ഹൈദരാബാദ്: ഏകദിന ലോകകപ്പിനായി ഇന്ത്യയിലെത്തിയ പാകിസ്താൻ താരങ്ങൾക്ക് സംഘാടകർ വിമാനത്താവളത്തിൽ ഒരുക്കിയത് മികച്ച സ്വീകരണം. ബുധനാഴ്ച രാത്രിയാണ് നായകൻ ബാബർ അസമും സംഘവും ഹൈദരാബാദ് രാജീവ് ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ഏഴ് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് പാകിസ്താന്‍ ടീം ഇന്ത്യന്‍ മണ്ണില്‍ കാലുകുത്തുന്നത്.
ബാബറും പേസർ ഷഹീൻ ഷാ അഫ്രീദിയും പുഞ്ചിരിച്ചുകൊണ്ട് നിൽക്കുന്ന ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. വിമാനത്താവളത്തിൽ ലഭിച്ച സ്നേഹത്തിലും പിന്തുണയിലും പാക് താരങ്ങളും ഏറെ സന്തോഷവാന്മാരാണ്. ബാബർ തന്നെ സമൂഹമാധ്യമങ്ങളിലെ ഇക്കാര്യം വെളിപ്പെടുത്തുകയും ചെയ്തു. ഹൈദരാബാദുകാരുടെ സ്നേഹത്തിലും പിന്തുണയിലും ആവേശഭരിതനായി -ബാബർ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. വെള്ളിയാഴ്ച ഹൈദരബാദിൽ ന്യൂസിലൻഡിനെതിരെ പാകിസ്താൻ സന്നാഹ മത്സരം കളിക്കും. സുരക്ഷ കാരണങ്ങളാൽ കാണികൾക്ക് പ്രവേശനം അനുവദിക്കില്ല.
ഒക്ടോബർ മൂന്നിന് ആസ്ട്രേലിയയുമായും സന്നാഹ മത്സരമുണ്ട്. ഒക്ടോബർ ആറിന് നെതർലൻഡ്സിനെതിരെയാണ് ലോകകപ്പിൽ പാകിസ്താന്‍റെ ആദ്യ മത്സരം. 2016ലാണ് അവസാനമായി പാകിസ്താൻ ഇന്ത്യയിൽ വന്നത്. ട്വന്‍റി20 ലോകകപ്പിനായാണ് അന്ന് പാകിസ്താൻ ടീം ഇന്ത്യയിലെത്തിയത്. അന്ന് ഇന്ത്യയില്‍ ലോകകപ്പ് കളിക്കാനെത്തിയ താരങ്ങളാരും ഇന്ന് പാക് ടീമില്‍ അംഗമല്ല. നിലവിൽ ടീമിലുള്ളവരെല്ലാം ആദ്യമായാണ് ഇന്ത്യയിൽ കളിക്കാനെത്തുന്നത്. 2013ലാണ് അവസാനമായി ഇന്ത്യയിൽ പാക് ടീം ഏകദിന പരമ്പര കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.