രാജ്കോട്ട്: രോഹൻ കുന്നുമ്മലിന് പിറകെ വിഷ്ണു വിനോദും സെഞ്ച്വറി നേടിയതോടെ രഞ്ജി ട്രോഫി എലീറ്റ് എ ഗ്രൂപ്പിൽ ഗുജറാത്തിനെതിരായ മത്സരത്തിൽ കേരളത്തിന് നിർണായകമായ ഒന്നാമിന്നിങ്സ് ലീഡ്. ആദ്യം ബാറ്റുചെയ്ത് 388 റൺസെടുത്ത ഗുജറാത്തിനെതിരെ 439 റൺസ് സ്കോർ ചെയ്ത കേരളം 51 റൺസ് ലീഡ് നേടി.
രണ്ടാം ഇന്നിങ്സിനിറങ്ങിയ ഗുജറാത്തിന്റെ അഞ്ചു വിക്കറ്റുകൾ 128 റൺസിനിടെ വീഴ്ത്തി മൂന്നാം ദിവസം അവസാനിക്കുമ്പോൾ കേരളം വ്യക്തമായ മുൻതൂക്കം നേടുകയും ചെയ്തു. അവസാന ദിവസമായ ഇന്ന് കളി പുനരാരംഭിക്കുമ്പോൾ അഞ്ചു വിക്കറ്റ് ശേഷിക്കെ 77 റൺസ് മാത്രം മുന്നിലാണ് ഗുജറാത്ത്. എതിരാളികളെ വേഗത്തിൽ ഓൾഔട്ടാക്കി വിജയത്തിലേക്ക് ബാറ്റുവീശാനാവും കേരളത്തിന്റെ ശ്രമം. നാലിന് 277 എന്ന നിലയിൽ മൂന്നാം ദിവസം ബാറ്റിങ് തുടങ്ങിയ കേരളത്തിന് വിഷ്ണു വിനോദിന്റെ 113 റൺസാണ് കരുത്തായത്. ഒപ്പം ക്രീസിലുണ്ടായിരുന്ന വത്സൽ ഗോവിന്ദിനെ (25) ഒരറ്റത്ത് നിർത്തി വിഷ്ണു നടത്തിയ ആക്രമണമാണ് കേരളത്തെ ലീഡിലേക്ക് അടുപ്പിച്ചത്.
എന്നാൽ, വത്സൽ, സൽമാൻ നിസാർ (6), സിജോമോൻ ജോസഫ് (4) എന്നിവർ അടുത്തടുത്ത് പുറത്തായതോടെ കേരളം പരുങ്ങിയെങ്കിലും ബേസിൽ തമ്പിയെയും (15) ഏദൻ ആപ്പിൾ ടോമിനെയും (16) കൂട്ടുപിടിച്ച് വിഷ്ണു സ്കോർ 439ലെത്തിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.