മുംബൈ: വാംഖഡെ മൈതാനത്ത് 19കാരൻ പയ്യന്റെ കരുത്തിൽ മുംബൈ ഉയർത്തിയ റൺമല കടക്കാൻ അദ്ഭുതങ്ങൾ കാത്ത് വിദർഭ. രഞ്ജി ട്രോഫി ഫൈനൽ രണ്ടാം ഇന്നിങ്സിൽ മുംബൈ 418 റൺസ് അടിച്ചെടുത്തതോടെ കിരീടം പിടിക്കാൻ വിദർഭക്ക് 538 റൺസ് എന്ന വൻ ടോട്ടൽ കടക്കണം.
അർധ സെഞ്ച്വറികൾ പൂർത്തിയാക്കി ക്യാപ്റ്റൻ അജിങ്ക്യ രഹാനെയും മുശീർ ഖാനും ബാറ്റിങ് തുടങ്ങിയ മൂന്നാം ദിവസം ആദ്യം മടങ്ങിയത് രഹാനെ. 15 റൺസ് മാത്രം അധികം ചേർത്ത് ഹർഷ് ദുബെക്ക് വിക്കറ്റ് സമ്മാനിച്ചായിരുന്നു മടക്കം. പിറകെയെത്തിയ ശ്രേയസ് അയ്യർ മുശീറിന് കൂട്ടായെത്തിയപ്പോൾ കളിയും സ്കോറിങ്ങും വേഗം കൂടി. സ്പിന്നർമാരെ കണക്കിനു പറത്തി അയ്യരും കരുതലോടെ ബാറ്റുവീശി മുശീറും ബാറ്റിങ് നയിച്ചപ്പോൾ വിദർഭ ബൗളിങ് ലക്ഷ്യം കാണാതെ ഉഴറി.
ബാറ്റിങ്ങിനെ തുണക്കുന്ന പിച്ചിന്റെ ആനുകൂല്യം ബാറ്റർമാർ ശരിക്കും അവസരമാക്കുന്നതായിരുന്നു കാഴ്ച. 111 പന്ത് മാത്രം നേരിട്ട് ശ്രേയസ് അയ്യർ 95 റൺസ് അടിച്ചെടുത്തു. നാലാം വിക്കറ്റിൽ ഇരവരും ചേർന്നുള്ള കൂട്ടുകെട്ടിൽ പിറന്നത് 158 റൺസ്. സിക്സ് പറത്തി സെഞ്ച്വറി കടക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അയ്യർക്ക് മടക്കം. മൂന്നിന് 332 റണ്ണിൽനിന്ന ടീം പക്ഷേ, പിന്നീട് ഹാർദിക് ടമോർ, മുശീർ, ഷാർദുൽ താക്കൂർ എന്നിവരുടെ വിക്കറ്റുകൾ അതിവേഗം നഷ്ടപ്പെടുത്തി. ഏഴിന് 357ൽനിന്ന ടീം പക്ഷേ, വാലറ്റത്തെ കരുത്താക്കി ഇന്നിങ്സ് കൂടുതൽ വിപുലമാക്കി. ഷംസ് മുലാനിയും അർധ സെഞ്ച്വറി കടന്നു. വിദർഭ ബൗളിങ്ങിൽ യാഷ് താക്കൂർ, ഹർഷ് ദുബെ എന്നിവർ നാലു വീതം വിക്കറ്റുകൾ വീഴ്ത്തി. മൂന്നാം ദിനം കളി നിർത്തുമ്പോൾ രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ വിദർഭ വിക്കറ്റ് നഷ്ടപ്പെടാതെ 10 റൺസ് എന്ന നിലയിലാണ്.
മുംബൈ: ഇഷ്ട ഗ്രൗണ്ടിൽ സചിൻ ടെണ്ടുൽകർ എന്ന ഇതിഹാസത്തെ സാക്ഷിനിർത്തി അദ്ദേഹത്തിന്റെ പേരിലുള്ള റെക്കോഡ് സ്വന്തമാക്കി മുശീർ ഖാൻ. രഞ്ജി ഫൈനലിൽ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡാണ് മുശീർ ഖാൻ സ്വന്തമാക്കിയത്. ഇന്ത്യൻ താരം സർഫറാസ് ഖാന്റെ ഇളയ സഹോദരൻ കൂടിയായ മുശീർ ഖാന് 19 വയസ്സും 14 ദിവസവുമാണ് പ്രായം. 29 വർഷം സചിന്റെ പേരിലിരുന്ന റെക്കോഡിനാണ് പുതിയ അവകാശിയെത്തിയത്. 51 റൺസുമായി മൂന്നാം ദിവസം കളി തുടങ്ങിയ മുശീർ ഖാന്റെ രണ്ടാം ഫസ്റ്റ് ക്ലാസ് സെഞ്ച്വറിയാണ്. ഇന്ത്യൻ ക്രിക്കറ്റിൽ വലിയ വരവറിയിച്ച് താരം മടങ്ങുമ്പോൾ 136 റൺസായിരുന്നു സമ്പാദ്യം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.