ധാക്ക: ബംഗബന്ധു ട്വൻറി 20 കപ്പിനിടെ ബെക്സിംകോ ധാക്ക ടീമിലെ സഹതാരം നസും അഹ്മദിനോട് മോശമായി പെരുമാറിയതിന് ബംഗ്ലദേശ് താരം മുഷ്ഫിഖുർ റഹീം മാപ്പുപറഞ്ഞു.
തിങ്കളാഴ്ച ബർഷാലിനെതിരെ നടന്ന മത്സരത്തിലായിരുന്നു താരത്തിൻെറ മോശം പെരുമാറ്റം. മത്സരത്തിൻെറ 13ാം ഓവറിൽ ബർഷാലിൻെറ അഫീഫ് ഹുസൈൻ മിഡ് വിക്കറ്റിലേക്ക് ഉയർത്തിയടിച്ച പന്ത് ക്യാച്ചെടുക്കാനായി വിക്കറ്റ് കീപ്പറായ മുഷ്ഫിഖുർ ഓടി. ഇത് ശ്രദ്ധിക്കാതെ നസുമും ക്യാച്ചെടുക്കാനായി ഓടി.
ഇരുവരും കൂട്ടിയിടിക്കുന്നത് ഒഴിവാക്കി ക്യാച്ച് കൈക്കലാക്കിയ ശേഷമാണ് മുഷ്ഫിഖ് നസുമിനോട് തട്ടിക്കയറിയത്. നസുവിനെ മുഷ്ഫിഖ് തല്ലാനോങ്ങിയിരുന്നു. തുടർന്ന് ഇരുവരും വാക്കേറ്റവുമുണ്ടായി. സംഭവത്തിൻെറ വിഡിയോ ദൃശ്യങ്ങൾ വൈറലായതോടെ മുഷ്ഫിഖിനെതിരെ കടുത്ത പ്രതിഷേധം ഉയർന്നിരുന്നു.
ഇതിനുപിന്നാലെ ഇൻസ്റ്റഗ്രാമിൽ ഖേദപ്രകടനവുമായി മുഷ്ഫിഖ് എത്തി. ''അസ്സലാമു അലൈകും. ഇന്നലെ മത്സരത്തിനിടെയുണ്ടായ സംഭവത്തിന് ആരാധകരോടും കാണികളോടും ഞാൻ മാപ്പുചോദിക്കുന്നു. സഹതാരമായ നസുമിനോട് ഇന്നലെത്തന്നെ ഞാൻ മാപ്പുചോദിച്ചിരുന്നു. രണ്ടാമതായി ഞാൻ ദൈവത്തോടും മാപ്പുചോദിച്ചു. എല്ലാത്തിനുമുപരി ഞാനുമൊരു മനുഷ്യനാണ്. എൻെറ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അംഗീകരിക്കാവുന്നതല്ല. ഇനിമുതൽ കളത്തിലോ പുറത്തോ അത്തരമൊരുപെരുമാറ്റം ഉണ്ടാകില്ല'' -മുഷ്ഫിഖുർ കുറിച്ചു.
മത്സരത്തിൽ ബെക്സിംകോ ധാക്ക 9 റൺസിന് വിജയിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.