തിരുവനന്തപുരം: ജലജ് സക്സേനയുടെ മാന്ത്രിക സ്പിന്നിൽ കറങ്ങി വീണ ‘സൈനികരെ’ 204 റൺസിന് തോൽപിച്ച് രഞ്ജി ട്രോഫിയിൽ കേരളം നില മെച്ചപ്പെടുത്തി. 341 റൺസിന്‍റെ വിജയലക്ഷ്യം പിന്തുടർന്ന സർവിസസിന് 136 റൺസ് മാത്രമേ നേടാനായുള്ളൂ. ജയത്തോടെ എലൈറ്റ് സി ഗ്രൂപ്പിൽ 19 പോയന്‍റുമായി കേരളം രണ്ടാംസ്ഥാനത്തേക്കുയർന്നു. 26 പോയന്‍റോടെ കർണാടകയാണ് ഗ്രൂപ്പിൽ മുന്നിൽ.
ആദ്യ ഇന്നിങ്സിൽ 159ഉം തുടർന്ന് 93ഉം റൺസ് നേടിയ സച്ചിൻ ബേബിയാണ് മാൻ ഓഫ് ദ മാച്ച്. 15.4 ഓവർ ബൗൾ ചെയ്ത് 36 റൺസ് വഴങ്ങി എട്ട് വിക്കറ്റുകൾ പിഴുത ഓൾറൗണ്ടർ ജലജ് സക്സേനയുടെ മികവാണ് മികച്ച ജയം സമ്മാനിച്ചത്. സ്കോർ: കേരളം 327, ഏഴിന് 242 ഡിക്ല. സർവീസസ് 229, 136. ആദ്യ ഇന്നിങ്സിൽ മൂന്ന് വിക്കറ്റ് നേടിയ സക്സേന 11 വിക്കറ്റ് ഉൾപ്പെടെ 400 വിക്കറ്റ് നേട്ടം കൈവരിക്കുന്ന താരങ്ങളുടെ പട്ടികയിൽ ഇടംനേടി. സച്ചിൻ ബേബി 4000 റൺസ് ക്ലബിലും സ്ഥാനംപിടിച്ചു. ആദ്യ ഇന്നിങ്സിൽ 327 റൺസ് നേടിയ കേരളം സർവിസസിനെ 229 റൺസിന് പുറത്താക്കിയിരുന്നു. 98 റൺസിന്‍റെ ഒന്നാമിന്നിങ്സ് ലീഡുമായി ഇറങ്ങിയ കേരളം ഏഴ് വിക്കറ്റിന് 242 റൺസ് നേടി ഡിക്ലയർ ചെയ്താണ് 341 റൺസിന്‍റെ ലക്ഷ്യം മുന്നിൽ വെച്ചത്.
അവസാനദിവസം വിക്കറ്റ് നഷ്ടപ്പെടാതെ 20 റൺസെന്ന സ്കോറിൽ മത്സരം ആരംഭിച്ച സന്ദർശകർക്കായി ഓപണർമാരായ എസ്.ജി. റോഹിളയും സുഫിയൻ ആലമും നല്ല ചെറുത്തുനിൽപ്പാണ് നടത്തിയത്. മത്സരം സമനിലയിലാക്കുകയായിരുന്നു അവരുടെ ലക്ഷ്യം. എന്നാൽ സ്കോർ 61ൽ എത്തിയപ്പോൾ 28 റൺസെടുത്ത റോഹിളയെ പുറത്താക്കി വൈശാഖ് ചന്ദ്രൻ കേരളത്തിന്‍റെ വരുതിയിലേക്ക് മത്സരം കൊണ്ടുവന്നു. പിന്നീട് ജലജ് സക്സേനയുടെ വേട്ട തുടങ്ങി. 80ൽ ഏഴ് റൺസെടുത്ത രവി ചൗഹാനെയും 98ൽ ഏഴ് റൺസെടുത്ത രാഹുൽസിങ് ഗഹ്ലോട്ടിനെയും റണ്ണൊന്നും നേടുംമുമ്പ് ക്യാപ്റ്റൻ രജത് പളിവാളിനെയും ജലജ് പുറത്താക്കി. പിന്നാലെ 52 റൺസെടുത്ത സുഫിയാനെ റണ്ണൗട്ടാക്കി ജലജ് കേരളത്തിന്‍റെ ജയം ഉറപ്പിച്ചു.
18 റൺസെടുത്ത പി.എസ്. പൂനിയ മാത്രമാണ് സർവിസസ് നിരയിൽനിന്ന് പിന്നെ രണ്ടക്കം കണ്ടത്. ഈമാസം 17 മുതൽ 20 വരെ തുമ്പ സെന്‍റ് സേവ്യേഴ്സ് ഗ്രൗണ്ടിI കർണാടകയുമായാണ് കേരളത്തിന്റെ അടുത്ത മത്സരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.