ബംഗളൂരു: വിജയ് ഹസാരെ ട്രോഫി ക്രിക്കറ്റ് മത്സരത്തിൽ റൺമല തീർത്ത് തമിഴ്നാട്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിൽ അരുണാചൽ പ്രദേശിനെതിരായ മത്സരത്തിൽ 50 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ തമിഴ്നാട് കുറിച്ചത് 506 റൺസ്. റെക്കോഡുകൾ തിരുത്തിയെഴുതിയ തമിഴ്നാട് ബാറ്റർ എൻ. ജഗദീശന്റെ ബാറ്റിങ് പ്രകടനമാണ് ടീമിനെ കൂറ്റൻ സ്കോറിലെത്തിച്ചത്.
141 പന്തിൽ താരം അടിച്ചെടുത്തത് 277 റൺസ്. ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോർ എന്ന റെക്കോഡ് ജഗദീശ് സ്വന്തമാക്കി. 2002ൽ ഇംഗ്ലണ്ട് മുൻ താരം അലിസ്റ്റർ ബ്രൗൺ ഗ്ലാമോർഗനെതിരെ കുറിച്ച 268 റൺസാണ് താരം മറികടന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമ കുറിച്ച 264 റൺസും ഇതോടെ പഴങ്കഥയായി. ലിസ്റ്റ് എ പുരുഷ ക്രിക്കറ്റിൽ തുടർച്ചയായി അഞ്ച് ഇന്നിങ്സുകളിൽ സെഞ്ച്വറി നേടുന്ന റെക്കോഡും ഇതോടെ താരത്തിന്‍റെ പേരിലായി.
ലിസ്റ്റ് എ മത്സരങ്ങളിൽ തുടർച്ചയായി നാല് സെഞ്ച്വറി നേടിയ കുമാർ സംഗക്കാരയുടെയും ആൽവിറോ പീറ്റേഴ്സന്റേയും ദേവ്ദത്ത് പടിക്കലിന്റേയും റെക്കോഡാണ് താരം തിരുത്തിയത്. വിരാട് കോഹ്ലി, പൃഥ്വി ഷാ എന്നിവരും വിജയ് ഹസാരെ ട്രോഫിയിൽ തുടർച്ചയായ നാല് ഇന്നിങ്സുകളിൽ സെഞ്ച്വറി നേടിയിരുന്നു. ലിസ്റ്റ് എ പുരുഷ ക്രിക്കറ്റിൽ 500 റൺസെടുക്കുന്ന ആദ്യ ടീമായി തമിഴ്നാട്. ഈ വർഷം ഇംഗ്ലണ്ട് നെതർലൻഡ്സിനെതിരെ കുറിച്ച നാലിന് 498 റൺസെന്ന റെക്കോഡാണ് ടീം മറികടന്നത്. അരുണാചലിനെതിരെ 76 പന്തിൽനിന്ന് സെഞ്ച്വറി നേടിയ ജഗദീശന് അടുത്ത 38 പന്തിൽ ഡബിൾ സെഞ്ച്വറിയിലെത്തി.
25 ഫോറും 15 സിക്സും അടിച്ചുകൂട്ടിയ ജഗദീശന്റെ സ്ട്രൈക്ക് റേറ്റ് 196.45 ആണ്. ആന്ധ്രാപ്രദേശിനെതിരായ മത്സരത്തിൽ 114 റൺസും ചത്തിസ്ഗഢിനെതിരെ 107 റൺസും ഗോവക്കെതിരെ 168 റൺസും ഹരിയാനക്കെതിരെ 128 റൺസും നേടിയിരുന്നു.
തമിഴ്നാടിനുവേണ്ടി ഓപ്പണർ സായ് സുദർശനും സെഞ്ച്വറി നേടി. 102 പന്തിൽ 154 റൺസെടുത്തു. ഒന്നാം വിക്കറ്റിൽ ഇരുവരും അടിച്ചുകൂട്ടിയത് 416 റൺസാണ്. 19 ഫോറും രണ്ടു സിക്സും അടങ്ങുന്നതാണ് ഇന്നിങ്സ്. കൂടാതെ, ബാബ അപരാജിതും ബാബ ഇന്ദ്രജിത്തും 31 റൺസ് വീതം എടുത്ത് പുറത്താകാതെ നിന്നു.
തമിഴ്നാടിന്‍റെ ബൗളർമാരും വരിഞ്ഞുമുറുക്കിയതോടെ മറുപടി ബാറ്റിങ്ങിനിറങ്ങിയ അരുണാചൽ പ്രദേശിന്‍റെ പോരാട്ടം 28.4 ഓവറിൽ 71 റൺസിന് അവസാനിച്ചു. അരുണാചൽ നിരയിൽ മൂന്നുപേർ മാത്രമാണ് രണ്ടക്കം കടന്നത്. തമിഴ്നാടിന് 435 റൺസിന്റെ കൂറ്റൻ ജയം. എം. സിദ്ധാർത് അഞ്ചു വിക്കറ്റെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.