സൂപ്പർ ഓവർ ത്രില്ലറിൽ കളി ജയിച്ച് നമീബിയ; ഹീറോയായി ഡേവിഡ് വീസ്

ബ്രിഡ്ജ്ടൗൺ: ട്വന്‍റി20 ലോകകപ്പ് ഗ്രൂപ് ബിയിൽ സൂപ്പർ ഓവറിലേക്ക് നീണ്ട ത്രില്ലർ പോരാട്ടത്തിൽ ഒമാനെതിരെ നമീബിയക്ക് ജയം. ഡേവിഡ് വീസിന്‍റെ ഓൾ റൗണ്ട് പ്രകടനത്തിന്‍റെ മികവിലാണ് നമീബിയ 11 റൺസിന്‍റെ ആവേശ ജയം സ്വന്തമാക്കിയത്. സൂപ്പർ ഓവറിൽ ആദ്യം ബാറ്റ് ചെയ്ത നമീബിയ ഡേവിഡിന്‍റെ തകർപ്പൻ ബാറ്റിങ്ങിൽ 21 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ബൗളിങ്ങിലും ഡേവിഡ് തിളങ്ങിയപ്പോൾ ഒമാന് 10 റൺസെടുക്കാനെ കഴിഞ്ഞുള്ളു.

നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഒമാൻ 19.4 ഓവറിൽ 109 റൺസിന് ഓൾ ഔട്ടായി. നമീബിയ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 109 റൺസെടുത്തതോടെ സ്കോർ തുല്യമായി. പിന്നാലെയാണ് വിജയികളെ തീരുമാനിക്കാൻ മത്സരം സൂപ്പർ ഓവറിലേക്ക് കടന്നത്.

സൂപ്പർ ഓവറിൽ നമീബിയക്കായി ഡേവിഡാണ് ബാറ്റിങ് ഓപ്പൺ ചെയ്തത്. ബിലാൽ ഖാൻ എറിഞ്ഞ ഓവറിൽ മൂന്നു ഫോറും ഒരു സിക്സുമടക്കം 21 റൺസാണ് ടീം നേടിയത്. സൂപ്പർ ഓവർ എറിയാൻ നമീബിയ നായകൻ ഇറാസ്മസ് ചുമതലപ്പെടുത്തിയതും ഡേവിഡിനെയായിരുന്നു. ക്യാപ്റ്റന്‍ തന്നിലർപ്പിച്ച വിശ്വാസം അദ്ദേഹം തെറ്റിച്ചില്ല. ആ ഓവറിൽ പത്ത് റൺസ് മാത്രമാണ് താരം വിട്ടുകൊടുത്തത്, ഒരു വിക്കറ്റും സ്വന്തമാക്കി. ട്വന്‍റി20 ലോകകപ്പ് പോരാട്ടം നമീബിയക്ക് ജയത്തോടെ തുടങ്ങാനുമായി.

അവസാന ഓവറിൽ അഞ്ച് വിക്കറ്റ് കൈയിലിരിക്കെ ജയിക്കാൻ അഞ്ച് റൺസ് മാത്രം വേണ്ടിയിരുന്ന നമീബിയയെ, മെഹ്റാൻ ഖാന്‍റെ തകർപ്പൻ ബൗളിങ്ങാണ് പിടിച്ചുകെട്ടിയത്.

മെഹ്റാൻ എറിഞ്ഞ ആദ്യ പന്തിൽ തന്നെ ജാൻ ഫ്രൈലിങ്ക് പുറത്ത്. 48 പന്തിൽ 45 റൺസെടുത്ത താരത്തെ മെഹ്റാൻ ബൗൾഡാക്കി. രണ്ടാം പന്തിൽ റണ്ണെടുക്കാനായില്ല. മൂന്നാം പന്തിൽ സാനെ ഗ്രീനെ (പൂജ്യം) എൽ.ബി.ഡബ്ല്യുവിൽ കുരുക്കി ടീമിന് ജയ പ്രതീക്ഷ നൽകി. നാലാം പന്തിൽ സിംഗ്ൾ. അഞ്ചാം പന്തിൽ ഡബ്ൾ ഓടി. അവസാന പന്തിൽ ജയിക്കാൻ രണ്ട് റൺസ്. എന്നാൽ, ഒരു റൺ മാത്രമാണ് നമീബിയക്ക് എടുക്കാനായത്. ഇതോടെ സ്കോർ തുല്യം. നമീബിയൻ ബാറ്റിങ് നിരയിൽ ഫ്രൈലിങ്കിനെ കൂടാതെ രണ്ടു പേർ മാത്രമാണ് രണ്ടക്കം കടന്നത്. നികോളാസ് ഡേവിനും (31 പന്തിൽ 24) നായകൻ ഗെർഹാർഡ് ഇറാസ്മസും (16 പന്തിൽ 13). മൈക്കൽ വാൻ ലിങ്കൻ (പൂജ്യം), ജെ.ജെ. സ്മിത്ത് (12 പന്തിൽ എട്ട്), സനെ ഗ്രീൻ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. 39 പന്തിൽ 34 റൺസെടുത്ത ഖാലിദ് കെയ്‍ലാണ് ഓമാന്‍റെ ടോപ് സ്കോറർ.

 നമീബിയയുടെ റൂബൻ ട്രംപൽമാൻ (നാലു ഓവറിൽ 21 റൺസ് വഴങ്ങി നാലു വിക്കറ്റ്), ഡേവിഡ് വീസ് (3.4 ഓവറിൽ 28 റൺസ് വഴങ്ങി മൂന്നു വിക്കറ്റ്) എന്നിവരുടെ ബൗളിങ്ങാണ് ഒമാനെ തകർത്തത്. 10 റൺസെടുക്കുന്നതിനിടെ ഒമാന് മൂന്നു മുൻനിര ബാറ്റർമാരെയും നഷ്ടമായി. മത്സരത്തിലെ ആദ്യ രണ്ട് പന്തിൽ തന്നെ ഓപ്പണർ കശ്യപ് പ്രജാപതിയെയും നായകൻ അഖിബ് ഇല്യാസിനെയും മടക്കി ട്രംപൽമാൻ നമീബിയക്ക് മികച്ച തുടക്കം നൽകി. തന്‍റെ രണ്ടാം ഓവറിൽ നസീം ഖുഷിയെയും (ആറു പന്തിൽ ആറ്) ട്രംപൽമാൻ പുറത്താക്കി. പിന്നീട് വന്ന സീഷാൻ മഖ്‌സൂദും (20 പന്തിൽ 22 റൺസ്), ഖാലിദും മാത്രമാണ് അൽപമെങ്കിലും പിടിച്ചുനിന്നത്.

അയാൻ ഖാൻ (21 പന്തിൽ 15), മുഹമ്മദ് നദീം (10 പന്തിൽ ആറ്), മെഹ്റാൻ ഖാൻ (എട്ടു പന്തിൽ ഏഴ്), ഷക്കീൽ അഹ്മദ് (ഒമ്പത് പന്തിൽ 11), കലീമുല്ല (മൂന്നു പന്തിൽ രണ്ട്) എന്നിവരാണ് പുറത്തായ മറ്റു താരങ്ങൾ. ബിലാൽ ഖാൻ ഒരു റണ്ണുമായി പുറത്താകാതെ നിന്നു. നമീബിയക്കായി ഗെർഹാർഡ് ഇറാസ്മസ് രണ്ടും ബെർണാഡ് ഷോൾട്സ് ഒരു വിക്കറ്റും നേടി. സന്നാഹ മത്സരത്തിൽ പാപ്വന്യൂഗിനിയെ മൂന്ന് വിക്കറ്റിന് ഒമാൻ പരാജയപ്പെടുത്തിയിരുന്നു.

Tags:    
News Summary - Namibia win the game in a super over thriller

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.