ന്യൂഡൽഹി: ബാറ്റെടുത്തവരെല്ലാം തങ്ങളുടേതായ സംഭാവനകൾ നൽകി മടങ്ങിയപ്പോൾ മുംബൈ ഇന്ത്യൻസിനെതിരെ രാജസഥാൻ റോയൽസിന് മാന്യമായ സ്കോർ. നാലിന് 171 റൺസെന്ന പൊരുതാവുന്ന സ്കോറിലാണ് രാജസ്ഥാൻ ഇന്നിങ്സ് അവസാനിപ്പിച്ചത്. ഒരുവേള കൂറ്റൻ സ്കോറിലേക്ക് നീങ്ങുമെന്ന് കരുതിയ രാജസ്ഥാനെ അളന്നുമുറിച്ച യോർക്കറുകളിലൂടെ ജസ്പ്രീത് ബുംറ വരിഞ്ഞുകെട്ടുകയായിരുന്നു. ജോസ് ബട്ലർ (32 പന്തിൽ 41), യശ്വസി ജയ്സ്വാൾ (20 പന്തിൽ 32), സഞ്ജു സാംസൺ (27 പന്തിൽ 42), ശിവം ദുബെ (31 പന്തിൽ 35) എന്നിവർ രാജസ്ഥാനായി തിളങ്ങി.
ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ രാജസ്ഥാനായി ജോസ് ബട്ലറും യശ്വസി ജയ്സ്വാളും ആഗ്രഹിച്ച തുടക്കമാണ് നൽകിയത്. തുടക്കത്തിലെ സൂക്ഷ്മതക്ക് ശേഷം ബട്ലറും ജയ്സ്വാളും അടിച്ചു തുടങ്ങിയതോടെ രാജസ്ഥാൻ സ്കോർ ബോർഡ് കുതിച്ചു തുടങ്ങി. ആവേശം അതിരുവിട്ട് ക്രീസ് വിട്ടിറങ്ങിയ ജോസ് ബട്ലർ സ്റ്റംപ് ഔട്ടായി മടങ്ങിയതോടെയെത്തിയ സഞ്ജു ബൗണ്ടറിയോടെയാണ് തുടങ്ങിയത്. മോശം പന്തുകളെ തിരഞ്ഞു പിടിച്ച് ബൗണ്ടറി കടത്തിയ സഞ്ജു അർധ സെഞ്ച്വറിക്കരികെ ക്ലീൻ ബൗൾഡായി മടങ്ങുകയായിരുന്നു.
കൂറ്റൻ സ്കോറിൽ ഇന്നിങ്സ് ഫിനിഷ് ചെയ്യുമെന്ന കരുതിയ രാജസ്ഥാന് മുന്നിൽ അവസാന ഓവറുകളിൽ ബുംറ വട്ടമിട്ടു നിൽക്കുകയായിരുന്നു. അവസാന ഓവറുകളിൽ യോർക്കർ ലെങ്ത് ലക്ഷ്യമാക്കി പന്തെറിഞ്ഞ മുംബൈ ബൗളർമാർക്കു മുമ്പിൽ രാജസ്ഥാൻ പലപ്പോഴും നിരായുധരായി. നാലോവറിൽ 15 റൺസ് മാത്രം വഴങ്ങിയ ബുംറ സഞ്ജുവിെൻറ വിക്കറ്റും നേടി തെൻറ ക്ലാസ് ഒരിക്കൽ കൂടി ആവർത്തിച്ചു. 12 ഡോട്ട് ബോളുകളാണ് ബുംറയുടെ ആവനാഴിയിൽ നിന്നും പിറന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.