ഇന്ത്യൻ ക്രിക്കറ്റിന്‍റെ ഭാവി; ബാറ്റിങ് സചിനെ ഓർമപ്പെടുത്തുന്നു; ചെന്നൈ താരത്തെ പ്രശംസിച്ച് സിദ്ദു

മുംബൈ: ഐ.പി.എൽ നടപ്പു സീസണിൽ ചെന്നൈ സൂപ്പർ കിങ്സ് നായകനായുള്ള അരങ്ങേറ്റത്തിൽ ഋതുരാജ് ഗെയ്ക് വാദ് തകർപ്പൻ ഫോമിലാണ്. ചെപ്പോക്കിൽ ലഖ്നോ സൂപ്പർ ജയന്‍റ്സിനെതിരായ മത്സരത്തിൽ അപരാജിത സെഞ്ച്വറിയുമായി താരം ആരാധകരുടെ മനംകവർന്നു.

ഓസീസ് ഓൾ റൗണ്ടർ മാർക്കസ് സ്റ്റോയിനിസിന്‍റെ മറുപടി വെടിക്കെട്ടിൽ ടീം ആറു വിക്കറ്റിന് പരാജയപ്പെട്ടെങ്കിലും ഗെയ്ക് വാദിന്‍റെ പ്രകടനം പ്രതീക്ഷ നൽകുന്നതാണ്. രണ്ടാം ഐ.പി.എൽ സെഞ്ച്വറിയാണ് താരം ചെപ്പോക്കിൽ കുറിച്ചത്. ഇതോടെ സീസണിൽ റൺവേട്ടക്കാരിൽ സൂപ്പർതാരം വിരാട് കോഹ്ലിക്കു പിന്നിൽ രണ്ടാമതെത്താനും താരത്തിനായി.

മുൻ ഇന്ത്യൻ താരം നവ്ജോത് സിങ് സിദ്ദു ഗെയ്ക് വാദിനെ വാനോളം പ്രശംസിച്ച് രംഗത്തെത്തി. ക്രിക്കറ്റ് ഇതിഹാസം സചിൻ ടെണ്ടുൽക്കറോടാണ് ചെന്നൈയുടെ 27കാരനെ സിദ്ദു താരതമ്യപ്പെടുത്തിയത്. ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ വലിയ പേരുകളിലൊന്നായി താരം മാറുമെന്നും സിദ്ദു പ്രത്യാശ പ്രകടിപ്പിച്ചു. ‘ഗെയ്ക് വാദിന്‍റെ ബാറ്റിങ്ങും ഷോട്ടുകളും സചിനെയാണ് ഓർമപ്പെടുത്തുന്നത്. അദ്ദേഹത്തിന് പ്രത്യേക കഴിവുതന്നെയുണ്ട്, ഭാവിയിൽ ഇന്ത്യൻ ക്രിക്കറ്റിലെ അറിയപ്പെടുന്ന താരമാകും’ -സിദ്ദു ഒരു അഭിമുഖത്തിൽ പറഞ്ഞു.

ഗെയ്ക് വാദിന്‍റെയും (60 പന്തിൽ 108) ശിവം ദുബെയുടെയും (27 പന്തിൽ 66) ബാറ്റിങ് കരുത്തിൽ ആദ്യം ബാറ്റ് ചെയ്ത ചെന്നൈ നാലു വിക്കറ്റ് നഷ്ടത്തിൽ 210 റൺസെടുത്തു. എന്നാൽ, സ്റ്റോയിനിസ് (83 പന്തിൽ 124) അതേ നാണയത്തിൽ തിരിച്ചടിച്ചതോടെ മൂന്നു പന്തുകൾ ബാക്കി നിൽക്കെ ലഖ്നോ ലക്ഷ്യത്തിലെത്തി. ആറു വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്നു ജയം. ഐ.പി.എല്ലിന്‍റെ ചരിത്രത്തിൽ റൺ ചേസിൽ ഒരു താരം നേടുന്ന ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറാണ് സ്റ്റോയിനിസിന്‍റെ ഇന്നിങ്സിലൂടെ ചെപ്പോക്കിൽ പിറന്നത്.

2011ൽ ചെന്നൈക്കെതിരെ പഞ്ചാബ് കിങ്സ് മുൻ താരം പോൾ വാൽത്താട്ടി കുറിച്ച അപരാജിത 120 റൺസ് പ്രകടനമാണ് ഇതോടെ പഴങ്കഥയായത്. ചെന്നൈയിൽ ഒരു ഐ.പി.എൽ ടീം പിന്തുടർന്ന് ജയിക്കുന്ന ഏറ്റവും ഉയർന്ന സ്കോറുമാണിത്.

Tags:    
News Summary - Navjot Singh Sidhu Names 27-Year-Old Star As Player Who Reminds Him Of Sachin Tendulkar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.