ഇന്നത്തെ മികച്ച ബൗളർ! വിഘ്നേഷിന് സമ്മാനം നൽകി നിത അംബാനി-Video

'ഇന്നത്തെ മികച്ച ബൗളർ'! വിഘ്നേഷിന് സമ്മാനം നൽകി നിത അംബാനി-Video

ഐ.പി.എല്ലിൽ ഇന്നലെ നടന്ന മുംബൈ ഇന്ത്യൻസ്-ചെന്നൈ സൂപ്പർ കിങ്സ് മത്സരത്തിൽ നാലുവിക്കറ്റിനായിരുന്നു ചെന്നൈയുടെ ജയം. റണ്ണെടുക്കാൻ മറന്ന മുംബൈയെ അഞ്ചു പന്തുകൾ ബാക്കിനിൽക്കെയാണ് ചെന്നൈ പരാജയപ്പെടുത്തിയത്. രചിൻ രവീന്ദ്രയുടെയും (65) ക്യാപ്റ്റൻ ഋതുരാജ് ഗെയ്ക്വാദിന്റെയും (53) ഇന്നിങ്സാണ് ചെന്നൈ വിജയത്തിൽ നിർണായകമായത്.

മുംബൈയുടെ മലയാളി താരം വിഘ്നേഷ് പുത്തൂരിന് ഇന്നലെ ഐ.പി.എല്ലിലെ അരങ്ങേറ്റ മത്സരമായിരുന്നു. ആദ്യ കളിയിൽ തന്നെ മൂന്ന് വിക്കറ്റുമായി സ്വപ്‌നതുല്യ നേട്ടമാണ് മലപ്പുറം സ്വദേശിയായ ഈ 24കാരൻ സ്‌പിന്നർ കൈവരിച്ചത്. രോഹിത് ശർമക്ക് പകരം ഇംപാക്ട് പ്ലയറായെത്തിയ വിഘ്നേഷ് നാല് ഓവറിൽ 32 റൺസ് വിട്ടുകൊടുത്താണ് മൂന്ന് വിക്കറ്റ് സ്വന്തമാക്കിയത്.

26 പന്തിൽ 53 റൺസെടുത്ത് മിന്നും ഫോമിൽ നിന്ന നായകൻ ഋതുരാജ് ഗെയ്‌ക്വാദിനെ വീഴ്ത്തിയാണ് വിക്കറ്റ് വേട്ടക്ക് തുടക്കമിട്ടത്. നിലയുറപ്പിക്കും മുൻപെ ശിവം ദുബെയെയും ദീപക് ഹൂഡയെയും പുറത്താക്കി വിഘ്നേഷ് തന്‍റെ വരവറിയിക്കുകയും ചെയ്തു.

മികച്ച പ്രകടനം കാഴ്ചവെച്ച വിഘ്നേഷിനെ മുംബൈ ഡ്രസിങ് റൂമിൽ വെച്ച് അഭിനന്ദിച്ചിരുന്നു. മത്സരത്തിന് ശേഷം ടീമിലെ മികച്ച ബൗളർക്കുള്ള അവാർഡ് ടീം ഉടമ നിത അംബാനി വിഘ്നേഷിന് നൽകി. അവാർഡ് ഏറ്റുവാങ്ങിയതിന് ശേഷം നിത അമ്പാനിയുടെ കാൽ തൊട്ടുവഴങ്ങിയ വിഘ്നേഷ് നന്ദി പറയുകയും ചെയ്തു. ഇത്രയും വലിയ താരങ്ങളുടെയൊപ്പം കളിക്കാൻ സാധിക്കുമെന്ന് താൻ കരുതിയിരുന്നില്ലെന്നും എല്ലാവർക്കും നന്ദിയെന്നും അദ്ദേഹം അറിയിച്ചു.

'ഈ കളിയിൽ കളിക്കാൻ അവസരം നൽകിയതിന് മുംബൈ ഫ്രാഞ്ചൈസിക്ക് നന്ദി പറയാൻ ഞാൻ ആഗ്രഹിക്കുന്നു. എന്റെ ജീവിതത്തിൽ ഒരിക്കലും ഇത്രയും വലിയ താരങ്ങളോടൊപ്പം കളിക്കുമെന്ന് ഞാൻ കരുതിയിരുന്നില്ല. ഞാൻ വളരെ സന്തോഷവാനാണ്. ടീം വിജയിക്കണമായിരുന്നു. എല്ലാവർക്കും വളരെ നന്ദി, പ്രത്യേകിച്ച് നമ്മുടെ ക്യാപ്റ്റൻ സൂര്യ ഭായ്ക്ക്, അദ്ദേഹം എന്നെ ഒരുപാട് പിന്തുണച്ചു. അതുകൊണ്ടാണ് എനിക്ക് ഒരിക്കലും അത്ര സമ്മർദ്ദം തോന്നാതിരുന്നത്. എന്നെ പിന്തുണച്ചതിന് എന്റെ എല്ലാ സഹതാരങ്ങൾക്കും നന്ദി,' വിഘ്നേഷ് പറഞ്ഞു.



Tags:    
News Summary - nita ambani gave award to vignesh puthur as best bowler of yesterday's game

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.