കാൺപൂർ: ഇന്ത്യ-ബംഗ്ലാദേശ് രണ്ടാം ടെസ്റ്റ് മത്സരത്തിലും റെക്കോർഡ് വേട്ട തുടർന്ന് ആർ. അശ്വിൻ. ചെന്നൈയിൽ നടന്ന ആദ്യ മത്സരത്തിൽ കളിയിലെ താരമായ അശ്വിൻ രണ്ടാം മത്സരത്തിലും റെക്കോർഡ് വെട്ടിക്കുന്നത് തുടരുകയാണ്. ഏഷ്യൻ മണ്ണിൽ 420 വിക്കറ്റ് നേട്ടമാണ് അശ്വിൻ ഇന്ന് സ്വന്തമാക്കിയത്. ഇതോടെ മുൻ ഇന്ത്യൻ ഇതിഹാസ സ്പിന്നർ അനിൽ കുംബ്ലെയെ അശ്വിൻ മറികടന്നു. ഏഷ്യൻ പിച്ചുകളിൽ ഏറ്റവും കൂടുതൽ വിക്കറ്റ് എടുത്തവരിൽ ഇതിഹാസ താരമായ മുത്തയ്യ മുരളീധരൻ മാത്രമാണ് അശ്വിന് മുന്നിലുള്ളത്.
മുരളിയോടൊപ്പം, രംഗണ ഹെരാത്ത്, ഹർഭജൻ സിങ് എന്നിവരെല്ലാമുള്ള ലിസ്റ്റിലാണ് അശ്വിൻ രണ്ടാം സ്ഥാനത്തുള്ളത്. 612 വിക്കറ്റുകളാണ് മുരളീധരന് എഷ്യൻ രാജ്യങ്ങളായ ഇന്ത്യ, ശ്രീലങ്ക, ബംഗ്ലാദേശ്, പാകിസ്താൻ എന്നിവിടെയായി ടെസ്റ്റ് ക്രിക്കറ്റിലുള്ളത്. 800 വിക്കറ്റുകൾ മുരളീധരൻ തന്‍റെ കരിയറിൽ നേടിയിട്ടുണ്ട്. 523 വിക്കറ്റ് തന്‍റെ ടെസ്റ്റ് ക്രിക്കറ്റ് കരിയറിൽ ഇതുവരെ സ്വന്തമാക്കാൻ അശ്വിന് സാധിച്ചിട്ടുണ്ട്. ഇതിൽ 420 വിക്കറ്റും ഏഷ്യൻ രാജ്യങ്ങളിൽ നിന്നുമാണ് നേടിയിരിക്കുന്നത്. ഇന്ത്യൻ മണ്ണിൽ 370 ടെസ്റ്റ് വിക്കറ്റുകൾ അശ്വിൻ നേടിയിട്ടുണ്ട്. ഇന്ത്യൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ താരവും അശ്വിനാണ്. അനിൽ കുംബ്ലെക്ക് ഇന്ത്യയിൽ 350 വിക്കറ്റുകളുണ്ട്.
ഏഷ്യൻ മണ്ണിൽ ഏറ്റവും കൂടുതൽ ടെസ്റ്റ് വിക്കറ്റ് നേടിയ താരങ്ങൾ;
മുത്തയ്യ മുരളീധരൻ- 612
രവിചന്ദ്രൻ അശ്വിൻ-420
അനിൽ കുംബ്ലെ-419
രംഗണ ഹെരാത്ത്-354
ഹർഭജൻ സിങ്-300
അതേസമയം രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം അവസാനിച്ചപ്പോൾ ബംഗ്ലാദേശ് 107 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലാണ്. മഴ തടസപ്പെടുത്തിയ മത്സരത്തിൽ 35 ഓവർ മാത്രമാണ് ആദ്യ ദിനം എറിഞ്ഞത്. ഓപ്പണർമാരായ സാകിർ ഹസൻ (0), ഷഥ്മൻ ഇസ്ലാം(24), ക്യാപ്റ്റൻ നജ്മുൽ ഹുസൈൻ ഷാന്‍റോ(31) എന്നിവരാണ് പുറത്തായ ബംഗ്ലാദേശ് ബാറ്റർമാർ. 40 റൺസുമായി മോമിനുൽ ഹഖും, ആറ് റൺസുമായി മുഷ്ഫിഖുർ റഹീമുമാണ് നിലവിൽ ക്രീസിലുള്ളത്. ഇന്ത്യക്കായി ആകാശ് ദീപ് രണ്ട് വിക്കറ്റ് നേടിയപ്പോൾ അശ്വിൻ ഒരു വിക്കറ്റും സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.