ഋഷഭ് പന്തില്ല! ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ ഭാവി താരങ്ങളെ പ്രവചിച്ച് അശ്വിൻ

കാൺപുർ: ടെസ്റ്റ് ക്രിക്കറ്റിൽ ഭാവിയിൽ ഇന്ത്യൻ ബാറ്റിങ്ങിന്‍റെ നട്ടെല്ലാകാൻ സാധ്യതയുള്ള യുവതാരങ്ങളെ പ്രവചിച്ച് സ്പിന്നർ രവിചന്ദ്രൻ അശ്വിൻ.

ബംഗ്ലാദേശിനെതിരായ പരമ്പരയിൽ പ്ലയർ ഓഫ് ദി സീരീസ് പുരസ്കാരം നേടി അശ്വിൻ റെക്കോഡ് നേട്ടം സ്വന്തമാക്കിയിരുന്നു. 11ാം തവണയാണ് താരം ടെസ്റ്റ് പരമ്പരയിലെ മികച്ച താരമാകുന്നത്. ഇതോടെ ടെസ്റ്റ് ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ പ്ലെയർ ഓഫ് ദി സീരീസ് പുരസ്കാരം നേടിയ ശ്രീലങ്കൻ സ്പിൻ ഇതിഹാസം മുത്തയ്യ മുരളീധരനൊപ്പമെത്തി. രണ്ടു ടെസ്റ്റുകളടങ്ങിയ പരമ്പരയിൽ ഒരു സെഞ്ച്വറി ഉൾപ്പെടെ അശ്വിൻ 114 റൺസ് നേടുകയും 11 വിക്കറ്റുകൾ വീഴ്ത്തുകയും ചെയ്തു.

ക്രിക്കറ്റിന്‍റെ ദീർഘ ഫോർമാറ്റിൽ യുവതാരങ്ങളായ യശസ്വി ജയ്സ്വാളും ശുഭ്മൻ ഗില്ലും ഭാവിയിൽ ഇന്ത്യയുടെ നട്ടെല്ലാകുമെന്നാണ് അശ്വിൻ പറയുന്നത്. ഇരുവരും ടെസ്റ്റ് കരിയറിന്‍റെ തുടക്കത്തിലാണെന്നും ഇതിനകം തന്നെ കഴിവ് തെളിയിച്ചിട്ടുണ്ടെന്നും 102 ടെസ്റ്റുകളുടെ അനുഭവപരിചയമുള്ള വെറ്ററൻ താരം അശ്വിൻ പറയുന്നു. ‘നോക്കു, യശസ്വി ജയ്സ്വാൾ ഒരു പ്രതിഭ തന്നെയാണ്. താരം അന്താരാഷ്ട്ര കരിയർ ആരംഭിച്ചു, അതുപോലെ ശുഭ്മൻ ഗില്ലും. ഇരുവരും ടെസ്റ്റ് കരിയറിന്‍റെ തുടക്കത്തിലാണ്. എന്നാൽ അവർ ഭാവിയിൽ ഇന്ത്യൻ ടെസ്റ്റ് ടീമിന്‍റെ നട്ടെല്ലും ലോകമറിയുന്ന താരങ്ങളുമാകും’ -അശ്വിൻ മത്സരശേഷം മാധ്യമങ്ങളോട് പ്രതികരിച്ചു.

ബംഗ്ലാദേശിനെതിരെ രണ്ടാം ടെസ്റ്റിലും അനായാസ ജയം നേടിയാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. കാൺപുർ ടെസ്റ്റിൽ ഏഴുവിക്കറ്റിനാണ് രോഹിത് ശർമയുടെയും സംഘത്തിന്‍റെയും ജയം. രണ്ടു ഇന്നിങ്സുകളിലും അർധ സെഞ്ച്വറി നേടിയ യുവ ഓപ്പണർ യശസ്വി ജയ്സ്വാളിന്‍റെ തകർപ്പൻ ബാറ്റിങ്ങാണ് ഇന്ത്യൻ വിജയത്തിൽ നിർണായകമായത്. രണ്ടാം ഇന്നിങ്സിൽ 45 പന്തുകൾ നേരിട്ട താരം 51 റൺസെടുത്തു. നാലു ഇന്നിങ്സുകളിലുമായി 189 റൺസാണ് താരം നേടിയത്. 47.22 ആണ് ശരാശരി. മൂന്നു അർധ സെഞ്ച്വറികളാണ് ഈ 22കാരൻ നേടിയത്. ഗില്ല് നാലു ഇന്നിങ്സുകളിൽ 54.67 ശരാശരിയിൽ 164 റൺസെടുത്തു. ചെന്നൈയിൽ നടന്ന ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിങ്സിൽ 25കാരൻ സെഞ്ച്വറി കുറിച്ചിരുന്നു.

മഴ കാരണം രണ്ടു ദിവസം ഒരു പന്തു പോലും എറിയാൻ സാധിക്കാതിരുന്ന കളിയാണ് വീരോചിതമായ പ്രകടനത്തിലൂടെ ഇന്ത്യ തിരിച്ചുപിടിച്ചത്. സൂപ്പർ താരം വിരാട് കോഹ്ലിയും (37 പന്തിൽ 29) ഋഷഭ് പന്തും (അഞ്ച് പന്തിൽ നാല്) ചേർന്നാണ് ഇന്ത്യയുടെ വിജയ റൺസ് കുറിച്ചത്. രോഹിത് ശർമയും (എട്ട്), ശുഭ്മൻ ഗില്ലുമാണു (ആറ്) പുറത്തായ മറ്റ് ഇന്ത്യൻ ബാറ്റർമാർ. നേരത്തെ, ബംഗ്ലാദേശ് ഒന്നാം ഇന്നിങ്സിൽ 233 റൺസെടുത്ത് പുറത്തായി.

രണ്ടു ദിവസം മഴ പൂർണമായി കൊണ്ടുപോയെങ്കിലും വിജയം ലക്ഷ്യമാക്കി ട്വന്‍റി20 ക്രിക്കറ്റ് കളിച്ച ഇന്ത്യ നാലാം ദിവസം 285 റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. രണ്ടാം ഇന്നിങ്സിൽ ബംഗ്ലാദേശിനെ 146 റൺസിൽ പുറത്താക്കാനായതാണ് ഇന്ത്യയുടെ വിജയം എളുപ്പമാക്കിയത്.

Tags:    
News Summary - R Ashwin Names 'Future Pillars' Of Indian Test Team

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.