ഇംഗ്ലീഷ് കൗണ്ടി ക്രിക്കറ്റിൽ തകർപ്പൻ ഇരട്ട സെഞ്ച്വറി നേടി ഇന്ത്യൻ യുവതാരം പൃഥ്വി ഷാ. നോർത്താംപ്ടൻഷെയർ താരമായ പൃഥ്വി ഷാ ഇംഗ്ലണ്ട് വൺഡേ കപ്പിൽ സോമർസെറ്റിനെതിരെ 129 പന്തിലാണ് ഇരട്ട ശതകം പൂർത്തിയാക്കിയത്.
ടൂർണമെന്‍റിന്‍റെ ചരിത്രത്തിൽ ഇരട്ട സെഞ്ച്വറി നേടുന്ന മൂന്നാമത്തെ താരമാണ് ഷാ. വൺ ഡേ കപ്പിൽ ഉയർന്ന വ്യക്തിഗത സ്കോറും ഇതോടെ താരത്തിന്‍റെ പേരിലായി. ഒല്ലീ റോബിൺസൺ 2022ൽ എഴുതി ചേർത്ത 206 റൺസാണ് ഇതോടെ പഴങ്കഥയായത്. 153 പന്തിൽ 244 റൺസെടുത്താണ് ഷാ പുറത്തായത്. 11 സിക്സും 28 ഫോറും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. ലിസ്റ്റ് എ ക്രിക്കറ്റിലെ ആറാമത്തെ ഉയർന്ന വ്യക്തിഗത സ്കോർ കൂടിയാണിത്. 81 പന്തിലാണ് താരം ലിസ്റ്റ് എ ക്രിക്കറ്റിലെ ഒമ്പതാം സെഞ്ച്വറി കുറിച്ചത്. പിന്നാലെ 22 പന്തിൽ 150ലെത്തി.
പൃഥ്വി ഷായുടെ ബാറ്റിങ് വെട്ടിക്കെട്ടിന്‍റെ ബലത്തിൽ ആദ്യം ബാറ്റ് ചെയ്ത നോർത്താംപ്ടൻഷെയർ 50 ഓവറിൽ എട്ടു വിക്കറ്റ് നഷ്ടത്തിൽ 415 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ സോമർസെറ്റ് നിലവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ ആറു ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 43 റൺസെടുത്തിട്ടുണ്ട്. ടൂർണമെന്‍റിലെ ആദ്യ മത്സരത്തിൽ പൃഥ്വി ഷാ നാണംകെട്ടാണ് പുറത്തായത്. ഗ്ലോസെസ്റ്റർഷെയറിനെതിരായ മത്സരത്തിൽ പോൾ വാൻ മീകരന്‍റെ പന്തു നേരിടുന്നതിനിടെ താരം ഹിറ്റ് വിക്കറ്റ് ആകുകയായിരുന്നു. ഗ്ലോസെസ്റ്റർഷെയർ ബോളറുടെ ഉയർന്നുപൊങ്ങിയ പന്ത് നേരിടാൻ ശ്രമിച്ച താരത്തിന് നിയന്ത്രണം നഷ്ടമായി വിക്കറ്റിനു മുകളിലേക്കു വീഴുകയായിരുന്നു. 34 പന്തുകൾ നേരിട്ട പൃഥ്വി ഷാ 34 റൺസെടുത്താണ് പുറത്തായത്.
ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റല്‍സ് താരമായിരുന്ന പൃഥ്വി ഷാക്ക് ഫോം കണ്ടെത്താൻ സാധിച്ചിരുന്നില്ല. തുടർന്ന് താരത്തെ പ്ലെയിങ് ഇലവനില്‍നിന്നു മാറ്റിനിർത്തിയിരുന്നു. 2021 ജൂലൈയിൽ ശ്രീലങ്കക്കെതിരായ പരമ്പരയിലാണ് പൃഥ്വി ഷാ അവസാനമായി ഇന്ത്യക്കായി കളിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.