ഡികോക്ക് തകർത്താടി; രാജസ്ഥാൻ തവിടുപൊടി, കൊൽക്കത്തക്ക് എട്ടുവിക്കറ്റ് ജയം

ഡികോക്ക് തകർത്താടി; രാജസ്ഥാൻ തവിടുപൊടി, കൊൽക്കത്തക്ക് എട്ടുവിക്കറ്റ് ജയം

ഗുവാഹത്തി: ഐ.പി.എല്ലിൽ തുടർച്ചയായ രണ്ടാം മത്സരവും തോറ്റ് രാജസ്ഥാൻ റോയൽസ്. എട്ടു വിക്കറ്റിനാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് രാജസ്ഥാനെ വീഴ്ത്തിയത്. 61 പന്തിൽ പുറത്താകാതെ 97 റൺസെടുത്ത ക്വിൻഡൻ ഡികോക്കിന്റെ തകർപ്പൻ പ്രകടനമാണ് കൊൽക്കത്തയുടെ ജയം അനായാസമാക്കിയത്.

ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ ഒമ്പത് വിക്കറ്റിന് 151 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത 17.3 ഓവറിൽ രണ്ടുവിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.

61 പന്തുകൾ നേരിട്ട ഡികോക് ആറു സിക്സും എട്ടുഫോറും ഉൾപ്പെടെയാണ് 97 റൺസെടുത്തത്. 22 റൺസെടുത്ത രഘുവൻഷിയും ഡികോക്കിനൊപ്പം പുറത്താകാതെ നിന്നു.

അഞ്ച് റൺസെടുത്ത ഓപണർ മുഈൻ അലിയുടേയും ക്യാപ്റ്റൻ അജിങ്ക്യ രഹാനയുടെയും വിക്കറ്റ് മാത്രമാണ് നഷ്ടമായത്. നേരെത്ത, ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ റോയൽസ്, നൈറ്റ് റൈഡേഴ്സിനു മുന്നിൽ 152 റൺസിന്‍റെ വിജയലക്ഷ്യമുയർത്തി. 28 പന്തിൽ 33 റൺസെടുത്ത വിക്കറ്റ് കീപ്പർ ബാറ്റർ ധ്രുവ് ജുറെലാണ് റോയൽസിന്‍റെ ടോപ് സ്കോറർ.

രാജസ്ഥാൻ ടീമിനായി ഇന്നിങ്സ് ഓപൺ ചെയ്ത യശസ്വി ജയ്സ്വാളും സഞ്ജു സാംസണും ചേർന്ന് ആദ്യ വിക്കറ്റിൽ 33 റൺസ് നേടി. നാലാം ഓവറിൽ 13 റൺസ് നേടിയ സഞ്ജുവിന്‍റെ വിക്കറ്റ് നഷ്ടമായി. വൈഭവ് അറോറയുടെ യോർക്കർ ബാൾ അറ്റാക്ക് ചെയ്യാൻ ശ്രമിച്ച സഞ്ജു ക്ലീൻ ബോൾഡാവുകയായിരുന്നു. തകർപ്പനടികളുമായി കളംനിറഞ്ഞ റിയാൻ പരാഗിന് ഏറെനേരം പിടിച്ചുനിൽക്കാനായില്ല. 15 പന്തിൽ 25 റൺസ് നേടിയ താരത്തെ വരുൺ ചക്രവർത്തി വിക്കറ്റ് കീപ്പർ ഡീകോക്കിന്‍റെ കൈകളിലെത്തിച്ചു. തൊട്ടുപിന്നാലെ 29 റൺസ് നേടിയ യശസ്വി ജയ്സ്വാളും കൂടാരം കയറി. ഇതോടെ റോയൽസ് മൂന്നിന് 69 എന്ന നിലയിലായി.

മധ്യനിരയിൽ ജുറേലൊഴികെ മറ്റാർക്കും മികച്ച സ്കോർ കണ്ടെത്താനായില്ല. നിതീഷ് റാണ (എട്ട്), വാനിന്ദു ഹസരംഗ (നാല്), ശുഭം ദുബെ (ഒമ്പത്), ഷിംറോൺ ഹെറ്റ്മയർ (ഏഴ്) എന്നിവർ പാടെ നിരാശപ്പെടുത്തി. വാലറ്റത്ത് ജോഫ്ര ആർച്ചർ (ഏഴ് പന്തിൽ 16) നടത്തിയ മിന്നൽ പ്രഹരമാണ് സ്കോർ 150 കടത്താൻ സഹായിച്ചത്. മഹീത് തീക്ഷണ (ഒന്ന്*), തുഷാർ ദേശ്പാണ്ഡെ (രണ്ട്*) എന്നിവർ പുറത്താകാതെനിന്നു. നൈറ്റ് റൈഡേഴ്സിനായി വൈഭവ് അറോറ, ഹർഷിത് റാണ, മോയീൻ അലി, വരുൺ ചക്രവർത്തി എന്നിവർ രണ്ട് വീതവും സ്പെൻസർ ജോൺസൻ ഒരു വിക്കറ്റും നേടി.

Tags:    
News Summary - rajasthan royals vs kolkata knight riders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.