ഇന്നലെ നടന്ന ഐ.പി.എൽ മത്സരത്തിൽ ചെന്നൈ സൂപ്പർ കിങ്സിനെ റോയൽ ചാലഞ്ചേഴ്സ് ബംഗളൂരു തോൽപ്പിച്ചിരുന്നു. 50 റൺസിനാണ് സി.എസ്.കെയുടെ തട്ടകത്തിൽ ആർ.സി.ബി ജയിച്ച് കയറിയത്. 17 വർഷത്തിന് ശേഷമാണ് ചെന്നൈ സൂപ്പർ കിങ്സിന്‍റെ ഹോം ഗ്രൗണ്ടിൽ ബംഗളൂരു ഒരു മത്സരം വിജയിക്കുന്നത്. ഐ.പി.എൽ പ്രഥമ സീസണിൽ രാഹുൽ ദ്രാവിഡിന്‍റെ കീഴിലാണ് ആർ.സി.ബിയുടെ ചെപ്പോക്കിലെ സി.എസ്.കെക്കെതിരെയുള്ള അവസാന വിജയം. ഇതിന് ശേഷം സി.എസ്.കെക്കെതിരെ എട്ട് മത്സരം ചെപ്പോക്കിൽ കളിച്ച ആർ.സി.ബി എട്ട് മത്സരത്തിലും തോറ്റു.
ദ്രാവിഡിന് ശേഷം അനിൽ കുംബ്ലെ, ഡാനിയൽ വെട്ടോറി എന്നാൽ മറ്റ് ടീമുകൾക്കെതിരെ ആർ.സി.ബി ചെപ്പോക്കിൽ നാല് ജയം സ്വന്തമാക്കിയിട്ടുണ്ട്. ദ്രാവിഡിന് ശേഷം ആർ.സി.ബിയുടെ നായകൻമാരായി എത്തിയ അനിൽ കുംബ്ലെ, ഡാനിയൽ വെട്ടോറി, വിരാട് കോഹ്ലി, ഫാപ് ഡുപ്ലെസിസ് എന്ന സൂപ്പർ നായകൻമാർക്ക് സി.എസ്.കെയെ അവരുടെ നാട്ടിൽ തോൽപ്പിക്കാൻ സാധിച്ചിട്ടില്ല. എന്നാൽ ഈ റെക്കോഡാണ് ഇപ്പോൾ പുതിയ നായകനായ രജത് പാട്ടിദാറിന് നേടാൻ സാധിച്ചിരിക്കുന്നത്. താരത്തെ അഭിനന്ദിക്കാൻ ആരാധകർ മറന്നിട്ടില്ല.
ബംഗളൂരു ഉയർത്തിയ 197 റൺസ് വിജയലക്ഷ്യം പിന്തുടർന്ന സൂപ്പർ കിങ്സിന്റെ ഇന്നിങ്സ് 146ൽ അവസാനിക്കുകയായിരുന്നു. . 41 റൺസ് നേടിയ രചിൻ രവീന്ദ്രയാണ് അവരുടെ ടോപ് സ്കോറർ. അവസാന ഓവറുകളിൽ രവീന്ദ്ര ജഡേജയും എം.എസ്. ധോണിയും വമ്പനടികളുമായി കളം നിറഞ്ഞെങ്കിലും ജയം എത്തിപ്പിടിക്കാവുന്നതിനും ഏറെ അകലെയായിരുന്നു. ജഡേജ 19 പന്തിൽ 25 റൺസുമായി പുറത്തായപ്പോൾ, ധോണി 16 പന്തിൽ 30 റൺസുമായി പുറത്താകാതെനിന്നു. അവസാന ഓവറിൽ ചെപ്പോക്കിനെ ആവേശത്തിലാക്കി രണ്ട് സിക്‌സും മൂന്നു ഫോറും ധോണിയുടെ ബാറ്റിൽനിന്ന് പിറന്നു. ആർ.സി.ബിക്കായി ജോഷ് ഹെയ്‌സൽവുഡ് മൂന്ന് വിക്കറ്റ് നേടി.
രജത് പാട്ടിദാറിൻ്റെ അർധ സെഞ്ച്വറിയുടെ (51) മികവിലാണ് ചെന്നൈ സൂപ്പർ കിങ്സിനു മുന്നിൽ ബംഗളൂരു റോയൽ ചാലഞ്ചേഴ്‌സ് 197 റൺസ് വിജയലക്ഷ്യമുയർത്തിയത്. പാട്ടിദാറിനു പുറമെ ഫിൽ സാൾട്ട് (32), വിരാട് കോഹ്ലി (31), ദേവ്‌ദത്ത് പടിക്കൽ (27) എന്നിവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തതോടെയാണ് ആർ.സി.ബി പൊരുതാവുന്ന സ്കോർ നേടിയത്. നിശ്ചിത 20 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിലാണ് അവർ 196 റൺസടിച്ചത്. സി.എസ്.കെക്കായി അഫ്ഗാൻ താരം നൂർ അഹ്മദ് മൂന്ന് വിക്കറ്റ് സ്വന്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.