രഞ്ജി: 725 റൺസ് ജയം; ചരിത്രം കുറിച്ച് മുംബൈ

ബംഗളൂരു: രഞ്ജി ട്രോഫി ക്വാർട്ടർ ഫൈനൽ പോരാട്ടങ്ങൾ റെക്കോഡ് കലവറയാകുന്നത് തുടരുന്നു. കഴിഞ്ഞ ദിവസം ഒമ്പത് ബംഗാൾ ബാറ്റർമാർ അർധസെഞ്ച്വറി നേടി ചരിത്രത്തിലിടം നേടിയെങ്കിൽ വ്യാഴാഴ്ച മുംബൈ കുറിച്ചത് വിജയ മാർജിനിലെ പുതിയ ഉയരം. ഉത്തരാഖണ്ഡിനെതിരെ 725 റൺസിന്റെ വിജയം കൊയ്തതോടെ മുംബൈ റൺസടിസ്ഥാനത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന ജയത്തിന്റെ റെക്കോഡാണ് സ്വന്തമാക്കിയത്. 1929-30 കാലഘട്ടത്തിൽ ക്വീനസ്‍ലൻഡിനെതിരെ ന്യൂ സൗത്ത് വെയിൽസ് നേടിയ 685 റൺസിന്റെ റെക്കോഡ് പഴങ്കഥയായി. സ്കോർ മുംബൈ: എട്ടിന് 647, മൂന്നിന് 261. ഉത്തരാഖണ്ഡ് 114, 69. അരങ്ങേറ്റ ഇരട്ട ശതകം സ്വന്തമാക്കിയ സുവേദ് പാർക്കറാണ് കളിയിലെ താരം. രഞ്ജി ട്രോഫിയിൽ ഏറെ പ്രതാപമുള്ള ടീമായ മുംബൈ ഇത്തവണ ക്വാർട്ടർ ഫൈനലിലേക്ക് കടന്നുകൂടുകയായിരുന്നു. എന്നാൽ, നോക്കൗട്ട് ഘട്ടത്തിൽ ഉഗ്രരൂപം പ്രകടമാക്കിയ ടീം ഉത്തരാഖണ്ഡിനെ അക്ഷരാർഥത്തിൽ നിലംതൊടാൻ അനുവദിച്ചില്ല. ബാറ്റിങ്ങിലും ബൗളിങ്ങിലും ഉത്തരാഖണ്ഡ് ദയനീയമായി പരാജയപ്പെട്ടു.

പൂർത്തിയായ മറ്റൊരു ക്വാർട്ടറിൽ മധ്യപ്രദേശ് പഞ്ചാബിനെ 10 വിക്കറ്റിന് തകർത്തു. സകോർ പഞ്ചാബ് 219, 203. മധ്യപ്രദേശ് 397, 26/0

ഒന്നാം ഇന്നിങ്സിൽ സെഞ്ച്വറി നേടിയ മധ്യപ്രദേശ് ബാറ്റർ ശുഭം ശർമയാണ് മാൻ ഓഫ് ദ മാച്ച്. ഝാർഖണ്ഡ് ബംഗാൾ മത്സരത്തിൽ ബംഗാളിന് 551 റൺസിന്റെ ലീഡായി. ബംഗാൾ ഉയർത്തിയ 773 റൺസെന്ന പടുകൂറ്റൻ സ്കോർ പിന്തുടർന്ന ഝാർഖണ്ഡിന്റെ ഒന്നാമിന്നിങ്സ് 298 റൺസിൽ അവസാനിച്ചു.

രണ്ടാം ഇന്നിങ്സ് ബാറ്റിങ് തുടങ്ങിയ മുംബൈ മൂന്നിന് 76 എന്ന നിലയിലാണ്. മത്സരമവസാനിക്കാൻ ഒരു ദിവസം മാത്രം ശേഷിക്കെ ഫലമുണ്ടായില്ലെങ്കിൽപോലും ഒന്നാം ഇന്നിങ്സ് ലീഡിന്റെ ബലത്തിൽ ബംഗാൾ സെമി ഫൈനലിലെത്തുമെന്നുറപ്പായി.

Tags:    
News Summary - Ranji Trophy: Mumbai Defeat Uttarakhand By 725 Runs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.