ന്യൂഡൽഹി: ട്വന്റി 20 ലോകകപ്പിൽ വീണ്ടും കിരീടം നേടിയ ഇന്ത്യൻ ക്രിക്കറ്റ് ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഈ മത്സരം ചരിത്രമാണെന്ന് ടീമിന്റെ വിജയത്തിന് പിന്നാലെ മോദി പറഞ്ഞു. ഈ നേട്ടത്തിൽ അഭിമാനമുണ്ടെന്ന പറഞ്ഞ അദ്ദേഹം മികച്ച വിജയം നേടിയ ടീമിനെ രാജ്യത്തെ ജനങ്ങൾക്ക് വേണ്ടി അഭിനന്ദിക്കുകയാണെന്നും കൂട്ടിച്ചേർത്തു.
കളിക്കളത്തിൽ ലോകകപ്പാണ് ഇന്ത്യ ജയിച്ചതെങ്കിലും കോടിക്കണക്കിനാളുകളുടെ ഹൃദയങ്ങൾ കൂടി വിജയിക്കാൻ ടീമിന് സാധിച്ചുവെന്ന് മോദി പറഞ്ഞു. ഒരു കളിപോലും തോൽക്കാതെ ലോകകപ്പ് സ്വന്തമാക്കുന്നത് ചെറിയ നേട്ടമല്ല. ക്രിക്കറ്റ് ലോകത്തിലെ എല്ലാ പ്രഗൽഭരെയും നേരിട്ടാണ് ഇന്ത്യ വിജയം സ്വന്തമാക്കിയത്. ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ അഭിമാനമുണ്ടെന്നും മോദി പറഞ്ഞു.
അവസാന ഓവർ വരെ നീണ്ട ത്രീല്ലർ പോരാട്ടത്തിൽ ദക്ഷിണാഫ്രിക്കയെ ഏഴു റൺസിന് പരാജയപ്പെടുത്തിയാണ് ഇന്ത്യ രണ്ടാം ട്വന്‍റി20 ലോക കിരീടത്തിൽ മുത്തമിട്ടത്. കൈവിട്ട മത്സരം അവസാന ഓവറുകളിൽ ഇന്ത്യൻ പേസർമാർ തിരിച്ചുപിടിക്കുകയായിരുന്നു.ഒരു ഐ.സി.സി കിരീടത്തിനായുള്ള 11 വർഷത്തെ ഇന്ത്യയുടെ കാത്തിരിപ്പാണ് രോഹിത്തും സംഘവും അവസാനിപ്പിച്ചത്.
വിരാട് കോഹ്ലിയുടെ അർധ സെഞ്ച്വറിയുടെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 176 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ ദക്ഷിണാഫ്രിക്കക്ക് എട്ടു വിക്കറ്റ് നഷ്ടത്തിൽ 169 റൺസെടുക്കാനെ കഴിഞ്ഞുള്ളു. 2007ലെ പ്രഥമ ട്വന്‍റി20 ലോകകപ്പിലാണ് ഇന്ത്യ ഇതിനു മുമ്പ് കിരീടം നേടിയത്. 2014ൽ ഫൈനലിലെത്തിയെങ്കിലും ശ്രീലങ്കയോട് തോറ്റു. ഒരു ഐ.സി.സി ലോകകപ്പ് കിരീടത്തിനായി ദക്ഷിണാഫ്രിക്ക ഇനിയും കാത്തിരിക്കണം. കോഹ്ലി ഫൈനലിലെ താരമായും ബുംറ ടൂർണമെന്‍റിലെ താരമായും തെരഞ്ഞെടുക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.