'ധോണിയാവാൻ നോക്കിയതാ, പണിപാളി'; അനായാസ സ്റ്റംപിങ് പാഴാക്കിയ പന്തിന് വിമർശനം -VIDEO

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ അനായാസ സ്റ്റംപിങ് അവസരം പാഴാക്കിയ ഇന്ത്യൻ വിക്കറ്റ് കീപ്പർ റിഷഭ് പന്തിന് സമൂഹമാധ്യമങ്ങളിൽ രൂക്ഷ വിമർശനം. 49ാം ഓവറിൽ ലങ്കൻ വാലറ്റക്കാരൻ മഹീഷ് തീക്ഷണയെ സ്റ്റംപ് ചെയ്ത് പുറത്താക്കാനുള്ള അവസരമാണ് പന്ത് കളഞ്ഞുകുളിച്ചത്. 'ധോണിയാവാൻ നോക്കിയതാ, പണിപാളി' എന്നാണ് പന്തിനെതിരെ ഉയരുന്ന പരിഹാസം.

കുൽദീപ് യാദവാണ് 49ാം ഓവർ എറിയാനെത്തിയത്. ക്രീസിൽ നിന്ന് പുറത്തേക്കിറങ്ങി കൂറ്റനടിക്ക് ലങ്കൻ ബാറ്റർ ശ്രമിക്കുമെന്ന് മനസ്സിലാക്കിയ കുൽദീപ്, അത് ഒഴിവാക്കാനായി പന്തെറിഞ്ഞു. പ്രതീക്ഷിച്ച പോലെ തീക്ഷണ ക്രീസിൽ നിന്നിറങ്ങി ബാറ്റ് വീശി. എന്നാൽ, വിദഗ്ധമായി എറിഞ്ഞ കുൽദീപ് പന്ത് കീപ്പർ പന്തിന്‍റെ കയ്യിലെത്തിച്ചു. പന്തിന്‍റെ കയ്യിൽ പന്ത് എത്തുമ്പോൾ ബാറ്റർ ക്രീസിൽ നിന്ന് ഏറെ അകലെയായിരുന്നു.


പെട്ടെന്ന് തന്നെ ബെയിൽ ഇളക്കി വിക്കറ്റെടുക്കുന്നതിന് പകരം പന്ത് വളരെ പതുക്കെ ബെയിൽ ഇളക്കി. എന്നാൽ, ആ സമയത്തിനകം തീക്ഷണ ക്രീസിൽ ബാറ്റ് വെച്ചിരുന്നു. ഇതോടെ, നൂറ് ശതമാനം ഉറപ്പായിരുന്ന വിക്കറ്റ് ലഭിക്കാതെ വന്നു.


Full View

സ്റ്റംപിങ്ങിൽ മഹേന്ദ്ര സിങ് ധോണിയുടെ ശൈലി അനുകരിച്ചതാണ് പന്തെന്നാണ് സമൂഹമാധ്യമങ്ങളിലെ പ്രധാന വിമർശനം. 'സ്റ്റൈലിഷ്' സ്റ്റംപിങ്ങിന് ശ്രമിച്ച് പണിപാളിയതാണെന്നും പലരും ചൂണ്ടിക്കാട്ടുന്നു. പന്തിനെ പോലെ പരിചയസമ്പന്നനായ ഒരു കീപ്പർ ഇത്തരം ഒരു അബദ്ധം കാട്ടരുതായിരുന്നെന്നും കമന്‍റുകൾ വന്നു. 

ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ വൻ തോൽവിയാണ് നേരിട്ടത്. 249 റൺസ് വിജ‍യലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യയെ ലങ്കൻ ബോളർമാർ 138 റൺസിൽ തളച്ചു. 5.1 ഓവറിൽ 27 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് പിഴുത ദുനിത് വെല്ലാലഗെയാണ് ഇന്ത്യൻ ബാറ്റിങ്നിരയുടെ നടുവൊടിച്ചത്. ക്യാപ്റ്റൻ രോഹിത് ശർമ (35), വിരാട് കോലി (20), റിയാൻ പരാഗ് (15), വാഷിങ്ടൺ സുന്ദർ (30) എന്നിവർക്കു മാത്രമാണ് രണ്ടക്കം കടക്കാനായത്. സ്കോർ: ശ്രീലങ്ക - 50 ഓവറിൽ ഏഴിന് 248, ഇന്ത്യ - 26.1 ഓവറിൽ 138ന് പുറത്ത്. മൂന്ന് മത്സരങ്ങളുടെ പരമ്പര ലങ്ക 3-0ന് സ്വന്തമാക്കി. 

Tags:    
News Summary - Pant misses open chance of stumping social media reacts

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.