ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ഇക്കാലത്ത് ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് മുൻ നായകൻ എം.എസ്. ധോണിയുടെ ഭാവി. ഇന്ത്യയുടെ എക്കാലത്തെയും മികച്ച നായകൻമാരിൽ ഒരാളായ ധോണിയെ വീണ്ടും ഇന്ത്യൻ ജഴ്സിയിൽ കാണാനാകുമെന്നും ഇല്ലെന്നും വാദങ്ങൾ സജീവമാണ്.
എന്നാൽ തൻെറ വിരമിക്കലിനെക്കുറിച്ച് ധോണിക്ക് തന്നെ കൃത്യമായ കണക്കുകൂട്ടലുകൾ ഉണ്ടെന്നാണ് മുൻ ഇന്ത്യൻ താരവും പ്രമുഖ കമേൻററ്ററുമായ സഞ്ജയ് മഞ്ജരേക്കർ പറയുന്നത്.
ഇന്ത്യൻ ടീമിലെ വേഗരാജാവിനെ ഓടിത്തോൽപ്പിക്കാൻ സാധിക്കുന്നിടത്തോളം കാലം താൻ ടീമിൻെറ ഭാഗമായിരിക്കുമെന്ന് ധോണി പറഞ്ഞതായി മഞ്ജരേക്കർ വെളിപ്പെടുത്തി. 2017ൽ ഇന്ത്യൻ നായകൻ വിരാട് കോഹ്ലിയുടെ വിവാഹ സമയത്താണ് ധോണി ഇക്കാര്യം വ്യക്തമാക്കിയതെന്ന് മഞ്ജരേക്കർ വെളിപ്പെടുത്തി.
'കോഹ്ലിയുടെ വിവാഹ സമയത്ത് ഞാൻ ധോണിയുമായി ലഘുസംഭാഷണത്തിൽ ഏർപെട്ടിരുന്നു. ഇന്ത്യൻ ടീമിലെ ഏറ്റവും വേഗമേറിയയാളെ ഓടിത്തോൽപ്പിക്കാൻ സാധിക്കുന്നിടത്തോളം കാലം രാജ്യാന്തര തലത്തിൽ ഉൾപ്പെടെ സജീവ ക്രിക്കറ്റിൽ തുടരാനുള്ള കായികക്ഷമത തനിക്കുണ്ടെന്ന് കണക്കാക്കുമെന്ന് ധോണി അന്ന് പറഞ്ഞു'- മഞ്ജരേക്കർ സ്റ്റാർ സ്പോർട്സുമായി മനസ് തുറന്നു.
വിക്കറ്റിനിടയിലുള്ള ഓട്ടത്തിലും കായികക്ഷമത നിലനിർത്തുന്നതിലും മിടുക്കനായ ധോണിയെ ഇതോടെ കുറച്ചുകാലം കൂടി ടീമിൽ കാണാനാകുമെന്ന ആശ്വാസത്തിലാണ് ആരാധകർ. 2019 ഏകദിന ലോകകപ്പ് സെമിഫൈനലിൽ ന്യൂസിലൻഡിനെതിരെയാണ് ധോണി അവസാനമായി ഇന്ത്യൻ ജഴ്സിയണിഞ്ഞത്.
ഈ വർഷം ഐ.പി.എല്ലിൽ ധോണി മികച്ച പ്രകടനം പുറത്തെടുക്കുമെന്ന് മഞ്ജരേക്കർ പറഞ്ഞു. 'ഈ സീസണിൽ അദ്ദേഹം മികവ് കാണിക്കും. രാജ്യാന്തര ക്രിക്കറ്റിനെ അപേക്ഷിച്ച് ഐ.പി.എല്ലിൽ ബാറ്റ്സ്മാനെന്ന നിലയിൽ അദ്ദേഹം മികച്ച് നിൽക്കാനും സ്ഥിരത പുലർത്താനും കാരണം ടൂർണമെൻറിൽ ആകെ മൂന്നോ നാലോ മികച്ച ബൗളർമാരെ നേരിട്ടാൽ മതിയാകുമെന്ന് ധോണിക്കറിയാം' -മഞ്ജരേക്കർ കൂട്ടിച്ചേർത്തു.
കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തിൽ ഈ സീസൺ ഐ.പി.എൽ യു.എ.ഇയിലാണ് കൊടിയേറാൻ പോകുന്നത്. സെപ്റ്റംബർ 19 മുതൽ നടക്കുന്ന ടൂർണമെൻറിൽ ചെന്നൈ സൂപ്പർ കിങ്സിൻെറ 'തല' ആയി ധോണിയെ മഞ്ഞ ജഴ്സിയിൽ കാണാനാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.