രാജ്കോട്ട്: ഇംഗ്ലണ്ടിനെതിരെ രാജ്കോട്ടിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത്തെ ടെസ്റ്റിൽ കളിക്കിടെ പിന്മാറിയ ഇന്ത്യൻ സ്പിന്നർ രവിചന്ദ്രൻ അശ്വിൻ തിരികെ ടീമിനൊപ്പം ചേരും. അശ്വിൻ തിരിച്ചെത്തുമെന്ന് ബി.സി.സി.ഐ വാർത്താക്കുറിപ്പിൽ പറഞ്ഞു. കുടുംബപരമായ കാരണങ്ങളാലാണ് അശ്വിൻ മൂന്നാം ടെസ്റ്റിന്റെ രണ്ടാം ദിനം പൂർത്തിയാക്കിയതിന് പിന്നാലെ നാട്ടിലേക്ക് പുറപ്പെട്ടത്. മത്സരം നിർണായക ഘട്ടത്തിലേക്ക് കടക്കുന്ന സാഹചര്യത്തിലാണ് താരം വീണ്ടും ടീമിനൊപ്പം ചേരുക.
ടെസ്റ്റ് ക്രിക്കറ്റിൽ 500 വിക്കറ്റുകൾ എന്ന നേട്ടം കൊയ്തതിന് പിന്നാലെയാണ് അശ്വിൻ നാട്ടിലേക്ക് മടങ്ങിയിരുന്നത്. അശ്വിന്റെ മാതാവ് അസുഖ ബാധിതയായി ആശുപത്രിയിലാണെന്നാണ് ബി.സി.സി.ഐ വൃത്തങ്ങൾ നൽകുന്ന സൂചന. അശ്വിന്റെ മാതാവിന് പെട്ടെന്ന് സുഖം പ്രാപിക്കട്ടെ എന്ന് ആശംസിച്ച് ബി.സി.സി.ഐ വൈസ് പ്രസിഡന്‍റ് രാജീവ് ശുക്ല എക്സിൽ പോസ്റ്റിട്ടിരുന്നു. ഏറെ വെല്ലുവിളി നിറഞ്ഞ ഈ സമയത്ത് ഇന്ത്യൻ ക്രിക്കറ്റ് കൺട്രോൾ ബോർഡും ടീം ഇന്ത്യയും പൂർണ പിന്തുണയുമായി കൂടെയുണ്ടെന്ന് ബി.സി.സി.ഐ എക്സിൽ കുറിച്ചിരുന്നു.
നാലാം ദിനമായ ഇന്ന് തന്നെ അശ്വിൻ ടീമിനൊപ്പം ചേരുമെന്നാണ് റിപ്പോർട്ടുകൾ. പരമ്പര വിജയികളെ തീരുമാനിക്കുന്ന മത്സരം നിർണായക ഘട്ടത്തിലേക്ക് കടക്കുന്ന പശ്ചാത്തലത്തിലാണ് അശ്വിന്‍റെ തിരിച്ചുവരവ്.
ഒന്നാമിന്നിങ്സിൽ 375 റൺസിന്‍റെ ലീഡുമായി ഇന്ത്യ ബാറ്റിങ് തുടരുകയാണ്. 249ന് മൂന്ന് എന്ന നിലയിലാണ് ഇന്ത്യയിപ്പോൾ. സെഞ്ച്വറി നേടിയ യാശ്വസി ജെയ്സ്വാളും (106), കുൽദീപ് യാദവുമാണ് (27) ക്രീസിലുള്ളത്. സെഞ്ച്വറിക്കരികെ ശുഭ്മാൻ ഗില്ലിന്‍റെ (91) വിക്കറ്റാണ് ഇന്ന് നഷ്ടമായത്.
മത്സരം ഒരു ദിവസം കൂടി ശേഷിക്കെ പരമാവധി റൺസെടുത്ത് ഇന്നിങ്സ് ഡിക്ലയർ ചെയ്യാനാവും ഇന്ത്യൻ നീക്കം. രണ്ടാമിന്നിങ്സിൽ ഇംഗ്ലീഷ് ബാറ്റർമാരെ നേരിടുമ്പോൾ മികച്ച ഫോമിലുള്ള അശ്വിന്‍റെ സാന്നിധ്യം ഇന്ത്യക്ക് മുതൽക്കൂട്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.