ഒരോവറിൽ ആറു സിക്സ്; ‘യുവരാജ് മോഡൽ’ വെടിക്കെട്ടുമായി യുവതാരം; പിറന്നത് ട്വന്‍റി20യിലെ കൂറ്റൻ സ്കോർ -വിഡിയോ

ന്യൂഡൽഹി: ഡൽഹി പ്രീമിയർ ലീഗ് ട്വന്‍റി20യിൽ ഒരോവറിൽ പിറന്നത് ആറു സിക്സുകൾ. യുവതാരം പ്രിയാൻഷ് ആര്യയാണ് യുവരാജ് മോഡൽ വെടിക്കെട്ടുമായി ആരാധകരെ ആവേശത്തിലാക്കിയത്.

നോർത്ത് ഡൽഹി സ്ട്രൈക്കേഴ്സിനെതിരായ മത്സരത്തിലാണ് സൗത് ഡൽഹി സൂപ്പർസ്റ്റാർസിന്‍റെ താരമായ പ്രിയാൻഷിന്‍റെ വെടിക്കെട്ട് പ്രകടനം. ആദ്യം ബാറ്റ് ചെയ്ത സൂപ്പർസ്റ്റാർസ് 20 ഓവറിൽ അഞ്ചു വിക്കറ്റ് നഷ്ടത്തിൽ നേടിയത് 308 റൺസ്. ട്വന്‍റി20 മത്സരത്തിൽ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന രണ്ടാമത്തെ സ്കോറാണിത്. 2023 ഏഷ്യൻ ഗെയിംസിൽ മംഗോളിയക്കെതിരെ നേപ്പാള്‍ നേടിയ 314 റൺസാണ് ട്വന്‍റി20യിലെ ഏറ്റവും ഉയർന്ന സ്കോർ. കഴിഞ്ഞ ഐ.പി.എല്ലിൽ റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനെതിരെ സൺറൈസേഴ്സ് ഹൈദരാബാദ് 287 റൺസ് നേടിയിരുന്നു.

നായകൻ ആയുഷ് ബദോനി, ഓപ്പണര്‍ പ്രിയാന്‍ഷ് എന്നിവരുടെ സെഞ്ച്വറി പ്രകടനമാണ് ടീമിന്‍റെ സ്കോർ മൂന്നുറ് കടത്തിയത്. ആദ്യം ബാറ്റിങ്ങിനിറങ്ങിയ സൂപ്പർ സ്റ്റാർസ് 13 റൺസെടുത്ത് നില്‍ക്കെ ആദ്യ വിക്കറ്റ് നഷ്ടമായി. 11 പന്തില്‍ 11 റണ്‍സ് നേടിയ സാര്‍ഥക് റായിയെയാണ് നഷ്ടമായത്. പിന്നാലെ ബദോനി ക്രീസിലെത്തിയതോടെയാണ് വെടിക്കെട്ടിന് തിരി കൊളുത്തിയത്. രണ്ടാം വിക്കറ്റില്‍ 286 റണ്‍സിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേര്‍ന്ന് പടുത്തുയര്‍ത്തിയത്. ഇരുവരും ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു. മനൻ ഭരദ്വാജ് എറിഞ്ഞ 12ാം ഓവറിലെ ആറു പന്തുകളിലാണ് പ്രിയാൻഷ് തുടർച്ചയായി സിക്സുകൾ നേടിയത്.

മത്സരത്തിൽ 55 പന്തിൽ 165 റണ്‍സ് നേടിയാണ് ബദോനി പുറത്തായത്. 19 സിക്‌സും എട്ട് ഫോറും നേടിയ താരത്തിന്‍റെ സ്ട്രൈക്ക് റേറ്റ് 300.00 ആണ്. 50 പന്തില്‍ 120 റണ്‍സാണ് പ്രിയാന്‍ഷ് സ്വന്തമാക്കിയത്. പത്ത് വീതം സിക്സും ഫോറും ഉൾപ്പെടുന്നതാണ് താരത്തിന്‍റെ ഇന്നിങ്സ്. സ്ട്രൈക്ക് റേറ്റ് 240. ആഭ്യന്തര ട്വന്‍റി20യിൽ ഒരോവറിൽ ആറു സിക്സുകൾ നേടുന്ന എലീറ്റ് ക്ലബിൽ പ്രിയാൻഷുവും ഇടംനേടി. റോസ് വൈറ്റ്‌ലി (2017), ഹസ്രത്തുള്ള സസായി (2018), ലിയോ കാർട്ടർ (2020) എന്നിവരാണ് മറ്റു താരങ്ങൾ.

യുവരാജ് സിങ്, കീരൺ പൊള്ളാർഡ്, ദീപേന്ദ്ര സിങ് എന്നിവരാണ് അന്താരാഷ്ട്ര ട്വന്‍റി20 ക്രിക്കറ്റിൽ ഒരോവറിൽ ആറു സിക്സുകൾ നേടിയ താരങ്ങൾ. മറുപടി ബാറ്റിങ്ങിൽ നിലവിൽ റിപ്പോർട്ട് ലഭിക്കുമ്പോൾ നോർത് ഡൽഹി സ്ട്രൈക്കേഴ്സ് 17 ഓവറിൽ ഏഴു വിക്കറ്റ് നഷ്ടത്തിൽ 165 റൺസെടുത്തിട്ടുണ്ട്.

ട്വന്‍റി20യിലെ ഏറ്റവുമുയര്‍ന്ന ടീം സ്‌കോര്‍

(റണ്‍സ് - ടീം - എതിരാളികള്‍ - ടൂര്‍ണമെന്റ്/മാച്ച് - റണ്‍സ് - വര്‍ഷം എന്നീ ക്രമത്തില്‍)

314/8 നേപ്പാള്‍ – മംഗോളിയ – ഏഷ്യന്‍ ഗെയിംസ് 2023

308/5 സൗത്ത് ഡല്‍ഹി സൂപ്പര്‍ സ്റ്റാര്‍സ് – നോര്‍ത്ത് ഡല്‍ഹി സ്‌ട്രൈക്കേഴ്‌സ് – ഡല്‍ഹി പ്രീമിയര്‍ ലീഗ് 2024

287/3 സണ്‍റൈസേഴ്‌സ് ഹൈദരാബാദ് – റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു – ഐ.പി.എല്‍ 2024

278/3 അഫ്ഗാനിസ്ഥാന്‍ – അയര്‍ലന്‍ഡ് – ട്വന്‍റി20 പരമ്പര 2019

Tags:    
News Summary - Priyansh Arya Smashes 6 Sixes In An Over During Delhi Premier League 2024 Clash

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.