ ഹസാരെ ജേതാക്കൾ

ന്യൂഡൽഹി: ഉത്തർപ്രദേശ്​ മുന്നോട്ട്​ വെച്ച കൂറ്റൻ വിജയലക്ഷ്യം അനായാസം എത്തിപ്പിടിച്ച്​ മുംബൈ വിജയ്​ ഹസാരെ ട്രോഫിയിൽ ജേതാക്കളായി. 51 പന്തുകൾ ശേഷിക്കേ ആറ്​ വിക്കറ്റിനായിരുന്നു മുംബൈയുടെ വിജയം. മുംബൈയുടെ നാലാം കിരീട വിജയമാണിത്​.

ആദ്യം ബാറ്റുചെയ്​ത യു.പി മാധവ്​ കൗശികിന്‍റെയും (158) അക്ഷദീപ്​ നാഥിന്‍റെയും (55) ബാറ്റിങ്​ മികവിൽ നാലുവിക്കറ്റ്​ നഷ്​ടത്തിൽ 312 റൺസെടുത്തു​. അക്ഷദീപ്​ നേടിയ 158 റൺസാണ്​ വിജയ്​ ഹസാരെ ട്രോഫിയിലെ ഏറ്റവും മികച്ച വ്യക്തികത സ്​കോർ.

റൺമലക്ക്​ മുമ്പിൽ പതറാതെ ആദിത്യ താരെ (118 നോട്ടൗട്ട്​), പൃഥ്വി ഷാ (73), ശിവം ദുബെ (42), ഷംസ്​ മുലാനി (36), യശസ്വി ജയ്​സ്വാൾ (29) എന്നിവർ മുംബൈക്കായി ബാറ്റുവീശിയതോടെ ജയം എളുപ്പമായി. താരെയുടെ ആദ്യ ലിസ്റ്റ്​ എ സെഞ്ച്വറിയാണിത്.

ടൂർണമെന്‍റിൽ ഒരു മത്സരം പോലും തോൽക്കാതെയാണ്​ മുൻ ഇന്ത്യൻ താരം രമേശ്​ പൊവാറിന്‍റെ ശിഷ്യണത്തിലിറങ്ങിയ മുംബൈ ചാമ്പ്യൻമാരായത്​.

ടൂർണമെന്‍റിന്‍റെ ഒരു പതിപ്പിൽ 800 റൺസിൽ കൂടുതൽ സ്​കോർ ചെയ്യുന്ന ആദ്യ താരമായി പൃഥ്വി ഷാ മാറി. 2017-18 സീസണിൽ മായങ്ക്​ അഗർവാൾ കുറിച്ച 723 റൺസിന്‍റെ റെക്കോഡാണ്​ 21കാരനായ ഷാ തകർത്തത്​.

Tags:    
News Summary - Mumbai Beat Uttar Pradesh By 6 Wickets To Win Vijay Hazare Trophy Title

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.