ആസ്ട്രേലിയക്കെതിരെ രണ്ടാം ഇന്നിങ്സിൽ പാകിസ്താന് കൂട്ടത്തകർച്ച

സിഡ്നി: ആസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്റെ രണ്ടാം ഇന്നിങ്സിൽ പാകിസ്താന് കൂട്ടത്തകർച്ച. മൂന്നാം ദിവസം സ്റ്റമ്പെടുക്കു​മ്പോൾ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 68 റൺസെന്ന ദയനീയ സ്ഥിതിയിലാണവർ. ഒന്നാം ഇന്നിങ്സിൽ 313 റൺസടിച്ച പാകിസ്താനെതിരെ ആസ്ട്രേലിയ 299 റൺസിന് പുറത്തായതോടെ 14 റൺസ് ലീഡ് നേടിയതിന്റെ ആത്മവിശ്വാസത്തിലാണ് സന്ദർശകർ രണ്ടാം ഇന്നിങ്സിനിറങ്ങിയത്. എന്നാൽ, ഓപണർ അബ്ദുല്ല ഷഫീഖ് ആദ്യ ഇന്നിങ്സിലെ പോലെ രണ്ടാം ഇന്നിങ്സിലും പൂജ്യനായി മടങ്ങി. ആറ് പന്ത് നേരിട്ട താരത്തെ മിച്ചൽ സ്റ്റാർക്ക് ബൗൾഡാക്കുകയായിരുന്നു. തുടർന്നെത്തിയ ക്യാപ്റ്റൻ ഷാൻ മസൂദ് നേരിട്ട ആദ്യ പന്തിൽ ത​ന്നെ മടങ്ങി. ഹേസൽവുഡിന്റെ പന്തിൽ വിക്കറ്റ് കീപ്പർ അലക്സ് കാരി പിടികൂടുകയായിരുന്നു. 33 റൺസെടുത്ത സയിം അയൂബ് നഥാൻ ലിയോണിന്റെ പന്തിൽ വിക്കറ്റിന് മുന്നിൽ കുടുങ്ങിയതോടെ പാകിസ്താൻ മൂന്നിന് 58 റൺസെന്ന നിലയിലായി.

പിന്നെയങ്ങോട്ട് കൂട്ടത്തകർച്ചയായിരുന്നു. രണ്ട് റൺസ് കൂടി സ്കോർ ബോർഡിൽ ചേർത്തപ്പോഴേക്കും 23 റൺസെടുത്ത ബാബർ അസം മടങ്ങി. സൗദ് ഷകീൽ രണ്ട് റൺസെടുത്തും സാജിദ് ഖാൻ, ആഗ സൽമാൻ എന്നിവർ റൺസെടുക്കാതെയും തിരിച്ചുകയറിയതോടെ പാകിസ്താൻ ഏഴിന് 67 എന്ന നിലയിലേക്ക് വീഴുകയായിരുന്നു. ആസ്ട്രേലിയക്കായി ജോഷ് ഹേസൽവുഡ് നാലുപേരെ മടക്കിയപ്പോൾ മിച്ചൽ സ്റ്റാർക്ക്, നഥാൻ ലിയോൺ, ട്രാവിസ് ഹെഡ് എന്നിവർ ഓരോ വിക്കറ്റ് നേടി.

രണ്ടാംദിനം വെളിച്ചക്കുറവിനെ തുടർന്ന് നേരത്തെ സ്റ്റമ്പെടുക്കുമ്പോൾ ഡേവിഡ് വാർണറുടെയും (34), ഉസ്മാൻ ഖ്വാജയുടെയും (47) വിക്കറ്റ് നഷ്ടത്തിൽ 116 റൺസെന്ന നിലയിൽനിന്നാണ് ആസ്ട്രേലിയ 299 റൺസിന് പുറത്താകുന്നത്. മാർനസ് ലബൂഷാനെ (60), മിച്ചൽ മാർഷ് (54) എന്നിവരുടെ അർധസെഞ്ച്വറികളാണ് ഓസീസിനെ മുന്നൂറിനോടടുപ്പിച്ചത്. സ്റ്റീവൻ സ്മിത്ത്, അലക്സ് കാരി എന്നിവർ 38 റൺസ് വീതമെടുത്ത് പുറത്തായി. ​ട്രാവിസ് ഹെഡ് (10), പാറ്റ് കമ്മിൻസ് (0), നഥാൻ ലിയോൺ (5), ജോഷ് ഹേസൽവുഡ് (0) മിച്ചൽ സ്റ്റാർക്ക് (പുറത്താകാതെ ഒന്ന്) എന്നിങ്ങനെയായിരുന്നു മറ്റു ബാറ്റർമാരുടെ സംഭാവന.

പാകിസ്താനു വേണ്ടി ആമിർ ജമാൽ ആറ് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആഗ സൽമാൻ രണ്ടും സാജിദ് ഖാൻ, മിർ ഹംസ എന്നിവർ ഓരോന്നും വിക്കറ്റെടുത്തു. 

Tags:    
News Summary - Pakistan collapses in the second innings against Australia

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.